ശ്യാമമാധവം-ശ്രീകൃഷ്ണന്റെ പശ്ചാത്താപത്തിന്റെ കാവ്യം

എൽ ഗോപീകൃഷ്ണൻ
Posted on March 07, 2020, 10:27 am

ശ്രീകൃഷ്ണൻ ഒരു സാങ്കല്പിക കഥാപാത്രമാണ്. അതിന്റെ നിലനില്പ് ഭാവനയിൽ മാത്രമാണ്. ഇന്നും എന്നും ഇറങ്ങിയിട്ടുള്ള നോവലുകളിലെ ഏതൊരു കഥാപാത്രത്തെയുംപോലെ ശ്രീകൃഷ്ണനും മഹാഭാരതത്തിലെ ഒരു കഥാപാത്രം മാത്രമാണ്. കഥാപാത്രങ്ങളുടെ മാനസികാവിഷ്കരണം, കഥാകാരന്റെ സ്വന്തമായിരിക്കും. ജീവിതത്തിന്റെ നിലനിൽപ്പിൽ സന്തോഷവും സന്താപവും ഉണ്ട്. സന്തോഷത്തിനുള്ളതുപോലെ, ദുഃഖത്തിനും ഇടമുണ്ട്. നമ്മളിലേറെപ്പേരും സന്തോഷവദനനായ ശ്രീകൃഷ്ണനെ മാത്രമേ അറിഞ്ഞിട്ടുള്ളു. കുസൃതിയോടെ വെണ്ണമോഷ്ടിച്ചുകഴിക്കുമായിരുന്ന കൃഷ്ണൻ, ഗോപസ്ത്രീകളെ കോരിത്തരിപ്പിച്ചു കൊണ്ട് പുല്ലാംകുഴലൂതി അവരെ തൃപ്തരാക്കിയിരുന്നു കൃഷ്ണൻ, അവരോട് ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും നടന്ന കൃഷ്ണൻ, അവരുടെ ഉടയാടകൾ കവർന്ന് രസിച്ചിരുന്ന കൃഷ്ണൻ ഇതൊക്കെയാണ് മാലോകർ കണ്ടിരുന്ന കൃഷ്ണ സങ്കല്പം. ആയതിനാൽ ഇക്കാര്യങ്ങളെക്കുറിച്ച് മാത്രം കവിതകൾ രചിച്ചാലേ പൂന്താനം ട്രസ്റ്റിന്റെ അവാർഡ് കൊടുക്കാവൂ എന്ന് ചിന്തിക്കുന്നത് ബാലിശമാണ്. ശുദ്ധ അറിവില്ലായ്മയാണ്.

കൃഷ്ണന്റെ മനസ്സിന്റെ മറുവശമാണ് പ്രഭാവർമ്മ തന്റെ ശ്യാമമാധവത്തിൽ പറയുന്നത്. മാത്രവുമല്ല, അത് മഹാഭാരതകഥയുമായി ഒത്തുപോകുന്നതുമാണ്. ശ്രീകൃഷ്ണന് ദുഃഖിക്കാൻ അവകാശമില്ലേ? പശ്ചാത്തപിക്കാൻ അവകാശമില്ലേ? അറിഞ്ഞാ അറിയാതെയോ വന്നുപറ്റിയ തെറ്റുകൾ തെറ്റാണെന്ന് വിലയിരുത്തിക്കൂടെന്നുണ്ടോ? മുപ്പത്തിനാലാം വയസ്സിൽ ഒരു വൃക്ഷക്കൊമ്പിൽ വെറുതെയിരുന്ന ശ്രീകൃഷ്ണന്റെ കാൽവിരൽത്തുമ്പിൽ ഒരു വേടന്റെ കൂരമ്പേറ്റു. അമ്പേറ്റപ്പോൾ അദ്ദേഹത്തിനും വേദനയുണ്ടായി. മരണം ആസന്നമായിരിക്കുന്നു എന്ന സത്യം അദ്ദേഹം അറിയുന്നു. മരണത്തെ വരിക്കുന്നതിനു തൊട്ടുമുമ്പ് ശ്രീകൃഷ്ണൻ താൻ ചെയ്തുപോയ അപരാധങ്ങളെ അയവിറക്കുന്നതാണ് ശ്യാമമാധവം. കർണ്ണൻ കുന്തീപുത്രനാണെന്ന കാര്യം അറിയാമായിരുന്നത് മായക്കണ്ണന് മാത്രമായിരുന്നു. കുന്തിക്കുപോലും അറിയില്ലായിരുന്നു, ആ രഹസ്യം. ശ്രീകൃഷ്ണൻ തന്റെ സ്വാർത്ഥതകൊണ്ട് ആരേയും അറിയിച്ചില്ല. അറിയിച്ചിരുന്നെങ്കിൽ ഒരു കുരുക്ഷേത്രയുദ്ധം ഉണ്ടാകില്ലായിരുന്നു. അതു താൻ തക്കസമയത്ത് പറയാതെ പോയത് തെറ്റായിപ്പോയി എന്ന് കൃഷ്ണൻ ചിന്തിച്ചാൽ അത് ശരിയല്ലേ? യുദ്ധം ജയിക്കാനായി സഹോദരന്മാരെയും, പിതാമഹന്മാരെയും വധിക്കാൻ വിമുഖത കാട്ടിയ അർജ്ജുനനെ കൃഷ്ണൻ ഉപദേശം നൽകി ധീരനാക്കിമാറ്റുന്നു.

