ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ഡോക്ടറാണെന്ന് നടിച്ച് ഒടി ടെക്‌നീഷ്യനാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ യുപി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബന്‍സാഗാവിലെ ശ്രീ ഗോവിന്ദ് ആശുപത്രി പോലീസ് ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. വ്യാജ ടെക്‌നീഷ്യനെയും മകനെയും ഇതുമായി ബന്ധപ്പെട്ട ആശ വര്‍ക്കറെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 27‑നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. യുവതിക്ക് പെട്ടെന്ന് പ്രവസവേദന വന്നതോടെ പ്രാദേശിക ആശാ വര്‍ക്കറായ ഗംഗോത്രി ദേവി ശ്രീ ഗോവിന്ദ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ ശേഷം ഉടമകളായ അമരീഷ് റായിയും ഭാര്യ സാന്നോയുമാണ് യുവതിക്ക് അടിയന്തര സി-സെക്ഷന്‍ ആവശ്യമാണെന്ന് പറഞ്ഞത്. കുഞ്ഞ് ബ്രീച്ച് പൊസിഷനില്‍ ആണെന്ന് പറഞ്ഞായിരുന്നു ഇവര്‍ സി-സെക്ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടത്. ഭാര്യയുടെ ജീവന്‍ രക്ഷിക്കാനായി ഇതിന് സമ്മതിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് ദിനേശ് ചൗരസ്യ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഡോക്ടറാണെന്ന് നടിച്ച് ഒടി ടെക്‌നീഷ്യനാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് പെട്ടെന്ന് കുറഞ്ഞതാണ് യുവതിയുടെ മരണ കാരണം. ഏപ്രില്‍ 28 തിങ്കളാഴ്ചയാണ് യുവതി മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.