അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യത്തിന്റെ അതിക്രമം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു ഗ്രാമത്തെ അപ്പാടെ തകർത്തെറിഞ്ഞ സൈനികാതിക്രമം ഉണ്ടായത്. ജോർദാൻ താഴ്വരയുടെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഖിർബെറ്റ് ഹംസ ഗ്രാമത്തിൽ കടന്നു കയറിയ ഇസ്രയേൽ സേന ബുൾഡോസറും മണ്ണുമാന്ത്രിയന്ത്രവും ഉപയോഗിച്ച് അവിടെ താമസിച്ചിരുന്നവരുടെ വീടുകൾ തകർക്കുകയായിരുന്നു. വെസ്റ്റ് ബാങ്കിൽ താമസിച്ചിരുന്ന 41 കുട്ടികളുൾപ്പെടെ 80 പലസ്തീൻകാർക്കാണ് വീടുവിട്ടിറങ്ങേണ്ടിവന്നത്. 11 വീടുകൾ, 18 താൽക്കാലിക ഷെഡുകൾ തുടങ്ങിയവയെല്ലാം വീണ്ടും ഉപയോഗിക്കാൻ സാധിക്കാത്തവിധം സൈന്യം നശിപ്പിച്ചു.
ഇസ്രയേൽ സൈനികാഭ്യാസത്തിനായി ഉപയോഗപ്പെടുത്താൻ ഉദ്ദേശിച്ച സ്ഥലത്ത് അനധികൃതമായി താമസിക്കുന്നുണ്ടെന്ന കാരണം കാണിച്ചാണ് നടപടി. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രയേൽ അനധികൃതമായി അധിനിവേശം നടത്തി ലക്ഷക്കണക്കിനു പലസ്തീനികളെ ഇതിനു മുൻപും ഒഴിപ്പിച്ചിട്ടുണ്ട്.
എന്നാൽ 1967 മുതൽക്കെ തങ്ങൾ അവിടത്തെ താമസക്കാരായിരുന്നുവെന്നും കന്നുകാലികളും കൃഷിയുമായിരുന്നു തങ്ങളുടെ വരുമാന മർഗമെന്നും കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമവാസികൾ പറയുന്നു. ഇസ്രയേൽ സേനയുടെ നടപടി യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നെന്നും ഗ്രാമവാസികൾ പറഞ്ഞു. ഖിർബത്ത് ഹംസയിലെ പൗരന്മാരെയും സമാനമായ പതിനായിരക്കണക്കിന് ആളുകളെയും അവരുടെ വീടുകളിൽ നിന്നും രാജ്യത്ത് നിന്നും ആട്ടിപ്പായിക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷെയ്ഹ് അഭ്യർഥിച്ചു. ലോകം യുഎസ് തെരഞ്ഞെടുപ്പിനെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇസ്രായേലിന്റെ ഈ അതിക്രമം എന്നതും വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
English summary; The Palestinian village was demolished
You may also like this video;