May 28, 2023 Sunday

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ദയനീയാവസ്ഥയും പൗരത്വ നിയമ, പൗരത്വ രജിസ്റ്റര്‍ വിവാദവും

Janayugom Webdesk
December 29, 2019 9:44 pm

ദേശീയ പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററും (എന്‍സിആര്‍) ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന ബഹുമുഖ പ്രതിസന്ധിയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള കുത്സിതനീക്കങ്ങളാണ് നടന്നുവരുന്നത്. മറ്റേതൊരു ഏകാധിപതിയും ഫാസിസ്റ്റ് ഭരണകൂടവും ചെയ്യാറുള്ളതുപോലെയാണ് മോഡി-അമിത്ഷാ കൂട്ടുകെട്ട് ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ഭഗവതിന്റെ അനുഗ്രഹാശിസുകളോടെ ചെയ്തുവരുന്നത്. ആഗോ­ള ക്രെഡിറ്റ് റേറ്റിങ് സ്ഥാപനങ്ങള്‍ മാത്രമല്ല, ഏറ്റവുമൊടുവില്‍ ഐഎംഎഫും ചൂണ്ടിക്കാട്ടിയിരിക്കുന്നത്, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇന്നത്തെ നിലയില്‍ മിസ്‌മാനേജ് ചെയ്യപ്പെടുകയാണെങ്കില്‍, അതിവേഗ വളര്‍ച്ചാസാധ്യതയുള്ള ഇന്ത്യ കുത്തുപാള എടുക്കേണ്ടിവരുമെന്നാണ്. നിലവിലുള്ള രാജ്യത്തിന്റെ 4.5 ശതമാനം ജിഡിപി വളര്‍ച്ചാനിരക്ക് ഇനിയും താഴോട്ട് പോകുമെന്ന സാധ്യതയും നാണയനിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഡാ. ഗീതാ ഗോപിനാഥ് പ്രധാനമന്ത്രി മോഡിയെ നേരില്‍ കണ്ട് ധരിപ്പിച്ചതായിട്ടാണ് മാധ്യമ റിപ്പോര്‍ട്ട്.

നിര്‍മ്മാണ‑ഉല്പാദക മേഖലകള്‍ ഇഴഞ്ഞുനീങ്ങുകയാണ്. മാത്രമല്ല, സേവന മേഖലയും നിരാശാജനകമായൊരു ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. സമ്പദ്‌വ്യവസ്ഥ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടാന്‍ ഏറെ സമയമൊന്നും വേണ്ടിവരില്ലെന്നതാണ് നിഷ്പക്ഷമതികളായ ദേശീയ, വിദേശീയ നിരീക്ഷകരുടെ പൊതുനിഗമനം. കാതല്‍ മേഖലയാണെങ്കില്‍ 2019 ഒക്ടോബറില്‍ രേഖപ്പെടുത്തിയത് വെറും 5.8 ശതമാനം വളര്‍ച്ചാനിരക്കാണ്. ധനക്കമ്മിയാണെങ്കില്‍ ജിഡിപിയുടെ 5.4 ശതമാനത്തിലുമാണ്. കയറ്റുമതി മേഖലയുടെ ഗതിയും താഴോട്ടുതന്നെ. അതേ അവസരത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോഡി അവകാശപ്പെടുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ­യുടെ മാന്ദ്യാവസ്ഥ വെ­റും താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും അ­തി­­ശക്താമയൊരു തിരിച്ചുവരവിനുള്ള ആരോഗ്യം സ­മ്പദ്‌വ്യവസ്ഥയ്ക്കുണ്ടെന്നുമാണ്. കോര്‍പ്പറേറ്റ് മേഖല അത്യാവേശത്തോടെ നിക്ഷേപ മേഖലയിലേക്ക് കു­തി­ച്ചെത്തണമെന്നും സമ്പദ്ഘടനയില്‍ കോര്‍പ്പറേറ്റുകള്‍ ഭയപ്പെടുന്ന നിലയിലുള്ള ഘടനാപരമായ ബലഹീനതകളൊന്നുമില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

