പെഹ്‌ലുഖാന്‍ കേസ്, വിധിപ്രസ്താവം ഞെട്ടിക്കുന്നത്

Web Desk
Posted on August 16, 2019, 9:54 pm

ഹരിയാനയിലെ ക്ഷീരകര്‍ഷകന്‍ പെഹ്‌ലുഖാന്റെ ആള്‍ക്കൂട്ട കൊലപാതകത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെട്ട ആറ് പ്രതികളെ അല്‍വറിലെ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി വെറുതെ വിട്ടു. പ്രായപൂര്‍ത്തിയാവാത്ത മൂന്നു പ്രതികള്‍ അല്‍വറിലെ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. 2017 ഏപ്രില്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാജസ്ഥാനിലെ അന്‍വറില്‍ നിന്നും കന്നുകാലികളെ വാങ്ങി മടങ്ങുകയായിരുന്ന പെഹ്‌ലുഖാനെയും അയാളുടെ മക്കളായ ഇര്‍ഷാദ്, ആരിഫ് എന്നിവരെയും അവരോട് ഒപ്പമുണ്ടായിരുന്ന ഏതാനും പേരെയും ബഹറോര്‍ എന്ന സ്ഥലത്ത് ഒരുകൂട്ടം ആളുകള്‍ തടയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കുശേഷം പെഹ്‌ലുഖാന്‍ ആശുപത്രിയില്‍ മരണമടഞ്ഞു. സമാനമായ ആള്‍ക്കൂട്ട അതിക്രമങ്ങളിലും കൊലപാതകങ്ങളിലും ഉള്‍പ്പെട്ട കുറ്റവാളികളോടും കുറ്റകൃത്യങ്ങളോടും ഉദാരമായ സമീപനമാണ് പൊലീസും ഭരണകൂടങ്ങളും അനുവര്‍ത്തിച്ചുവരുന്നത്. അതുകൊണ്ടുതന്നെ പെഹ്‌ലുഖാന്‍ കേസില്‍ വ്യത്യസ്ഥമായ ഒരു വിധി ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. ഹീനമായ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കാര്യക്ഷമമായി അനേ്വഷണം നടത്തുന്നതിനൊ തെളിവുകള്‍ ഹാജരാക്കുന്നതിനൊ അനേ്വഷണ ഉദേ്യാഗസ്ഥര്‍ക്കും പ്രോസിക്യൂഷനും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതികളെ വിട്ടയക്കാന്‍ കോടതി നിര്‍ബന്ധിതമായത്. പെഹ്‌ലുഖാന്റെ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അത് തെളിവായി ഹാജരാക്കുന്നതിന് ആവശ്യമായ ഫോറന്‍സിക് സര്‍ട്ടിഫിക്കേഷനുപോലും അനേ്വഷണ ഏജന്‍സി തയാറായില്ല. സംഭവത്തില്‍ അന്വേഷണം നടത്തിയ രാജസ്ഥാന്‍ പൊലീസും സിഐഡി-സിബിയും പരസ്പര വിരുദ്ധമായ ചാര്‍ജ് ഷീറ്റുകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ കേസ് അട്ടിമറിക്കാന്‍ അനേ്വഷണ ഏജന്‍സികളും പ്രോസിക്യൂഷനും ബോധപൂര്‍വം ശ്രമിച്ചുവെന്നു വേണം വിലയിരുത്താന്‍. ബിജെപി ഭരണത്തിന് അറുതിവരുത്തി കോണ്‍ഗ്രസ് രാജസ്ഥാനില്‍ വിജയിച്ചിട്ട് ആള്‍ക്കൂട്ട കൊലപാതകം പോലുള്ള ഹീനമായ സംഭവങ്ങളോടുള്ള സമീപനത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ലെന്നാണ് തെളിയുന്നത്.

