Janayugom Online
article- janayugom

ജീവിക്കാന്‍ മറന്നുപോയ വ്യക്തി

Web Desk
Posted on July 29, 2018, 10:36 pm

പി എസ് സുരേഷ്

ശൂരനാട് സംഭവം നടന്നതിന്റെ നാലാം ദിവസം പാര്‍ട്ടിക്കും ബഹുജനസംഘടനകള്‍ക്കും നിരോധനം വന്നുകഴിഞ്ഞു. ‘ശൂരനാട് എന്നൊരു നാടിനി വേണ്ടെന്ന്’ മുഖ്യമന്ത്രി പറവൂര്‍ ടി കെ നാരായണപിള്ള പ്രഖ്യാപിച്ചതിന്റെ ചൂട് ആറിയിട്ടില്ല. പാര്‍ട്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കേട്ടാല്‍ തന്നെ ഹാലിളകുന്ന പൊലീസ് ആളുകളെ തല്ലിച്ചതയ്ക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമെല്ലാം ഒളിവില്‍ കഴിയേണ്ട അവസ്ഥ. അങ്ങനെയൊരു ദിവസമാണ് വേലായുധന്‍തമ്പി മാവേലിക്കരയിലെത്തുന്നത്. അന്ന് 1950 ജനുവരി നാല്. വൈകുന്നേരം മാവേലിക്കര ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പന്തുകളി മത്സരം നടക്കുന്നു. പന്തുകളി ഏറെ ഇഷ്ടമായിരുന്ന വേലായുധന്‍തമ്പി അത് അറിഞ്ഞ് വന്നതാണ്.
മത്സരം കണ്ടിറങ്ങിയപ്പോള്‍ പഴയൊരു ചങ്ങാതിയെ കണ്ടു. അയാളുടെ പേര് ഭാസി. ഇസ്‌പേഡ് കുട്ടന്‍പിള്ളയെന്ന പേരിലറിയപ്പെട്ടിരുന്ന ഹെഡ്‌കോണ്‍സ്റ്റബിളിന്റെ മകനാണ്. പ്രായത്തില്‍ ഭാസിക്കാണ് മൂപ്പെങ്കിലും ഇരുവരും ഒരുമിച്ച് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉറ്റചങ്ങാതിമാരായിരുന്നു. പഠിത്തം കഴിഞ്ഞ് ഭാസി പൊലീസില്‍ ചേര്‍ന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമായിരുന്നു ആ സമാഗമം. താന്‍ ഒളിവിലാണെന്നും തന്നെ മാവേലിക്കര പൊലീസ്‌സ്‌സ്റ്റേഷന്‍ കടത്തി ടൗണിലെത്തിക്കണമെന്നും തമ്പി സുഹൃത്തിനോട് അഭ്യര്‍ത്ഥിച്ചു. സന്തോഷത്തോടെ ഭാസി അത് സമ്മതിക്കുകയും ചെയ്തു. സ്റ്റേഷനടുത്തുള്ള ചായക്കടയില്‍ കയറി ചായ കുടിക്കാമെന്നായി ഭാസി. അങ്ങനെ അവര്‍ സ്റ്റേഷന് മുന്നിലേയ്ക്ക് നടന്നു. അതിനിടയില്‍ മാവേലിക്കര കൊട്ടാരത്തിലെ ഒരു ‘തമ്പുരാന്‍’ റോഡില്‍ നില്‍ക്കുന്നുണ്ടായിരുന്നു. തമ്പിയെ കണ്ടപ്പോള്‍ തമ്പുരാന് അരിശമായി. എണ്ണക്കാട്ട് കൊട്ടാരത്തിലെ കമ്മ്യൂണിസ്റ്റുകാരായ തമ്പിമാരെ പൊതുവേദിയില്‍ നിന്ന് മറ്റ് തമ്പുരാക്കന്മാര്‍ അകറ്റിനിര്‍ത്തുന്ന കാലമായിരുന്നു. തമ്പുരാന്‍ ഭാസിയോട് ചോദിച്ചു. ‘എന്തിനാ ഇവനെയും കൊണ്ട് നടക്കുന്നത്. പിടിച്ചുകെട്ടി പൊലീസില്‍ കൊടുക്കെടാ’ എന്നൊരാക്രോശവും. ഇത് കേട്ടപ്പോള്‍ ഭാസി തമ്പിയുടെ കയ്യില്‍ കയറിപ്പിടിച്ച് ‘നിന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു’ എന്ന് പറഞ്ഞു.

