June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022

കവിയുടെ രാഷ്ട്രീയബോധവും ഭക്തിയും

By Janayugom Webdesk
December 11, 2019

കുരീപ്പുഴ ശ്രീകുമാർ

കന്യാസ്ത്രീകൾ ഹൈക്കോടതിയുടെ സമീപം നടത്തിയ സമരത്തെ ഭക്തി തീരെയില്ലാത്തവർ പോലും അനുകൂലിച്ചു. അഭയക്കേസിൽ ശരിയായ അന്വേഷണവും വിധിയും ഉണ്ടാകണമെന്ന കാര്യത്തിൽ ഭക്തിയില്ലാത്തവർക്ക് ഒരു സംശയവും ഇല്ല. ശബരിമലയിൽ പോയി പ്രാർഥിക്കണമെന്ന് സന്താനോല്പാദന ശേഷിയുള്ള ഒരു വനിതയ്ക്ക് തോന്നിയാൽ തീരെ ഭക്തിയില്ലാത്തവരും അതിനെ അനുകൂലിക്കുന്നു. ബാബറിപ്പള്ളി പൊളിച്ചതിനെ ഭക്തിയില്ലാത്തവർ എതിർത്തു. ഇത് എന്തുകൊണ്ടാണ്? ഭക്തിയില്ലാത്തവർ, ഭക്തിയുള്ളവരെക്കാൾ കൂടുതൽ സ്വാതന്ത്ര്യത്തിലും സമത്വത്തിലും സമാധാനത്തിലും വിശ്വസിക്കുന്നു എന്നുള്ളത് കൊണ്ടാണ്. എന്നാൽ സ്വന്തം സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഇല്ലെങ്കിലും അന്യമതസ്ഥകൾക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്ന് വാദിക്കുന്നവരും ഉണ്ട്.

അവരാണ് കന്യാസ്ത്രീ സമരത്തെ അനുകൂലിക്കുകയും ശബരിമലയിൽ സഹോദരിമാരെ തടയാൻ അണിനിരക്കുകയും ചെയ്തത്. രാഷ്ട്രീയബോധമുള്ള ഒരു കവിക്ക് ഭക്തി അർഥശൂന്യമെന്ന് അറിയാമെങ്കിലും അവിടെയുള്ള ജീവിതത്തെ കാണാതിരിക്കാൻ കഴിയുന്നില്ല. ദൈവങ്ങൾക്കിടയിൽ ജന്മിമാരും പാവങ്ങൾക്കിടയിൽ ദൈവങ്ങളും ഉണ്ടെന്നു വയലാർ ഒരു സിനിമാപ്പാട്ടിൽ സിദ്ധാന്തിക്കുന്നുണ്ട്. ആലുവാപ്പുഴയ്ക്ക് അക്കരെയുള്ള ഒരു അമ്പലം പൊന്നമ്പലം. ഇക്കരെയുള്ള ദരിദ്രകൃഷ്ണന് കല്ലമ്പലം. അക്കരെ കൃഷ്ണന് നൃത്തമാടാൻ ആയിരം ഗോപികമാർ. ഇക്കരെ കൃഷ്ണന് ചന്ദനം ചാർത്താൻ എല്ലുപോലെ ഒരു എമ്പ്രാന്തിരി. ഇത്തരം ചിത്രീകരണങ്ങ­ൾക്ക് ശേഷമാണ്, ദൈവങ്ങൾക്കിടയിലും ജന്മികൾ, പാവങ്ങൾക്കിടയിലും ദൈവങ്ങൾ എന്ന് വയലാർ എഴുതുന്നത്. ഭക്തി അന്ധവിശ്വാസത്തിന്റെ ഭാഗം മാത്രമാണെന്ന് തിരിച്ചറിയുമ്പോഴും ആ മേഖലയിലെ ജീവിതവേദനകൾ കാണാതിരുന്നുകൂടാ. ഇഐഎസ് തിലകന്റെ അഞ്ജനം എന്ന കവിത മുഖപുസ്തകത്തിൽ ചേർക്കാനായി വായിച്ചപ്പോഴാണ് ഈ ചിന്തകൾ ഉണ്ടായത്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തനം ആരംഭിക്കുകയും ആ പ്രത്യയശാസ്ത്രത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യുന്ന കവിയാണ് തിലകൻ. അമ്പതു വർഷത്തിലധികമായി അദ്ദേഹം മുംബൈ നഗരത്തിൽ ജീവിക്കുന്നു. അഞ്ജനം എന്ന കവിത ഒരു ക്ഷേത്രം അഗ്നിക്ക് ഇരയാവുന്നതിനെ കുറിച്ചാണ്. ഒരു ക്ഷേത്രം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞ സി കേശവനെയും ഗുരുവായൂർ അമ്പലം കത്തിയപ്പോൾ തീയണയ്ക്കാൻ ഓടിയെത്തിയവരിൽ ഉണ്ടായിരുന്ന അഹിന്ദുവായ എ വി ജോസിനെയും ഒക്കെ ഈ കവിത ഓർമ്മയിൽ കൊണ്ടുവരും. ഊട്ടുപുരയിൽ മനുഷ്യർക്ക് തിന്നേണ്ട ആഹാരമാണ് ആദ്യം തീ തിന്നുന്നത്. ആക്രാന്തം തീരാതെ ചുറ്റമ്പലത്തിലേക്ക് കയറി. ശ്രീകോവിലിലേക്ക് കയറാൻ അഗ്നിദേവനു ധൈര്യം വരില്ലെന്നു മേൽശാന്തി ആണയിട്ടു.

അഗ്നിക്ക് ധൈര്യം വന്നു. ശ്രീകോവിലിനു തീപിടിച്ചു. മേൽശാന്തി, അഞ്ജനശിലയിലുള്ള വിഗ്രഹം ഇളക്കിയെടുത്ത് വീട്ടിലേക്കു നടന്നു. ദൈവത്തെ രക്ഷിക്കാനാണോ ഇങ്ങനെ ചെയ്തത്? കവി പറയുന്നത്, അമിത ചൂടിൽ അഞ്ജനവിഗ്രഹം ഉരുകിപ്പോയാൽ മേൽശാന്തിയുടെയും മറ്റു പല പാവങ്ങളുടെയും കഞ്ഞികുടി മുട്ടും എന്നാണ്. അതെ, രാഷ്ട്രീയബോധമുള്ള ഒരു കവിക്ക് ദൈവത്തെക്കാൾ പ്രധാനം ശാന്തിക്കാരന്റെയും മറ്റു പാവങ്ങളുടെയും വിശപ്പാണ്. ദൈവത്തിന്റെ അപ്രസക്തി ചൂണ്ടിക്കാണിക്കുമ്പോഴും വിശപ്പ് മറക്കാൻ കഴിയില്ല. അത് അടയാളപ്പെടുത്താതെ വയ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.