24 April 2024, Wednesday

Related news

April 23, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

സംഘ്പരിവാറിന്റെ വര്‍ഗീയ വിത്തിന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വളം

സത്യന്‍ മൊകേരി
വിശകലനം
May 4, 2022 6:00 am

നവഫാസിസ്റ്റുശക്തികള്‍ രാജ്യത്തിന്റെ എല്ലാ മേഖലകളും കയ്യടക്കുന്നതിനു വേണ്ടി ആസൂത്രിതമായ നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. 2024 ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് നീക്കങ്ങള്‍. ഭരണത്തുടര്‍ച്ച അത്ര എളുപ്പമല്ലെന്ന് സംഘ്പരിവാറിന്റെ നേതൃത്വമായ ആര്‍എസ്എസ് ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ദ്രുതഗതിയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചത്. മോഡി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതുമുതല്‍ ആഗോളമൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കുന്ന നയങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക മേഖല, ആഗോള‑ദേശീയ ധനമൂലധന ശക്തികള്‍ക്ക് കൈമാറ്റാനുള്ള നടപടികളാണ് അവ. നവഫാസിസ്റ്റ് ശക്തികള്‍ ജനകീയ പ്രക്ഷോഭങ്ങളെ തളര്‍ത്താനുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്. ആഗോള, ദേശീയ ധനമൂലധന ശക്തികള്‍ ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന നവഫാസിസ്റ്റ് ശക്തികള്‍ക്കായി എല്ലാ പിന്തുണയും നല്‍കുന്നുമുണ്ട്. ധനമൂലധന ശക്തികളാണ് ഇന്ത്യയിലെയും ലോകത്തിലെയും അച്ചടി-ദൃശ്യ, മാധ്യമങ്ങളും നവമാധ്യമങ്ങളും നിയന്ത്രിക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണയോടെ അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന നയങ്ങള്‍ രാജ്യത്തിന് ദുരിതങ്ങള്‍ വാരിവിതറുകയാണ്. അസമത്വം അനുദിനം വര്‍ധിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം വളരെ പ്രകടമാണ്. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ തെരുവിലേക്ക് തള്ളപ്പെടുന്നു. പട്ടിണിക്കാരായ ജനങ്ങളുടെ എണ്ണം പെരുകുന്നു. കാര്‍ഷിക മേഖലയും ചെറുകിട‑ഇടത്തരം വ്യവസായ മേഖലകളും ആഗോളീകരണ നയം നടപ്പിലാക്കിയതോടെ അനുദിനം പ്രതിസന്ധിയിലാണ്. ഇതിനെതിരായ ശക്തമായ ജനകീയ പ്രക്ഷോഭം രാജ്യത്ത് വളര്‍ന്നുവരുന്നുണ്ട്. കര്‍ഷകരും തൊഴിലാളികളും ഇടത്തരക്കാരും വിദ്യാര്‍ത്ഥികളും യുവാക്കളും വീട്ടമ്മമാരും ബുദ്ധിജീവി വിഭാഗവും വിവിധ തുറകളിലുള്ളവരും കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തിനെതിരെ തെരുവിലാണ്. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കര്‍ഷകപ്രക്ഷോഭവും ഇന്ത്യന്‍ തൊഴിലാളി വര്‍ഗം നടത്തുന്ന പൊതുപണിമുടക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളും അതിന്റെ ഭാഗമാണ്. പ്രക്ഷോഭങ്ങളില്‍ ജനങ്ങളെ വിപുലമായി അണിനിരത്തി കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകണം. വളര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ശക്തിസ്രോതസ് സിപിഐയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ജനാധിപത്യ‑മതേതര ശക്തികളുമാണ്. അത് മനസിലാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യ മതേതര ശക്തികള്‍ക്കും എതിരെ നീക്കങ്ങള്‍ നടക്കുന്നു. തങ്ങള്‍ക്കെതിരായി ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ജനകീയ മുന്നേറ്റത്തിന് പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന‍ സിപിഐയെയും ഇടതുപക്ഷ ജനാധിപത്യ പാര്‍ട്ടികളെയും അതിന്റെ ശക്തികേന്ദ്രങ്ങളെയും ദുര്‍ബലപ്പെടുത്തുക എന്ന രാഷ്ട്രീയ തന്ത്രമാണ് നവഫാസിസ്റ്റ് ശക്തികള്‍ ആവിഷ്കരിക്കുന്നത്. കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുമെതിരായി ആസൂത്രിതമായ കരുനീക്കങ്ങള്‍ നടക്കുകയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ഒന്നാം എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരെ അതിശക്തമായ നീക്കങ്ങളാണ് നടത്തിയിരുന്നത്. കേന്ദ്ര ഗവണ്‍മെന്റും കോര്‍പറേറ്റ് മാധ്യമങ്ങളും ബിജെപിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണിയും ഒരുമിച്ച് ചേര്‍ന്ന് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി. അപവാദ പ്രചരണങ്ങള്‍ പടച്ചുവിട്ടു. ജനങ്ങളെ അണിനിരത്തി ഗവണ്‍മെന്റിനെതിരായ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി‍ക്ക് കഴിഞ്ഞു. എല്‍ഡിഎഫിനെ തളര്‍ത്താന്‍ എല്ലാ പിന്തിരിപ്പന്‍ ശക്തികളും വര്‍ഗീയവാദികളും ഒരുമിച്ച് അണിനിരന്നു. ഗവണ്‍മെന്റിനെതിരായ ദൃശ്യ‑ശ്രവ്യ‑അച്ചടി മാധ്യമങ്ങള്‍ അതിന് പൂര്‍ണ പിന്തുണ നല്‍കി. അതിനെയെല്ലാം അതിജീവിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളുടെ വലിയ പിന്തുണയോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നത്. ജനവിധിയെ അംഗീകരിക്കാന്‍ ബിജെപിയും യുഡിഎഫും കോര്‍പറേറ്റ് മാധ്യമങ്ങളും തയാറാകുന്നില്ല.


