April 1, 2023 Saturday

Related news

March 26, 2023
February 19, 2023
January 31, 2023
January 28, 2023
January 19, 2023
January 18, 2023
January 12, 2023
January 9, 2023
January 6, 2023
December 15, 2022

വിമാനം നെടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ടു

Janayugom Webdesk
കൊച്ചി
May 7, 2020 3:51 pm

കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ നിന്നും മലയാളികളെ തിരികെ എത്തിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ വിമാനം നെടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് എയര്‍ ഇന്ത്യയുടെ വിമാനം അബുദാബിയിലേക്ക് പുറപ്പെട്ടത്.രാത്രി 9.40 ഓടെ വിമാനം അബുദാബിയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ തിരികെയെത്തും.179 യാത്രക്കാര്‍ ഇതിലുണ്ടാകും. ദോഹയില്‍ നിന്നും പ്രവാസികളെ തിരികെ എത്തിക്കുന്നതിനായി നേരത്തെ നിശ്ചയിച്ചിരിക്കുന്ന ദോഹ‑കൊച്ചി വിമാന സര്‍വീസ് ശനിയാഴ്ചത്തേയക്ക് ഇന്നലെ മാറ്റിയിരുന്നു.

200 പേരെയാണ് ദോഹയില്‍ നിന്നും ആദ്യ ഘട്ടത്തില്‍ കൊണ്ടുവരുന്നത്.അബുദാബിയില്‍ നിന്നും വരുന്ന യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍ — 73, പാലക്കാട്  — 13, മലപ്പുറം — 23, കാസര്‍കോട് — 1, ആലപ്പുഴ ‑15, കോട്ടയം — 13, പത്തനംതിട്ട — 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്. ഇവരെ വിമാനത്താവളത്തില്‍ നിന്നും അതത് ജില്ലകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് അവരവരുടെ വീടുകളിലാണ് ക്വാറന്റൈന്‍ നിശ്ചയിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലക്കാരനായ ഏക യാത്രക്കാരനും തല്‍ക്കാലം എറണാകുളത്താണ് ക്വാറന്റൈന്‍. കളമശ്ശേരിയിലെ എസ് സിഎംഎസ് ഹോസ്റ്റലിലാണ് ജില്ലയിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒരുക്കിയിട്ടുള്ളത്.

വിമാനത്തിന് പ്രത്യേക പാര്‍ക്കിങ് ബേ, എയറോബ്രിഡ്ജുകള്‍ എന്നിവ ലഭ്യമാക്കും. യാത്രക്കാരുടെ ബഹിര്‍ഗമനമാര്‍ഗം പലതവണയായി നടത്തിയ മോക് ഡ്രില്ലിലൂടെ നിശ്ചയിച്ചിട്ടുണ്ട്. ടെര്‍മിനലിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ടെമ്പറേച്ചര്‍ ഗണ്‍, തെര്‍മല്‍ സ്‌കാനര്‍ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലന്‍സിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹെല്‍ത്ത് കൗണ്ടറുകളില്‍ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടര്‍ന്ന് ഇവരെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിക്കും. പത്തു ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ പാകത്തില്‍ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഗ്ലാസ് മറകള്‍ സ്ഥാപിച്ചിട്ടുണ്ട്.


തുടര്‍ന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് മുമ്പിലും കണ്‍വെയര്‍ ബെല്‍റ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നില്‍ക്കാനുള്ള പ്രത്യേക അടയാളങ്ങള്‍ വച്ചിട്ടുണ്ട്. അഞ്ചാം നമ്പര്‍ ബെല്‍റ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ബാഗേജുകളെ അണുനശീകരണം നടത്താന്‍ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ സഹായമുള്‍പ്പെടെ വിപുലമായ സന്നാഹമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്.  ജില്ലാ അധികൃതര്‍, സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പ്, പോലീസ്, തദ്ദേശ സ്ഥാപനങ്ങള്‍, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് സിയാലില്‍ നടപ്പിലാക്കുന്നത്.

വിമാനത്തില്‍ നിന്ന് ബാഗേജ് പുനര്‍വിന്യാസ സംവിധാനത്തിലെത്തുന്ന ബാഗുകളെ ആദ്യം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കും. തുടര്‍ന്ന് ബെല്‍റ്റിലൂടെ നീങ്ങുന്ന ബാഗേജുകള്‍ രണ്ട് ടണലുകളിലൂടെ കടന്നുപോകും. ഓരോ ടണലിന് മുമ്പിലും ബാഗിന്റെ ഓരോ വശത്തും അള്‍ട്രാവയലറ്റ് രശ്മികള്‍ പതിപ്പിക്കും. ഇത് ഓട്ടോമാറ്റിക് സംവിധാനമാണ്. ഇതിനുശേഷമാകും യാത്രക്കാര്‍ ബാഗുകളെടുക്കുന്ന കെറോസല്‍ ഭാഗത്തേയ്ക്ക് ഇവയെത്തുക.  കളമശ്ശേരി മെഡിക്കല്‍  കോളേജിന്റെ സഹായത്തോടെയാണ് എന്‍.പി.ഒ.എല്‍ ഈ സംവിധാനം വികസിപ്പിച്ചത്. ഓരോ ബാഗിലും വൈറസ് ഉണ്ടെങ്കില്‍ എത്ര അളവില്‍ അള്‍ട്രാവയലറ്റ് രശ്മി പതിപ്പിക്കണമെന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വിമാനത്തിലെ യാത്രക്കാര്‍ക്ക് ഉപയോഗിക്കാനായി 500 ട്രോളികള്‍ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവനക്കാര്‍ക്കായി പി.പി.ഇ കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാര്‍ക്കും കയ്യുറകള്‍, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് സിയാല്‍ നല്‍കും. സിയാലിലെ അമ്പതോളം ഏജന്‍സികളിലെ ജീവനക്കാര്‍ക്ക് സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. സിന്തറ്റിക്, തുണി, ലെതര്‍ എന്നീ ആവരണമുള്ള ഫര്‍ണിച്ചര്‍ എല്ലാം മാറ്റിയിട്ടുണ്ട്. രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേര താല്‍ക്കാലികമായി ഒരുക്കിക്കഴിഞ്ഞു. ടെര്‍മിനലും ഉപകരണങ്ങളും മൂന്നുഘട്ടങ്ങളിലായി അണുനാശനം വരുത്തിക്കഴിഞ്ഞു. ഓരോ സര്‍വീസിന് ശേഷവും ഈ പ്രക്രിയ ആവര്‍ത്തിക്കും. ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടര്‍ന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസ്സുകളിലേയ്ക്ക് ഇവരെ നയിക്കും.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.