Web Desk

January 12, 2021, 6:25 am

പിഎംകിസാൻ പദ്ധതി അന്വേഷണ വിധേയമാക്കണം

Janayugom Online

2019–20 സാമ്പത്തിക വർഷത്തെ ഇടക്കാല ബജറ്റിലായിരുന്നു പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി പ്രഖ്യാപിച്ചത്. ഇടക്കാല ബജറ്റായാലും അതിലെ പ്രഖ്യാപനങ്ങൾ നടപ്പിൽ ‌വരേണ്ടത് 2019 ഏപ്രിൽ ഒന്നിന് ശേഷമുള്ള സാമ്പത്തിക വർഷമായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് തൊട്ടു മുന്നിൽ നില്ക്കുക ആയിരുന്നു എന്നതിനാൽ ചട്ടങ്ങൾക്കു വിരുദ്ധമായി 2019 മാർച്ച് മാസം മുതൽ തന്നെ പിഎം-കിസാൻ പദ്ധതി രാജ്യത്ത് ആരംഭിക്കുകയാണ് നരേന്ദ്രമോഡി സർക്കാർ ചെയ്തത്. ഫെബ്രുവരി 24ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വിപുലമായ പരിപാടി സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ഇതിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

അതായത് 2018 ഫെബ്രുവരിയിലെ ബജറ്റിൽ പ്രഖ്യാപിക്കാതിരുന്നതും 2019 ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിലൂടെ 2019–20 സാമ്പത്തിക വർഷം നടപ്പിലാക്കേണ്ടിയിരുന്നതുമായ പദ്ധതി ചട്ടവിരുദ്ധമായി നേരത്തേ ആരംഭിച്ചുവെന്നർത്ഥം. രാജ്യത്തെ ചെറുകിട — നാമമാത്ര കർഷകർക്ക് കാർഷിക വരുമാനത്തിനു പുറമെ കേന്ദ്രസഹായമായി പ്രതിവർഷം 6,000 രൂപ കേന്ദ്രസർക്കാർ നല്കുന്നതാണ് ഈ പദ്ധതി. രണ്ടു ഹെക്ടർവരെ ഭൂമിയുള്ള ചെറുകിട കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക. കാർഷികേതര വരുമാനമുള്ള നിരവധി വിഭാഗക്കാരെയും രണ്ടു ഹെക്ടറിലധികം ഭൂമിയുള്ളവരും ആദായ നികുതി അടയ്ക്കുന്നവരുമായ കൃഷിക്കാരെയും ഒഴിവാക്കിയാണ് ഈ പദ്ധതി നടപ്പിലാക്കുകയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു പരിശോധനയ്ക്കും സമയം നല്കാതെയാണ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പദ്ധതി മാർച്ചിൽതന്നെ ആരംഭിച്ച് ആദ്യഗഡു ഗുണഭോക്താക്കൾക്ക് നല്കിയത്. അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്കുന്ന വിധത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്.

പ്രസ്തുത പദ്ധതി ധൃതിപിടിച്ച് ആരംഭിച്ചത് എന്തിനായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന ചില വിവരങ്ങൾ ദേശീയമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. വോട്ട് എന്ന ലക്ഷ്യം മാത്രം മുന്നിൽവച്ച് ആളുകളെ സ്വാധീനിക്കുന്നതിനുള്ള ഉപകരണമായി ഇതിനെ ഉപയോഗിക്കാൻ ശ്രമിച്ചുവോ എന്ന സംശയമാണ് ഇതിലൂടെ ഉയരുന്നത്. അർഹതയില്ലാത്ത 20.48 ലക്ഷം പേർക്കായി 1,364 കോടിരൂപ നല്കിയെന്നാണ് വിവരാവകാശ നിയമപ്രകാരം കേന്ദ്രസർക്കാർ നല്കിയ കണക്കുകളായി പുറത്തുവന്നിരിക്കുന്നത്. 2019ൽ പദ്ധതിയുടെ ആദ്യഗഡു നല്കിതുടങ്ങിയതിന് ശേഷം 2020 ജൂലൈ 31 വരെയുള്ള കാലയളവിലായി ഇത്രയും അനർഹർക്ക് തുക നല്കിയെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം വിവരം നല്കിയിരിക്കുന്നത്.