യുദ്ധം ജയിച്ചുകഴിഞ്ഞപ്പോൾ, ഈ യുദ്ധം വേണ്ടായിരുന്നുവെന്ന് യുധിഷ്ഠിരനും, മറ്റുള്ളവരും ചിന്തിച്ചുപോകുന്നു. രാജ്യം ഭരിക്കാൻ പാണ്ഡവർ താല്പര്യം കാണിക്കുന്നില്ല. ഇതെല്ലാം കൃഷ്ണനെ വേദനിപ്പിച്ചിട്ടുണ്ടാവും എന്നത് ഒരു സത്യമല്ലേ? ഗീതോപദേശം ഒന്നുകൂടി കേട്ടാൽ കൊള്ളാമെന്ന് പറഞ്ഞ അർജ്ജുനനോട്, അതെല്ലാം എനിക്കു മറന്നുപോയി എന്ന് പറഞ്ഞാെഴിയുന്ന കൃഷ്ണന്റെ പശ്ചാത്താപവിവശമായ മനസ്സിനെയാണ് കവി പ്രഭാവർമ്മ ഇവിടെ തുറന്നുകാട്ടുന്നത്. യുദ്ധം കഴിഞ്ഞ്, യുദ്ധക്കളം കണ്ട ഗാന്ധാരി സർവനാശത്തിനും കാരണക്കാരൻ ശ്രീകൃഷ്ണൻ മാത്രമാണെന്നും ഈ കൊടുംചതിക്ക് നേതൃത്വം കൊടുത്തതിന് കൃഷ്ണന് ആയുസറാതെ മരിക്കേണ്ടിവരുമെന്നും ശപിക്കുന്നു. ആ ശാപവചനങ്ങൾ കേട്ട ശ്രീകൃഷ്ണൻ അതിന് ഒരു എതിരഭിപ്രായവും പറഞ്ഞില്ല. പകരം അത് ശരിയാണെന്ന് ഭാവിച്ചു.

മനുഷ്യനായാലും ദൈവമായാലും തങ്ങൾക്ക് സംഭവിച്ച അബദ്ധങ്ങളെയും തെറ്റുകളെയും ഓർത്ത് പശ്ചാത്തപിക്കുന്നത് ഒരു മഹാന്റെ ലക്ഷണമല്ലേ? ശ്രീകൃഷ്ണൻ അങ്ങനെ മഹാനായി അമരത്വം നേടുകയല്ലേ ഈ കൃതിയിൽ. ആയതിനാൽ പൂന്താനം ട്രസ്റ്റിന്റെ അവാർഡിന് ഏറ്റവും അനുയോജ്യമായ കൃതി ശ്യാമമാധവമാണെന്ന് ഏതൊരു സഹൃദയനും പറയും. പ്രഭാവർമ്മ രചിച്ച ശ്യാമമാധവം ഉത്തമകാവ്യസൃഷ്ടിയാണ്. ഗുരുവായൂർ പൂന്താനം ട്രസ്റ്റിന്റെ ഒരു പരിപാടിയിൽ, കഴിഞ്ഞ ആഴ്ച പങ്കെടുത്തുകൊണ്ട് ഡോ. എം ലീലാവതി പ്രസംഗിച്ചത് ഇപ്രകാരമാണ്. ഇക്കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾക്കിടയിൽ പ്രസിദ്ധീകരിച്ച കാവ്യരചനകളിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന കൃതി ഏതാണ് എന്ന് എന്നോടു ചോദിച്ചാൽ, ഞാൻ പറയും അത് ശ്യാമമാധവമാണെന്ന്. കക്ഷിഭേദമന്യേ കടകംപള്ളി സുരേന്ദ്രനും സി ദിവാകരനും രമേശ് ചെന്നിത്തലയും എം പി വീരേന്ദ്രകുമാറും പ്രൊഫ. എം കെ സാനുമാഷുമെല്ലാം ഈ ഗ്രന്ഥത്തിന്റെ മനോഹാരിതയെക്കുറിച്ചും മേന്മയെക്കുറിച്ചും പ്രശംസിക്കുകയുണ്ടായി.