ആള്‍ക്കൂട്ടാക്രമണത്തിന് ഇരയായി പോലീസുകാരും

Web Desk
Posted on September 08, 2019, 3:49 pm

പട്‌ന: മുസാഫര്‍പൂരില്‍ ആള്‍ക്കൂട്ടാക്രമണത്തിന് ഇരയായി പോലീസുകാരും. കാണാതായ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ അഴുക്ക് ചാലില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാട്ടുക്കാര്‍ പോലീസുകാരെ കെട്ടിയിട്ട് ആക്രമിച്ചത്. ശനിയാഴ്ചയാണ് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ ആള്‍ക്കൂട്ടം മുസഫര്‍പൂരിലെ ഔറൈ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. അജ്ഞാതരുടെ അടിയേറ്റ് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. വലിയ മുളവടികളുപയോഗിച്ച് ആള്‍ക്കൂട്ടം പൊലീസുകാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിച്ചു.