വന്‍കിട ബിസിനസുകാരനായ രാഹുല്‍ ബജാജ് അഭിപ്രായപ്പെട്ടിരിക്കുന്നതുപോലെ ‘ഭയം’ ജനിപ്പിക്കുന്നൊരു അന്തരീക്ഷം രാജ്യത്ത് നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കാന്‍ കൂടി മോഡി സന്നദ്ധനായിരിക്കയാണ്. എന്നാല്‍, ഈ ലേഖനം തയാറാക്കുന്ന അവസരത്തില്‍, ദേശീയ പൗരത്വ ഭേദഗതി നിയമത്തിനും രജിസ്റ്ററിനുമെതിരായി വിദ്യാര്‍ഥികള്‍ തുടക്കമിട്ട സംഘടിത സമരം രാജ്യത്താകമാനം ശക്തി പ്രാപിച്ചുവരുന്ന കാഴ്ചയാണ് കാണാന്‍ ക­ഴിയുന്നത്. ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരായി വ്യക്തമായി വിരല്‍ചൂണ്ടുന്ന നിയമനിര്‍മ്മാണങ്ങള്‍, മത, ജാതി, പ്രാദേശിക വ്യത്യാസങ്ങള്‍ കൂടാതെ, ഇന്ത്യന്‍ ജനതയെ ആകെ തന്നെ ഭയചകിതരാക്കിയിരിക്കുകയാണെന്ന് ദേശീയതലത്തില്‍ തന്നെ നടന്നുവരുന്ന ഈ മോഡി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭണം വ്യക്തമാക്കുന്നുമുണ്ട്. ഇതിവിടെ നില്‍ക്കട്ടെ, ഒരു കാര്യത്തില്‍ തര്‍ക്കമില്ല. ഭയം എന്ന വികാരം ഒരിക്കലും സമ്പദ്‌വ്യവസ്ഥയുടെ മേല്‍ അനുകൂല ഫലമുളവാക്കില്ലെന്നത് അംഗീകരിക്കാതെ തരമില്ല.

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ സാധ്യത തള്ളിക്കളയുന്നതിനു പിന്നില്‍ അവരുടെ സംഘപരിവാര്‍ വിധേയത്വവുമാണുള്ളതെന്നും നമുക്കറിയാം. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കിയ ഉറപ്പനുസരിച്ച്, അവര്‍ സര്‍ക്കാരിനോടൊപ്പം നിന്നാല്‍, 2024ല്‍ ഇന്ത്യയെ ഒരു അഞ്ച് ലക്ഷം കോടി സമ്പദ്‌വ്യവസ്ഥയായി മാറ്റാം എന്നുതന്നെയാണ് കണക്കുകൂട്ടല്‍ എന്ന് കാണുന്നു. ‘അസ്സോചെം’ എന്ന വ്യവസായ സംഘടനയുടെ 100-ാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത അവസരത്തിലാണ് മോഡി തന്റെ ‘സ്വപ്നം’ അവരുമായി പങ്കുവച്ചത്. ഈ ല­ക്ഷ്യം നേടുന്നതിലേക്ക് വരുന്ന അഞ്ച് വര്‍ഷക്കാലയളവില്‍ 100 ട്രില്യന്‍ ആന്തരഘടനാ മേഖലയിലും 25 ട്രില്യന്‍ ഗ്രാമീണ മേഖലയിലും നിക്ഷേപം നടത്തുകയും ചെയ്യുമത്രെ. കേള്‍ക്കാന്‍ എന്തുരസം! അദ്ദേഹം ഇവിടംകൊണ്ടും നിര്‍ത്തിയില്ല. ഇന്ത്യയിലെ ഓരോ കുടുംബത്തിനും ശുദ്ധമായ കുടിവെള്ളമെത്തിക്കാന്‍ 3.5 ട്രില്യന്‍ ഇതിനുപുറമെയും ചെലവാക്കും!

വികസന മേഖലയില്‍ പൊതുവിലും ബാങ്കിംഗ്-ധനകാര്യ മേഖലകളിലും തൊഴില്‍ ലഭ്യതാ മേഖലയിലും പ്രത്യേകമായും തന്റെ സര്‍ക്കാരിനെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ക്ക് നേരിട്ടുള്ള കൃത്യമായ വിശദീകരണം നല്‍കുന്നതിനു പകരം മോഡി പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ വെമ്പല്‍കൊള്ളുന്നത് 2014ന് മുമ്പ് കേന്ദ്രഭരണത്തിലിരുന്ന യുപിഎ ഭരണകൂടത്തേയാണ്. അതിനുമപ്പുറം സ്വാതന്ത്ര്യാനന്തര കാലയളവില്‍ ഇന്ത്യയില്‍ ഭരണം നടത്തിയ മുഴുവന്‍ ഭരണകൂടങ്ങളെയുമാണ്. ഇക്കൂട്ടത്തില്‍ തന്റെ മുന്‍ഗാമിയും മാന്യനായൊരു രാഷ്ട്രീയ നേതാവുമായ അടല്‍ ബിഹാരി വാജ്പെയുടെ സര്‍ക്കാരും ഉള്‍പ്പെടുമായിരിക്കും. യുപിഎ ഭരണകൂടം ഒരു ദശകക്കാലം അധികാരത്തിലിരുന്നപ്പോള്‍ നിരവധി വട്ടം ജിഡിപി നിരക്ക് തകര്‍ച്ച നേരിട്ടപ്പോള്‍ തന്റെ ആറര വര്‍ഷത്തെ ഭരണകാലയളവില്‍ ഈ തകര്‍ച്ച 4.5 ശതമാനത്തിലെത്തിയത് ഒറ്റത്തവണ മാത്രമായിരുന്നു എന്ന് മോഡി തുടര്‍ന്ന് സ്വയം ആശ്വാസം തേടുകയാണ്.