ഇതുകൂടി വായിക്കാം; പ്രധാനമന്ത്രിയുടെ ആവശ്യം വഞ്ചനാപരം, ദുരുപദിഷ്ടം


വീണ്ടും അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഗവണ്‍മെന്റിനെതിരായി ആസൂത്രിതമായ നീക്കങ്ങള്‍ സംസ്ഥാനത്തുടനീളം തുടരുകയാണ്. സംഘര്‍ഷം സൃഷ്ടിച്ച് അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. രാജ്യത്തിന് മാതൃകയായ കേരളത്തിലെ ജനങ്ങളുടെ മതനിരപേക്ഷാ ബോധത്തെ തകര്‍ക്കാന്‍ കലാപങ്ങള്‍ അഴിച്ചുവിടാൻ‍ ഹിന്ദുത്വ ശക്തികളും മുസ്‌ലിം വര്‍ഗീയ ശക്തികളും ശ്രമിക്കുന്നു. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താം എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഹിന്ദുത്വ വികാരം ഉണര്‍ത്തുന്നതിന് ഒരു ഭാഗത്ത് മുസ്‌ലിം വിരോധം ആളിക്കത്തിക്കുന്നു. മുസ്‌ലിം വികാരം ഉണര്‍ത്തുന്നതിന് ഹിന്ദു വിരുദ്ധ പ്രചരണങ്ങള്‍ സംഘടിപ്പിക്കുകയാണ്. ഇതിനെല്ലാം പണവും സഹായവും നല്‍കുന്നത്‍ ഒരേ കേന്ദ്രങ്ങളാണ്. തങ്ങളുടെ മതവിശ്വാസം ഉയര്‍ത്തിപ്പിടിച്ച്, മറ്റു മതവിശ്വാസികളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജനതയാണ് കേരളത്തിലുള്ളത്. മതനിരപേക്ഷതാ ബോധം കേരളത്തില്‍ ശക്തിപ്പെട്ടത് വര്‍ഗബോധം ഉയര്‍ത്തിക്കൊണ്ട് വന്നതിലൂടെയാണ്. കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനവും ശക്തമായ ബഹുജന സംഘടനകളുമാണ് അത് ഏറ്റെടുത്തത്. വര്‍ഗീയ വിദ്വേഷം ആളിക്കത്തിച്ച് ജനങ്ങളിലെ വര്‍ഗപരമായ ബോധം ഇല്ലായ്മ ചെയ്യുകയാണ് വര്‍ഗീയ ശക്തികളുടെ ഉന്നം. അതിലൂടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ‑പ്രസ്ഥാനങ്ങളെയും ജനങ്ങളിലെ ജനാധിപത്യ, മതനിരപേക്ഷ ബോധവും ദുര്‍ബലമാക്കാന്‍ കഴിയണം എന്നാണവര്‍‍ ലക്ഷ്യമിടുന്നത്. ആലപ്പുഴയിലും പാലക്കാട്ടും നടന്ന കൊലപാതകങ്ങളും‍ ഇതിന്റെ ഭാഗമാണ്. മതപരമായ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് പരാജയപ്പെടുത്തണം. രാജ്യത്തിനാകെ മാതൃകയായതും ഇന്ത്യയിലെ ഇടത്-ജനാധിപത്യ‑മതേതര ശക്തികള്‍ക്ക് ഏറെ പ്രചോദനവും ശക്തിയും നല്‍കുന്നതാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. ഈ ഗവണ്മെന്റിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം കേന്ദ്ര ഗവണ്മെന്റ് തന്നെ നടത്തുന്നുണ്ട്. ആഗോളവല്ക്കരണ നയങ്ങള്‍ വഴി കേന്ദ്ര ഗവണ്‍മെന്റ് പൊതുമേഖലയെ സ്വകാര്യവല്ക്കരിക്കുമ്പോള്‍ കേരളത്തില്‍ പൊതുമേഖലയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുകയാണ്. നഷ്ടത്തിലായ പൊതുമേഖലയെ ലാഭകരമാക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. കാര്‍ഷിക‑മൃഗസംരക്ഷണ മേഖലകളിലും പൊതുവിതരണ രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിദ്യാഭ്യാസ‑ആരോഗ്യ മേഖലയിലും