ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ മോര്‍ഫ് ചെയ്ത ചിത്രം: പാക് ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

Web Desk

ന്യൂഡല്‍ഹി

Posted on November 19, 2017, 10:35 pm

ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ മോര്‍ഫ് ചെയ്ത ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പാകിസ്ഥാന്‍ ഡിഫന്‍സ് ഫോറത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു.
പാകിസ്താന്‍ സൈന്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ്.പികെ എന്ന വെബ്‌സൈറ്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രസിഡന്റുമായ കവാല്‍പ്രീത് കൗറിന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് ട്വിറ്ററില്‍ ഇട്ടത്.
ഡല്‍ഹി ജുമാ മസ്ജിദിനു മുന്നില്‍ പ്ലക്കാര്‍ഡുമായി കവാല്‍പ്രീത് നില്‍ക്കുന്ന ചിത്രത്തിലാണ് പാക് വെബ്‌സൈറ്റ് കൃത്രിമം കാട്ടിയത്. ‘ഞാന്‍ ഇന്ത്യന്‍ പൗരയാണ്. ഭരണഘടനയുടെ മതനിരപേക്ഷ മൂല്യങ്ങള്‍ക്കൊപ്പമാണു ഞാന്‍. നമ്മുടെ രാജ്യത്തു മുസ്ലിങ്ങള്‍ക്കെതിരേ നടക്കുന്ന വംശീയ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ ഞാന്‍ എഴുതും’ എന്നായിരുന്നു ‘സിറ്റിസണ്‍ എഗെയ്ന്‍സ്റ്റ് മോബ് ലിഞ്ചിങ്’ എന്ന ഹാഷ് ടാഗോടെ പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.
എന്നാല്‍, പാകിസ്ഥാന്‍ ഡിഫെന്‍സ് ഫോറം ഈ പ്ലക്കാര്‍ഡ് മാറ്റി പകരം മറ്റൊന്നു സ്ഥാപിക്കുകയായിരുന്നു. ‘ഞാന്‍ ഇന്ത്യയെ വെറുക്കുന്നു. നാഗ, കശ്മീര്‍, മണിപ്പൂര്‍, ഹൈദരാബാദ്, ജുനഗാര്‍ഡ്, സിക്കിം, മിസോറാം, ഗോവ എന്നീ രാജ്യങ്ങള്‍ കയ്യടക്കിവച്ചിട്ടുള്ള ഇന്ത്യ ഒരു കൊളോണിയല്‍ സംവിധാനമാണ് എന്നായിരുന്നു മാറ്റിയത്.
ഈ ചിത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ ജെഎന്‍യൂ സ്റ്റുഡന്റ് യൂണിയന്റെ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ് ഷോറയുടെ ആഹ്വാനത്തെത്തുടര്‍ന്ന് ആളുകള്‍ കൂട്ടമായി എതിര്‍പ്പ് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ട്വിറ്റര്‍ പാകിസ്ഥാന്‍ വെബ്‌സൈറ്റിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. പാകിസ്ഥാന്റെ വിരമിച്ച സൈനികരടക്കമുള്ളവരാണ് വെബ്‌സൈറ്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍.