പി പി ചെറിയാൻ

വാഷിങ്ടൻ ഡിസി

February 02, 2020, 2:30 pm

ഇറാന്റെ മിസൈൽ ആക്രമണത്തിൽ തലച്ചോറിനു ക്ഷതം സംഭവിച്ചവരുടെ എണ്ണം വർദ്ധിച്ചതായി പെന്റഗൺ

Janayugom Online

ജനുവരി 8 ന് ഇറാഖി എയർ ബേസിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തലച്ചോറിനു ക്ഷതം സംഭവിച്ചവരുടെ എണ്ണം 64 ആയതായി ജനുവരി 30ന് പെന്റഗൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ജനുവരി 3ന് ജനറൽ കാസിം സൊലൈമാനിയെ ഡ്രോൺ ഉപയോഗിച്ചു വധിച്ചതിനു പ്രതികാരമായിട്ടാണ് ഇറാഖിലെ അൽ ആസാദ് എയർ ബേസിൽ ഇറാൻ മിസൈൽ അക്രമണം നടത്തിയത്. മിസൈൽ ആക്രമണത്തിൽ ആർക്കും പരുക്കേറ്റില്ല എന്ന പ്രസ്താവന ഒരാഴ്ചയ്ക്കുശേഷം പെന്റഗൺ തിരുത്തി. 11 പേർക്ക് തലച്ചറിന് ക്ഷതം സംഭവിച്ചതായി ആദ്യം സ്ഥിരീകരിച്ചു.

ജനുവരി 24ന് പരുക്കേറ്റവരുടെ എണ്ണം 34 ആണെന്ന് പ്രസ്താവനയിറക്കി. ജനുവരി 28 ന് വീണ്ടും പ്രസ്താവന ഇറക്കിയതിൽ സംഖ്യ 50 ആയി ഉയർന്നു. ഏറ്റവും ഒടുവിൽ ജനുവരി 30 വ്യാഴാഴ്ചയാണ് 64 പേർക്ക് പരുക്കേറ്റതായി പെന്റഗൺ വ്യക്തമാക്കിയത്.

പരുക്കേറ്റ 64 പേരിൽ 39 പേർ തിരികെ സർവീസിൽ പ്രവേശിച്ചുവെന്നും 21 പേരെ കൂടുതൽ പരിശോധനയ്ക്കായി ജർമനിയിലേക്ക് അയച്ചുവെന്നും പെന്റഗൺ വെളിപ്പെടുത്തി. പ്രസിഡന്റ് ട്രംപ് സൈനികരുടെ സ്ഥിതിയെ കുറിച്ചു സസൂഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഡിഫൻസ് സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. വിദഗ്ധ ചികിത്സക്കു ശേഷം സർവീസിൽ തിരിച്ചെത്തുന്നതിനു സൈനീകർക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തതായി എസ്പേർ അറിയിച്ചു.

Eng­lish sum­ma­ry:  The Pen­ta­gon says Iran’s mis­sile attack has increased the num­ber of peo­ple with brain damage