ആനുകൂല്യം ലഭിച്ച അനർഹരിലെ ഭൂരിപക്ഷവും അഞ്ച് സംസ്ഥാനങ്ങളിലായിരുന്നു. ഏറ്റവും കൂടുതൽ പേർ പഞ്ചാബിൽ നിന്നാണ്. 4.74 ലക്ഷം (23.16 ശതമാനം പേർ) പേരാണ് ഇവിടെ അർഹതയില്ലാതെ ആനുകൂല്യം നേടിയിരിക്കുന്നത്. ബിജെപി ഭരിച്ചിരുന്ന മഹാരാഷ്ട്ര, ഇപ്പോഴും ഭരിക്കുന്ന ഗുജറാത്ത്, ഉത്തർപ്രദേശ്, അസം സംസ്ഥാനങ്ങളാണ് പഞ്ചാബിന് പിറകിൽ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. അസമിൽ 3.45 ലക്ഷം ( 16.87 ശതമാനം), മഹാരാഷ്ട്രയിൽ 2.86 ലക്ഷം (13.99 ശതമാനം), ഗുജറാത്തിൽ 1.64 ലക്ഷം (8.05 ശതമാനം), യുപിയിൽ 1.64 ലക്ഷം (8.01 ശതമാനം) പേർ വീതമാണ് അനർഹരായി ആനുകൂല്യങ്ങൾ നേടിയെടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതായിരുന്നു പദ്ധതിയെന്ന് അന്ന് ആക്ഷേപമുയർന്നിരുന്നതാണ്. അത് ശരി വയ്ക്കുന്നുവെന്ന് മാത്രമല്ല അനർഹർക്കു നല്കിക്കൊണ്ട് രാജ്യത്തിന്റെ ഖജനാവിലെ തുക ദുരുപയോഗം ചെയ്യുകയുമാണ് മോഡി സർക്കാർ ചെയ്യുന്നതെന്ന് ഇതിൽനിന്ന് ബോധ്യമാകുന്നു. യഥാർത്ഥ കർഷകർക്ക് നല്കേണ്ട ആനുകൂല്യമാണ് ബോധപൂർവം ഉദ്യോഗസ്ഥ ലോബിയെ ഉപയോഗിച്ച് അനർഹർക്ക് നല്കപ്പെട്ടിരിക്കുന്നത്. മോഡിസർക്കാരിന്റെ പല പദ്ധതികളും ഇതേ രീതിയിൽ ദുരുപയോഗിക്കപ്പെടുകയോ പ്രഖ്യാപനങ്ങളായി അവശേഷിക്കുകയോ ചെയുന്നുണ്ടെന്നതിന് നിരവധി ഉദാഹരണങ്ങൾ പുറത്തു വരികയുണ്ടായി.

തെരഞ്ഞെടുപ്പിൽ കുറച്ചു വോട്ടുകൾക്കു വേണ്ടി ഖജനാവ് ദുരുപയോഗം ചെയ്യുകയും ആളുകളെ പറ്റിക്കുന്നതിന് പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്യുന്നതാണ് മോഡി സർക്കാരിന്റെ രീതി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ പേരിൽ പാചകവാതക സിലിണ്ടർ നല്കുന്ന പദ്ധതിയായ പിഎം ഉജ്ജ്വല യോജനയുടെ ഉദ്ഘാടനവും നരേന്ദ്രമോഡിയാണ് കൊട്ടിഘോഷിച്ച് 2016ൽ നടത്തിയത്. എന്നാൽ ഈ പദ്ധതിയിൽ സിലിണ്ടർ നല്കിയെന്ന് പ്രചരിപ്പിക്കപ്പെട്ട സ്ത്രീക്ക് കഴിഞ്ഞ വർഷം വരെ അത് ലഭിച്ചിരുന്നില്ലെന്ന വാർത്തകളുണ്ടായിരുന്നു. ഇങ്ങനെ വിവിധ പദ്ധതികളാണ് പാതിവഴിയിലോ പ്രഖ്യാപനങ്ങളായോ അവശേഷിക്കുന്നത്. അതിൽനിന്ന് കുറേകൂടി വ്യത്യസ്തമായാണ് പിഎംകിസാൻപദ്ധതിയെ കുറിച്ച് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ നില്കുന്നത്. വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് വ്യക്തമാകുന്നത്.

ധൃതി പിടിച്ച് ഇത്തരമൊരു പദ്ധതി തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടപ്പിലാക്കിയത് ആ ഉദ്ദേശ്യത്തോടെയായിരുന്നോ എന്ന്കണ്ടെത്തേണ്ടതുണ്ട്. കോടിക്കണക്കിന് ഗുണഭോക്താക്കളുള്ള ഒരു പദ്ധതി, സുതാര്യമായ മാർഗത്തിലൂടെയും കർശന പരിശോധനകളോടെയും അവരെ തെരഞ്ഞെടുക്കുന്നതിനുള്ള രീതികൾ അവലംബിച്ചുവേണം നടപ്പിൽ വരുത്തേണ്ടത്. അല്ലെങ്കിൽ ഗുരുതരമായ ക്രമക്കേടുകളും അനർഹരുടെ തള്ളിക്കയറ്റവും സംഭവിക്കുമെന്നുറപ്പാണ്. എന്നിട്ടും ഇത്തരത്തിൽ ഈ പദ്ധതിയെ കൈകാര്യം ചെയ്തത് ഗുരുതരമായ വീഴ്ചയാണ്. അന്വേഷണ വിധേയമാക്കേണ്ടതുമാണ്.