മാത്രമല്ല, അക്കാലത്തെല്ലാം പണപ്പെരുപ്പ നിരക്ക് 9.4 ശതമാനമായി ഉയര്‍ന്നതും, ധനക്കമ്മി ജിഡിപിയുടെ 5.6 ശതമാനത്തിലെത്തിയതും മോഡി ചൂണ്ടിക്കാട്ടാ­ന്‍ മറന്നില്ല. എന്നാല്‍ നടപ്പു ധനകാര്യ വര്‍ഷത്തി­ലെ ധനക്കമ്മി എത്രയായിരിക്കുമെന്നത് തുറന്നുപറയാന്‍ മോഡി തയാറായതുമില്ല. ഇത്തരം അവകാശവാദങ്ങള്‍ക്ക് മോഡിയുടെ വിശദീകരണം ആവശ്യപ്പെടുന്നത് ഒരു ചോദ്യത്തിന് മാത്രമേയുള്ളു. മോഡി അധികാരമേറ്റ 2014ല്‍ അദ്ദേഹം നല്‍കിയ വാഗ്ദാനം എന്തായിരുന്നു എന്നോ? കോണ്‍ഗ്രസും സഖ്യകക്ഷികളും ഏഴ് ദശകക്കാലത്തിനിടയില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണ് ചെയ്തതെങ്കില്‍ ഈ തകര്‍ച്ചയില്‍ നിന്നും സമ്പദ് വ്യവസ്ഥയേയും ഇന്ത്യന്‍ ജനതയേയയും ഞാന്‍ അധികാരത്തില്‍ വന്ന് അഞ്ച് വര്‍ഷത്തിനകം രക്ഷിക്കുമെന്നായിരുന്നില്ലേ? ഈ വാഗ്ദാനം രണ്ടാം മോഡി ഭരണകൂടത്തിനു കീഴില്‍ കൂടുതല്‍ വഷളായതല്ലാതെ പരിഹരിക്കപ്പെട്ടോ? ഈ ചോദ്യത്തിനും ഉപചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍, സംഘപരിവാര്‍ ആസൂത്രണം ചെയ്ത ശ്രദ്ധ തിരിച്ചുവിടല്‍ തന്ത്രമാണ് പൗരത്വനിയമവും പൗരത്വ രജിസ്റ്ററും.

ആര്‍എസ്എസ് മേധാവി മോഹന്‍ഭഗ്‌വതും ആഭ്യന്തരമന്ത്രി അമിത്ഷായും അവകാശപ്പെടുന്നത് തങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ ഭരണഘടനയെയോ, ജനാധിപത്യ വ്യവസ്ഥയെയോ, അട്ടിമറിക്കുക എന്നതല്ല, ബിജെപി-സംഘപരിവാര്‍ മാനിഫെസ്റ്റൊവില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എന്തു വിലകൊടുത്തും നടപ്പാക്കുക എന്നതാണ്. എന്നാല്‍, ഇക്കൂട്ടത്തില്‍ സാമ്പത്തി­ക വാഗ്ദാനങ്ങള്‍ എന്തേ നടപ്പാക്കുന്നില്ല? പ്രതിവര്‍ഷം ഇന്ത്യയിലെ യുവാക്കള്‍ക്ക് രണ്ട് കോടി പുതിയ തൊഴിലവസരങ്ങള്‍ വാഗ്ദാനം നല്‍കിയിരുന്നതല്ലെ? അതെവിടെവരെ എത്തി? തൊഴിലില്ലായ്മ സംബന്ധമായ സത്യസന്ധമായ കണക്കുകള്‍ മറച്ചുവച്ചല്ലേ 2019ല്‍ അധികാരത്തിലെത്തിയത്? ഇപ്പോള്‍ തൊഴില്‍രഹിതരുടേത് 12 ശതമാനമായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഇത് നിഷേധിക്കാന്‍ കഴിയുമോ?.

(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.