ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടാൻ പ്രമേയമവതരിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിയമസഭ വോട്ടിനിട്ട് തള്ളി. കഴിഞ്ഞ ദിവസം ചേർന്ന കാര്യോപദേശകസമിതി യോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഇതുസംബന്ധിച്ച പ്രമേയം പരിഗണിക്കാൻ സമയമനുവദിക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. സമിതി തീരുമാനം മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്യുമ്പോഴാണ്, വിഷയം വീണ്ടും കാര്യോപദേശകസമിതിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഉപക്ഷേപമുന്നയിച്ചത്. ഇതാണ് തള്ളിയത്.
കഴിഞ്ഞ കാര്യോപദേശകസമിതിയുടെ തീരുമാനമടങ്ങിയ റിപ്പോർട്ടും സഭ വോട്ടിനിട്ട് പാസ്സാക്കി. ഗവർണ്ണറോടുള്ള നിലപാടിൽ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ഇരട്ടമുഖമാണ് വെളിവാകുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. സർക്കാരിന് ഇരട്ടമുഖമില്ലെന്നും ഒറ്റ നിലപാടേ ഉള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഗവർണർ പദവി ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിച്ച പ്രതിപക്ഷവും പ്രതിപക്ഷനേതാവുമാണ് ഇവിടെയുള്ളത്. സർക്കാർ അംഗീകരിച്ച ഓർഡിനൻസ് ഒപ്പിടരുതെന്ന് പറഞ്ഞത് പ്രതിപക്ഷനേതാവല്ലേ, മുഖ്യമന്ത്രി ചോദിച്ചു.
you may also like this video;
ഗവർണറുടെ പ്രവർത്തി ആട് അങ്ങാടിയിലിറങ്ങിയത് പോലെയാണെന്നും കണ്ട ഇലയെല്ലാം കടിക്കുകയാണെന്നും ഉപക്ഷേപത്തെ പിന്തുണച്ച പി ടി തോമസ് കുറ്റപ്പെടുത്തി. നിയമസഭയെ അവഹേളിക്കുക വഴി യഥാർത്ഥത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളെയുമാണ് ഗവർണർ അവഹേളിച്ചതെന്ന് എം. കെ. മുനീർ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വക്താവ് എന്ന നിലയിൽ ഗവർണർ ഇവിടെ നടത്തിയ പരസ്യപ്രതികരണങ്ങളൊന്നും ആരും അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭ പാസ്സാക്കിയ പ്രമേയത്തെ അദ്ദേഹം തള്ളിപ്പറഞ്ഞതും അംഗീകരിക്കുന്നില്ല. ഇക്കാര്യത്തിൽ സ്പീക്കർ തന്നെ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 2001ൽ സുഖ്ദേവ് സിംഗ് കാംഗ് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കാതിരുന്നപ്പോൾ നിങ്ങൾ എന്ത് നിലപാടെടുത്തു?
ജസ്റ്റിസ് സദാശിവം ഒരു ഭാഗം വായിക്കാതെ വിട്ടപ്പോഴും ഒന്നും ചെയ്തിട്ടില്ല. ഗവർണറുടെ അഭിപ്രായപ്രകടനങ്ങൾക്ക് തിരിച്ച് അഭിപ്രായം പറഞ്ഞുതന്നെ നിറുത്തുന്നു. അതിനപ്പുറത്തേക്ക് കടന്ന് പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനീക്കത്തിനെതിരെ ഭരണപക്ഷം നിലകൊണ്ടെങ്കിലും ഗവർണറെ തുണയ്ക്കേണ്ടിയിരുന്ന ഏക ബി ജെ പി അംഗം ഒ. രാജഗോപാൽ സഭയിലുണ്ടായില്ല. പി സി ജോർജ് നിഷ്പക്ഷത പാലിച്ചു.
English Summary: The Opposition’s demand the governor should be recalled was rejected by the Assembly.