തന്റെ ആത്മസുഹൃത്തില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം തമ്പി പ്രതീക്ഷിച്ചില്ല. ആളുകള്‍ കൂടിവരുന്നു. തൊട്ടടുത്ത് പൊലീസ് സ്റ്റേഷന്‍. രക്ഷപ്പെടാന്‍ വഴിയൊന്നുമില്ല. പെട്ടെന്ന് ഭാസിയുടെ മുണ്ടിന്റെ അറ്റത്ത് തമ്പി ചവുട്ടിയപ്പോള്‍ മുണ്ടഴിഞ്ഞു. അതിന്റെ വെപ്രാളത്തില്‍ ഭാസി മുണ്ട് പരതാന്‍ കുനിഞ്ഞപ്പോള്‍ കയ്യിലെ പുസ്തകത്തില്‍ കരുതിയിരുന്ന പിച്ചാത്തിയെടുത്ത് തമ്പി അയാളെ കുത്തി. സ്വരക്ഷയ്ക്ക് ഇതല്ലാതെ മറ്റൊരു വഴിയും തമ്പിയുടെ മുന്നിലില്ലായിരുന്നു. വെറുതെയങ്ങ് പൊലീസിന്റെ മുന്നില്‍ കീഴടങ്ങാന്‍ അഭിമാനം അനുവദിച്ചുമില്ല. തല്‍ക്ഷണം ഭാസി മരിച്ചു. കൂടുതല്‍ പേര്‍ ഓടിക്കൂടി. അവരെല്ലാംവരും കൂടി തമ്പിയെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. പിന്നത്തെ പുകില്‍ എന്താണെന്ന് പറയേണ്ടതില്ലല്ലോ. ശൂരനാട്ട് ഒരു ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ മരിച്ചതിന്റെ നാലാം ദിവസം മറ്റൊരു പൊലീസുകാരന്റെ കൂടി മരണം ഉണ്ടായാല്‍ പൊലീസ് സേനയ്ക്ക് അത് എങ്ങനെ സഹിക്കാനാകും. രണ്ടിടത്തും പ്രതിസ്ഥാനത്ത് കമ്മ്യൂണിസ്റ്റുകാര്‍.

ഏതായാലും പ്രതിയെ കയ്യോടെ പിടികൂടിയതിന്റെ സന്തോഷത്തിലായിരുന്നു മാവേലിക്കര സ്റ്റേഷനിലെ പൊലീസുകാര്‍. ശൂരനാട്ടേയ്ക്ക് വരികയും പോകുകയും ചെയ്യുന്ന പൊലീസുകാരുടെ ഇടത്താവളം അന്ന് മാവേലിക്കര പൊലീസ് സ്റ്റേഷനായിരുന്നു. ആ ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ ഓരോ പൊലീസുകാരനും തമ്പിയെ ഉപദ്രവിച്ചു. തമ്പി മരിച്ചുപോയി എന്നാണ് നാട്ടില്‍ വാര്‍ത്ത പരന്നത്. അന്ന് രാത്രിയില്‍ ആലപ്പുഴ നിന്ന് ഇസ്‌പേഡ് കുട്ടന്‍പിള്ള(മരിച്ചുപോയ ഭാസിയുടെ അച്ഛന്‍) സ്റ്റേഷനിലെത്തി. മകന്റെ കൊലയാളിയെ ശരിക്കൊന്ന് കൈകാര്യം ചെയ്യാനായിരുന്നു ആ വരവ്. പക്ഷേ സബ്ഇന്‍സ്‌പെക്ടര്‍ അതിന് അനുവദിച്ചില്ല. അപ്പോള്‍ തന്നെ മൃതപ്രായനായ തമ്പിയുടെ മേല്‍ ഇനി കൈവച്ചാല്‍ മരണം സുനിശ്ചിതമായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ക്ക് മനസ്സിലായിട്ടുണ്ടാകും.

തമ്പിയുടെ അറസ്റ്റും ലോക്കപ്പ്മര്‍ദ്ദനവും അറിഞ്ഞതോടെ നൂറുകണക്കിനാളുകള്‍ രാവിലെ മുതല്‍ തന്നെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. തൊട്ടടുത്ത ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും അവിടേയ്ക്ക് ഒഴുകിയെത്തി. എല്ലാവര്‍ക്കും തമ്പിയെ കാണണം. തമ്പി ജീവനോടെയുണ്ടോ എന്നാണ് അവര്‍ക്ക് അറിയേണ്ടത്. ഗത്യന്തരമില്ലാതെ പൊലീസുകാര്‍ക്ക് തമ്പിയെ ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടിവന്നു. അടിയേറ്റ് ശരീരം മുഴുവന്‍ നീര് പിടിച്ച് അവശനിലയിലായ തമ്പിയെ കണ്ട് പലരും പൊട്ടിക്കരഞ്ഞു.

