ഭക്ത ലക്ഷങ്ങൾ ആറ്റുകാലിൽ പൊങ്കാലയർപ്പിച്ച് മടങ്ങി. ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. ഇന്ന് രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
ഇത്തവണ തലസ്ഥാന നഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്കാണ് ദൃശ്യമായത്. പത്ത് കിലോമീറ്ററോളം ചുറ്റളവിലാണ് പൊങ്കാല അടുപ്പുകൾ നിരന്നത്. കേരളത്തിന്റെ പല ജില്ലകിൽ നിന്നായി സ്ത്രീകൾ പൊങ്കാലയർപ്പിക്കാനെത്തി. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരുന്നത്. വിപുലമായ സൗകര്യങ്ങളാണ് റെയിൽവേയും കെഎസ്ആർടിസിയും ഒരുക്കിയത്.
കടുത്ത വേനലായതുകൊണ്ട് തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം 3 മണിമുതല്‍ ആരംഭിക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനായി നഗരസഭ ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 3204 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ചുടുകല്ലുകള്‍ അതിദാരിദ്യ്ര/ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുന്നതിന് നഗരസഭ തീരുമാനിച്ചിട്ടുണ്ട്. പൊങ്കാല ഉപയോഗശേഷം ചുടുകട്ടകള്‍ കേടുപാട് സംഭവിക്കാത്ത തരത്തില്‍ അതാത് സ്ഥലങ്ങളില്‍ സുരക്ഷിതമായി മാറ്റിവയ്ക്കണമെന്ന് മേയർ ആവശ്യപ്പെട്ടു.
ഫോട്ടോ; രാജേഷ് രാജേന്ദ്രന്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.