23 July 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 21, 2024
July 21, 2024
July 18, 2024
July 17, 2024
July 17, 2024
July 17, 2024
July 17, 2024
July 14, 2024
July 13, 2024
July 10, 2024

സുപ്രധാന പാർലമെന്ററി കമ്മിറ്റികളിൽ പ്രതിപക്ഷത്തെ പൂർണ്ണമായും തഴഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
October 5, 2022 11:18 am

ആഭ്യന്തരവും ഐടിയുമടക്കമുള്ള സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവകളില്‍ ഒന്നില്‍ പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് പാര്‍ലമെന്ററി സമിതികളെ പുന:സംഘടിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സുപ്രധാന പാര്‍ലമെന്റി സമിതികളായ ആഭ്യന്തരം, ധനകാര്യം, ഐടി, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം എന്നീ പാര്‍ലമെന്ററി സമിതികളെ പുന:സംഘടിപ്പിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനേയും രണ്ടാമത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനേയും പാടെ അവഗണിച്ചു.

ക്രൂരമായ നടപടിയെന്നും ഏകാധിപത്യത്തിലേക്കുള്ള നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു. ആഭ്യന്തര പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എംപി മനു അഭിഷേക് സിങ്‌വിയെ മാറ്റി ബിജെപി എംപിയും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ ബ്രിജ് ലാലിനെ നിയമിച്ചു. മുമ്പ് ആനന്ദ് ശര്‍മയായിരുന്നു ഈ സമിതിയുടെ അധ്യക്ഷന്‍. കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിനെ പാര്‍ലമെന്ററി ഐടി സമിതിയുടെ തലപ്പത്ത് നിന്ന് നീക്കി. പകരം ഏക്‌നാഥ് ഷിന്ദേ പക്ഷത്തുള്ള ശിവസേന എംപി പ്രതാപ്‌റാവു ജാദവിനെ നിയമിച്ചു. ഈ സമിതിയുടെ ചെയര്‍മാനായിരിക്കെ തരൂര്‍ ഭരണകക്ഷി എംപിമാര്‍ അദ്ദേഹത്തിന്റെ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ പലതവണ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ‘ലോക്‌സഭയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിക്ക് ഒരു ചെയര്‍മാന്‍ പദവി പോലുമില്ല. രണ്ടമത്തെ വലിയ പാര്‍ട്ടിയുടെ ഉള്ള രണ്ട് പദവികളും എടുത്ത് കളഞ്ഞു, ഇതാണ് പുതിയ ഇന്ത്യയുടെ യാഥാര്‍ഥ്യം’ തൃണമൂല്‍ രാജ്യസഭാ നേതാവ് ഡെറെക് ഒബ്രിയാന്‍ പറഞ്ഞു. ഇതാണ് മോഡി ഇന്ത്യയെന്ന് തൃണമൂല്‍ നേതാവിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശും ട്വീറ്റ് ചെയ്തു. അതേ സമയം ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച സമിതിയുടെ ചെയര്‍പേഴ്സണായി ജയറാം രമേശിനെ വീണ്ടും നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് നിലവിലുള്ള ഏക പാര്‍ലമെന്ററി സമിതി അധ്യക്ഷ പദവിയാണിത്.

വാണിജ്യകാര്യ സമിതി സംബന്ധിച്ച് പുതിയ പട്ടികയില്‍ പരാമര്‍ശമില്ല. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 53 ഉം രാജ്യസഭയില്‍ 31 ഉം എംപിമാരാണ് ഉള്ളത്. തൃണമൂലിന് ലോക്‌സഭയില്‍ 23 ഉം രാജ്യസഭയില്‍ 13 എംപിമാരുണ്ട്. അതേ സമയം ലോക്‌സഭയില്‍ 24 ഉം രാജ്യസഭയിലും പത്തും എംപിമാരുള്ള ഡിഎംകെയ്ക്ക് നിലവില്‍ രണ്ട് സമിതികളുടെ അധ്യക്ഷ പദവികളുണ്ട്. തിരുച്ചി ശിവ വ്യവസായ സമിതിയുടേയും കനിമൊഴി ഗ്രാമവികസന-പഞ്ചായത്ത് രാജ് സമിതിയുടേയും തലപ്പത്തുള്ളവരാണ്. സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവിനെ മാറ്റി ആരോഗ്യ‑കുടുംബ ക്ഷേമ സമിതിയുടെ ചെയര്‍മാനായി ബിജെപി രാജ്യസഭാ എംപി ഭുവനേശ്വര്‍ കലിതയേയും നിയമിച്ചു. ഭക്ഷ്യ വിഭവങ്ങളുമായി സംബന്ധിച്ച പാനലിന്റെ അധ്യക്ഷയായി ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി വരും. 

വിദ്യാഭ്യാസം, സ്ത്രീകള്‍, കുട്ടികള്‍, യുവജനങ്ങള്‍, കായികം എന്നീ വിഷയങ്ങളില്‍ അവരുടെ പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ വിവേക് ഠാക്കൂറും അധ്യക്ഷനാകും. ഭവന-നഗരകാര്യ സമിതിയെ നയിക്കാന്‍ ജഗദാംബിക പാലിനെ ഒഴിവാക്കി ജെഡിയുവിന്റെ രാജീവ് രഞ്ജന്‍ ലാലന്‍ സിങിനെ നിയമിച്ചു. ഊര്‍ജ സമിതിയുടെ അധ്യക്ഷ പദം ജഗദാംബിക പാലിന് നല്‍കുകയും ചെയ്തു. ബിജെപി നേതാക്കള്‍ തലപ്പത്തുള്ള പാനലുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ജയന്ത് സിന്‍ഹ ധനകാര്യ സമിതിയുടെയും ജുവല്‍ ഓറം പ്രതിരോധ സമിതിയുടെയും പി പി ചൗധരി വിദേശകാര്യ സമിതിയുടെയും തലവനായി തുടരും. മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി പേഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ്, നിയമം, നീതി എന്നിവ സംബന്ധിച്ച സമിതിയുടെ അധ്യക്ഷനാവും.

Eng­lish Summary:
The oppo­si­tion was com­plete­ly side­lined in impor­tant par­lia­men­tary committees

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.