ലോകത്തിന് മാതൃകയായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. വീടില്ലാത്തവര്‍ക്ക് വീട് ലഭ്യമാക്കുന്നതിനുള്ള പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നു. സംസ്ഥാനത്തിന്റെ വികസന രംഗത്ത് കുതിപ്പുണ്ടാക്കുന്നതിന് ഗവണ്‍മെന്റ് ആവിഷ്കരിച്ച പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി നൂറ് ദിവസംകൊണ്ട് പൂര്‍ത്തീകരിക്കുന്ന പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. അധികാരത്തില്‍ വന്നതിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് തയാറാക്കിയ പദ്ധതികള്‍ ഇതിനകം തന്നെ ആരംഭിച്ചു. ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള പദ്ധതികളും സംസ്ഥാനത്തുടനീളം പ്രാവര്‍ത്തികമാക്കുകയാണ്. ദേശീയ ഹൈവേ വികസനം തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ ജലപാത, ഉള്‍നാടന്‍ ജലപാതാവികസനം എന്നിവയുടെ പ്രവര്‍ത്തനം അതിവേഗതയില്‍ മുന്നോട്ടുപോകുന്നു. തടസങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗവണ്‍മെന്റ് നടപ്പിലാക്കിയത്. കേരളത്തിന്റെ വികസന രംഗത്ത് മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന വികസന പദ്ധതികളെ തടസപ്പെടുത്തുന്ന നീക്കങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തിയത്. എസ്ഡിപിഐയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വികസന പദ്ധതികളെ തടസപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. വികസന പദ്ധതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ഗവണ്മെന്റിന് കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുമ്പോള്‍ തങ്ങളുടെ നഷ്ടപ്പെടുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ക്ക് മോഹിച്ച വില തന്നെ ലഭിക്കുന്ന സാഹചര്യം ഉണ്ടായി. ഗവണ്മെന്റ് പൂര്‍ണമായ നഷ്ടപരിഹാരം ഉറപ്പുവരുത്തി. ഇപ്പോള്‍ ജനങ്ങള്‍ പദ്ധതികളുമായി പൂര്‍ണമായി സഹകരിക്കുകയും ഗവണ്‍മെന്റിന് പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ വീണ്ടും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. തെറ്റായ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ ഗവണ്‍മെന്റിനെതിരായി അണിനിരത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ബിജെപിയും സംഘപരിവാര്‍ സംഘടനകളും യുഡിഎഫും എസ്ഡിപിഐയും എല്‍ഡിഎഫ് ഗവണ്മെന്റിനെതിരായി പോര്‍വിളികള്‍ നടത്തുകയാണ്. തെറ്റായ പ്രചരണങ്ങള്‍ നടത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച അടിസ്ഥാന വികസന പദ്ധതിയാണ് കേരളത്തിന്റെ വടക്ക്-തെക്ക് ഭാഗങ്ങളെ റയില്‍ ലൈനിലൂടെ ബന്ധിപ്പിക്കുന്ന സില്‍വര്‍ ലൈന്‍. യുഡിഎഫ് ഭരണകാലത്ത് ഹൈസ്പീഡ് റയില്‍ എന്ന പദ്ധതി മുന്നോട്ട് വയ്ക്കുകയും അതിന്റെ പ്രാരംഭ നടപടികള്‍ ആവിഷ്കരിക്കപ്പെടുകയും ചെയ്തിരുന്നതാണ്.


