Web Desk

ന്യൂഡൽഹി

December 07, 2020, 7:41 pm

അർണബിനും റിപ്പബ്ലിക് ടിവിക്കുമെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി

Janayugom Online

റിപ്പബ്ലിക് ടിവി അവതാരകർക്കും അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ള എഡിറ്റോറിയൽ ടീമിനുമെതിരെ മുംബൈ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങിനെതിരെ പൊതുജനങ്ങൾക്കിടയിൽ അപ്രീതിയും ജനരോഷവും ഉണ്ടാക്കും വിധം വാർത്തകൾ നൽകിയതിനായിരുന്നു കേസ്. കേസിനെതിരെ റിപ്പബ്ലിക് ടിവി ഉടമസ്ഥരായ എആർജി ഔട്ട്‌ലിയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജിയാണ് രൂക്ഷവിമർശനത്തോടെ കോടതി തള്ളിയത്.

റിപ്പബ്ലിക് ചാനലിനെയും മാധ്യമപ്രവർത്തകരെയും പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുയാണെന്നായിരുന്നു ചാനലിനുവേണ്ടി ഹാജരായ അഡ്വ. മിലിന്ദ് സാഠേ കോടതിയെ അറിയിച്ചത്. റിപ്പബ്ലിക് ചാനൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും മഹാരാഷ്ട്ര പൊലീസിനെ വിലക്കണമെന്നും നിലവിലെ കേസുകൾ സിബിഐക്ക് കൈമാറണമെന്നും ചാനലിലെ മാധ്യമപ്രവർത്തകർക്ക് പ്രത്യേക സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഹർജിയിൽ ഉന്നിയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാൻ പോലുമാവില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ച് മറുപടി നല്‍കി. ഹർജി പിൻവലിക്കണമെന്നും പ്രശ്ന പരിഹാരത്തിന് അനുയോജ്യമായ മറ്റു മാർഗങ്ങൾ തേടണമെന്നും ബെഞ്ച് പറഞ്ഞു. ആവശ്യപ്പെടുന്ന കാര്യങ്ങൾ കുറച്ചു കൂടുതലാണെന്നും ഹർജി പിൻവലിക്കുന്നതാണ് നല്ലതെന്നും അഡ്വ. സാഠേയെ പേരെടുത്തുവിളിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

നേരത്തേ ആത്മഹത്യ പ്രേരണകുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യഹർജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അതിവേഗം പരിഗണിക്കുകയും ജാമ്യം അനുവദിച്ചത് സുപ്രീംകോടതിയുടെ കീഴ്‌വഴക്കങ്ങൾ മറികടന്നായിരുന്നെന്നുവെന്നും വിമർശനം ഉയർന്നിരുന്നു.

Eng­lish Sum­ma­ry: The peti­tion against Arnab and Repub­lic TV was dismissed

You may like this video also