ഗരിബ് കല്യാൺ റോസ്ഗാര്‍ അഭിയാൻ ഫലം കണ്ടില്ല

Web Desk

ന്യൂഡൽഹി

Posted on October 17, 2020, 10:16 pm

കുടിയേറ്റ തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച ഗരിബ് കല്യാൺ റോസ്ഗാർ അഭിയാൻ (ജികെആർഎ) ഗുണഭോക്താക്കൾക്ക് യാതൊരു പ്രയോജനവും നൽകിയിട്ടില്ലെന്ന് റിപ്പോർട്ട്. ജൂണ്‍ 20നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിഹാറിലെ ഖഗരിയ ജില്ലയില്‍ വച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കുടിയേറ്റ തൊഴിലാളികള്‍ കൂടുതലുള്ള സംസ്ഥാനമായതുകൊണ്ടും നിയമസഭ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടും ബിഹാറില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ജില്ലകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിയതല്ലാതെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനങ്ങള്‍ ലഭിച്ചില്ലെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വടക്കൻ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്ക് ജോലി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗരിബ് കല്യാൺ റോജർ അഭിയാന് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്. ബിഹാർ, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 116 ജില്ലകളിൽ പദ്ധതി ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. പദ്ധതിയിൽ 50,000 കോടി രൂപയാണ് വിലയിരുത്തിയിരുന്നത്. 12 വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിൽ 25 തരത്തിലുള്ള ജോലികൾ കുടിയേറ്റ തൊഴിലാളികൾക്കായി നീക്കി വച്ചിട്ടുണ്ടായിരുന്നു. 125 ദിവസത്തേക്കായിരുന്നു തൊഴിൽ പ്രചരണം. അതായത് കുടിയേറ്റ തൊഴിലാളികൾക്ക് 125 ദിവസത്തെ ഉറപ്പുള്ള ജോലി നൽകുമെന്നായിരുന്നു വാഗ്ധാനം.

കോവിഡ് 19 പ്രതിസന്ധിക്കും ലോക്ക്ഡൗണിനും ഇടയിൽ വീടുകളിലേക്ക് മടങ്ങിയ 23.6 ലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് ജോലി നൽകുന്നതിനാണ് കേന്ദ്ര സർക്കാർ ജികെആർഎ ആരംഭിച്ചത്. ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികൾ മടങ്ങിയെത്തിയ സംസ്ഥാനമാണ് ബിഹാർ എന്നതും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണെന്നും കണക്കിലെടുത്ത് ബിഹാറിൽ നിന്നാണ് പരമാവധി ജില്ലകളെയും തിരഞ്ഞെടുത്തത്.  ആറ് സംസ്ഥാനങ്ങളിലായി തിരഞ്ഞെടുത്ത 116 ജില്ലകളിൽ ബിഹാര്‍— 32, ഉത്തർപ്രദേശ് ‑31, മധ്യപ്രദേശ്-24, രാജസ്ഥാന്‍-22, ഒഡിഷ- നാല്, ഝാർഖണ്ഡ്- മൂന്ന് എന്നിങ്ങനെയാണ് പദ്ധതിയില്‍ ജില്ലകളെ ഉള്‍പ്പെടുത്തിയിരുന്നത്. ജികെആർഎ ആരംഭിച്ച ദിവസത്തെ ചരിത്രപരമായ ദിവസമായാണ് മോഡി വിശേഷിപ്പിച്ചത്. “ഞങ്ങളുടെ ഗ്രാമങ്ങളിൽ താമസിക്കുന്ന യുവാക്കൾ, സഹോദരിമാർ, പെൺമക്കൾ എന്നിവർക്കായി ഈ പദ്ധതി സമർപ്പിക്കുന്നു. ഇതിലൂടെ തൊഴിലാളികൾക്ക് അവരുടെ വീടുകൾക്ക് സമീപം ജോലി നൽകണമെന്നാണ് ഞങ്ങളുടെ ശ്രമം. ” എന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് മോഡി പറഞ്ഞിരുന്നു.

മൊത്തം 17,596.8 കോടി രൂപയാണ് പദ്ധതിയിലൂടെ ബിഹാറിന് അനുവദിച്ചത്. എന്നാല്‍ കോവിഡും ലോക്ഡൗണും തീര്‍ത്ത പ്രതിസന്ധി രൂക്ഷമായിട്ടും കുടിയേറ്റ തൊഴിലാളികള്‍ക്കായി 10,006.1 കോടി രൂപ മാത്രമാണ് ഒക്ടോബർ 13 വരെ സര്‍ക്കാര്‍ ചെലവഴിച്ചത്. കേന്ദ്രസർക്കാർ ഫണ്ട് വിട്ടുകൊടുക്കുന്നതിൽ കാലതാമസം നേരിട്ടതും 16 ജില്ലകളിലെ വെള്ളപ്പൊക്കമുണ്ടായതുമാണ് ബാക്കി തുക ചെലവഴിക്കാൻ കഴിയാത്തതിന്റെ കാരണമെന്ന് അധികൃതരുടെ വാദം. തൊഴിലാളികളെ എങ്ങനെ തിരഞ്ഞെടുക്കാം അല്ലെങ്കിൽ തൊഴിലാളികൾ ആരെയാണ് ജോലിക്കായി സമീപിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ നയമില്ലാത്തതാണ് ഈ പദ്ധതിയുടെ പരാജയത്തിന്റെ പ്രധാന കാരണം.

റയില്‍വേ, കേബിള്‍, റോഡ് നിര്‍മ്മാണം തുടങ്ങിയ ഉള്‍പ്പെടെ 25 വിഭാഗങ്ങളില്‍ ജോലി നല്‍കുമെന്നായിരുന്ന വാഗ്‌ദാനം. എന്നാല്‍ മോഡി പദ്ധതി ഉദാഘ്ടാനം ചെയ്ത ഖരിയ ഗ്രാമത്തിലെ ഒരു കുടിയേറ്റ തൊഴിലാളിക്കുപോലും ഇതിലൂടെ ജോലി നേടാനായില്ല എന്നതാണ് ശ്രദ്ധേയം. ജികെആർഐയുടെ ഉദ്ഘാടന സമയത്ത് ജോലി ലഭിച്ച കുറച്ചുപേർക്ക് ഒരു മാസം ജോലി ചെയ്യാൻ കഴിഞ്ഞു. തുടർന്ന് ജോലി ഇല്ലാതായപ്പോൾ കോവിഡ് ഭീതിയിലും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാന്‍ അവര്‍ നിര്‍ബന്ധിതരായി. ഒക്ടോബർ 22 ന് ജികെആർഐ അവസാനിക്കാനിരിക്കെ ഇപ്പോഴും ജോലി കിട്ടാതെ കഷ്ടപ്പെടുന്ന നിരവധി ആളുകൾ ബിഹാറടക്കമുള്ള സംസ്ഥാനങ്ങളിലുണ്ട്.

ENGLISH SUMMARY:The plight of migrant work­ers is not over
You may also like this video