ആ കേസില്‍ വേലായുധന്‍ തമ്പിയെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പ്രായത്തിന്റെ ആനുകൂല്യം ഉള്ളതിനാലാണ് തൂക്കുകയര്‍ കിട്ടാതെ പോയത്. 57ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതിനുശേഷമാണ് അദ്ദേഹം മോചിതനായത്. ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ മുഴുകി. കുറച്ച് കാലം കൊല്ലത്ത് ജനയുഗത്തിന്റെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തു. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ അദ്ദേഹം മാതൃസംഘടനയില്‍ ഉറച്ചുനിന്നു. ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തെ നിയോഗിച്ചു. അത്യന്തം ക്ലേശകരമായ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. സംഘടനാപരമായ പ്രവര്‍ത്തനാസൗകര്യം മുന്‍നിര്‍ത്തി പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ വിഭജിച്ച് കിഴക്കന്‍ പ്രദേശം ഉള്‍പ്പെടുത്തി കായംകുളം കേന്ദ്രമാക്കി ഡിവിഷന്‍ കമ്മിറ്റി രൂപീകരിച്ചു. അതിന്റെ ആദ്യ സെക്രട്ടറിയായി വേലായുധന്‍ തമ്പിയെയാണ് തെരഞ്ഞെടുത്തത്. പില്‍ക്കാലത്ത് ആലപ്പുഴ ജില്ലാകൗണ്‍സില്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ എന്‍എസ് സുരേന്ദ്രന്‍ സെക്രട്ടറിയും അദ്ദേഹം അസി. സെക്രട്ടറിയുമായി.

ആര്‍ ശങ്കരനാരായണന്‍ തമ്പിയുടെ പാതയിലൂടെയായിരുന്നു സഹോദരിമാരായ സുഭദ്രാമ്മയും രാധമ്മയും സഞ്ചരിച്ചത്. സഹോദരന്‍മാരായ ഡോ. രാമകൃഷ്ണന്‍തമ്പിയും രാജശേഖരന്‍ തമ്പിയും വേലായുധന്‍ തമ്പിയും മറ്റ് കുടുംബാംഗങ്ങളും അതേ മാര്‍ഗം പിന്തുടര്‍ന്നു. അവശജനവിഭാഗങ്ങളുടെ മോചനത്തിനുവേണ്ടി ചെങ്കൊടി കയ്യിലെടുത്തപ്പോള്‍ അവര്‍ക്കെതിരെ ജന്മിനാടുവാഴിത്തത്തിന്റെ ശക്തികള്‍ ചന്ദ്രഹാസമിളക്കി രംഗത്തുവന്നു. തമ്പുരാക്കന്‍മാരെല്ലാം കൂടി അവരെ ഒറ്റപ്പെടുത്താന്‍ മത്സരിച്ചു. പിന്നെയങ്ങോട്ട് സഹനത്തിന്റെയും സമരത്തിന്റെയും നാളുകളായിരുന്നു. നിരവധി കള്ളക്കേസുകള്‍. ഭരണകൂടവും പൊലീസും അവരെ വേട്ടയാടാന്‍ ശ്രമിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന വേലായുധന്‍തമ്പിയും നിരവധി കേസില്‍ പ്രതിയായി. 17-ാം വയസിലായിരുന്നു കൊലക്കേസില്‍ പ്രതിയാകുന്നത്.

ക്രൂരമായ ലോക്കപ്പ്മര്‍ദ്ദനവും ജയില്‍വാസവും മറ്റ് ജീവിതദുരിതങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തു. അനാരോഗ്യവും സാമ്പത്തിക ക്ലേശങ്ങളും അദ്ദേഹത്തെ ജീവിതകാലം മുഴുവന്‍ വേട്ടയാടി. അവസാനകാലത്താണ് തന്നെ ബാധിച്ച അര്‍ബുദരോഗത്തെപ്പറ്റി മനസ്സിലാക്കിയത്. എന്നിട്ടും അദ്ദേഹത്തിന്റെ മനോവീര്യം തകര്‍ന്നില്ല. 59-ാം വയസില്‍ ആ വിപ്ലവകാരി മരണത്തിന് കീഴടങ്ങി.

ജീവിക്കാന്‍ മറന്നുപോയ വ്യക്തിയായിരുന്നു അദ്ദേഹം. കുടുംബത്തിനുവേണ്ടി ദാരിദ്ര്യമല്ലാതെ മറ്റൊന്നും അദ്ദേഹം സമ്പാദിച്ചില്ല. മൂത്തമകള്‍ അനിതയുടെ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയായി കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അത് സഫലമായില്ല. ഇളയ രണ്ടുപേരും അന്ന് പറക്കമുറ്റാത്ത പ്രായമായിരുന്നു. മൂന്ന് മക്കളും ഭാര്യ സീതയും അടങ്ങുന്ന കുടുംബത്തെ അനാഥമാക്കി അദ്ദേഹം വേദനയുടെ ലോകത്ത് നിന്ന് യാത്രയായിട്ട് ഇന്ന് മുപ്പത് വര്‍ഷം തികയുകയാണ്.