ആള്‍ക്കൂട്ട അതിക്രമങ്ങളും കൊലപാതകങ്ങളും ഇന്ത്യയുടെ ചില മേഖലകളിലെങ്കിലും അസാധാരണമായിരുന്നില്ല. അതു പലപ്പോഴും നടന്നുവന്നിരുന്നത് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഭാഗമായിട്ടായിരുന്നു. എന്നാല്‍ ബിജെപി 2014ല്‍ കേന്ദ്രഭരണം കയ്യാളിയതോടെ വിദേ്വഷ രാഷ്ട്രീയത്തിന്റെ ഏറ്റവും ഹീനമായ ആയുധമായി ആള്‍ക്കൂട്ട കൊലപാതകങ്ങളെ സംഘപരിവര്‍ അനുബന്ധ സംഘടനകള്‍ മാറ്റുകയായിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഗോസംരക്ഷണം വടക്കേ ഇന്ത്യയില്‍ ഉടനീളം മുഖ്യ കാരണമായി. എന്നാല്‍ മിശ്രവിവാഹമടക്കം പല കപട സദാചാര പ്രശ്‌നങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് വിജയം സ്ഥിതിഗതികളില്‍ മാറ്റമുണ്ടാക്കും എന്ന പ്രതീക്ഷയും അസ്ഥാനത്താണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ പെഹ്‌ലുഖാന്റെയും അയാളുടെ രണ്ട് ആണ്‍മക്കളുടെയും പശുവിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ട്രക്ക് ഓപ്പറേറ്ററുടെയും പേരില്‍ കേസ് ചുമത്തിയത് അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. ആള്‍ക്കൂട്ട കൊലപാതകം നീതിന്യായ വ്യവസ്ഥക്ക് പുറത്തുള്ള ആസൂത്രിത കൊലപാതകമാണ്. നിയമലംഘനം നടന്നുവെന്ന കേവല ആരോപണത്തെ അടിസ്ഥാനമാക്കിയാണ് ഹീനവും അപരിഷ്‌കൃതവുമായ അത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യയില്‍ അത് മത ന്യൂനപക്ഷങ്ങളെയും ദളിത്, ആദിവാസി ജനവിഭാഗങ്ങളെയും ഭീതിയുടെ നിഴലില്‍ നിര്‍ത്തി അടിച്ചമര്‍ത്താനുള്ള തന്ത്രമായാണ് അരങ്ങേറുന്നത്. അത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ട സാമൂഹ്യവിരുദ്ധരെ സംരക്ഷിക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ഭരണഘടനക്കും നിയമവാഴ്ചയ്ക്കും വില കല്‍പ്പിക്കാത്ത രാഷ്ട്രീയം രാജ്യത്ത് അരാജകത്വത്തിനാണ് വഴിതെളിക്കുക.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി രാജ്യത്ത് അരങ്ങേറിയ ആള്‍ക്കൂട്ട കൊലപാതക കേസുകളുടെ ഗതി എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് പെഹ്‌ലുഖാന്‍ കേസില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിധി. അതിനെതിരെ അപ്പീല്‍ നല്‍കുമെന്നുള്ള പ്രഖ്യാപനം പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. നിയമപരമായ മറ്റൊരു വ്യായാമം എന്നതിലുപരി അതുകൊണ്ട് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നതിന് യാതൊരു ഉറപ്പുമില്ല. വിദ്വേഷ രാഷ്ട്രീയവും ഭീകരവാദമടക്കം അക്രമ പ്രവര്‍ത്തനങ്ങളും പിന്തുടരുന്ന സാമൂഹ്യവിരുദ്ധ ശക്തികളെ സംരക്ഷിക്കുന്ന പാരമ്പര്യമാണ് നരേന്ദ്രമോഡി സര്‍ക്കാരിനുള്ളത്. മേലേഗാവ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയായ സ്വാധ്വി പ്രഗ്യാ സിങ് ടാക്കൂറിന് എല്ലാ നിയമസംരക്ഷണവും ഉറപ്പുവരുത്തുന്നത് മോഡി സര്‍ക്കാരാണ്. രാഷ്ട്രീയത്തിന് ഏറ്റവും വിലപ്പെട്ട മൂല്യങ്ങളെ അപ്പാടെ നിരാകരിക്കുന്ന അവരുടെ വിദേ്വഷ പ്രചാരണത്തെ ഒരിക്കലെങ്കിലും അപലപിക്കാന്‍പോലും പ്രധാനമന്ത്രി സന്നദ്ധമായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താനും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ജനങ്ങള്‍ തന്നെ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.