ഇതുകൂടി വായിക്കാം; പദ്ധതി പ്രഖ്യാപനങ്ങളിലെ പക്ഷപാതിത്വവും രാഷ്ട്രീയവും


യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് ഗവ­ണ്‍മെന്റ് മുന്നോട്ടുവച്ച പദ്ധതിയെ രാഷ്ട്രീയ ലക്ഷ്യംവച്ച് എതിര്‍ക്കുന്നു. സില്‍വര്‍ ലൈനിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ക്രമസമാധാന പ്രശ്നം സംസ്ഥാനത്ത് ഉണ്ടാക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫും ബിജെപിയും എസ്ഡിപിഐയും നടത്തുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ അടിസ്ഥാന വികസന മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. പദ്ധതി നടപ്പിലാക്കുമ്പോള്‍ അതുസംബന്ധമായി ജനങ്ങളെ ബോധ്യപ്പടെുത്തണം, പദ്ധതി സംബന്ധമായ വിശദാംശങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കണം എന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ കേരള ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഡിപിആര്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങള്‍ ഏതാണ് എന്ന് നിശ്ചയിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. സാമൂഹ്യ ആഘാത പഠനവും പരിസ്ഥിതി ആഘാതപഠനവും നടത്തുമെന്നും ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന നഷ്ടപരിഹാരവും സംരക്ഷണവും നല്‍കുമെന്ന് ഗവണ്‍മെന്റ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമിയും വീടും നഷ്ടപ്പെടുന്നവരെയെല്ലാം പുനരധിവസിപ്പിക്കുന്ന പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കേരള ഗവണ്മെന്റ് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. നല്‍കുന്ന ഭൂമിക്കും വീടിനും ആഗ്രഹിക്കുന്ന നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുമെന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രഖ്യാപനം അംഗീകരിക്കാന്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പ്രതിപക്ഷവും ബിജെപിയും തയാറാകുന്നില്ല. വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഭൂമിയും വീടും നഷ്ടപ്പെടുന്ന ജനങ്ങള്‍ പ്രതിഷേധിക്കുക സ്വാഭാവികമാണ്. അത്തരം ആളുകളെ സ്വരൂപിച്ച് പദ്ധതികള്‍ സംബന്ധമായ വിശദീകരണം, ആശങ്കകള്‍ അകറ്റാനാവശ്യമായ നടപടികളുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടത്. ബൂട്ടിട്ട് ചവിട്ടുകയും വീടുകള്‍ കയറി അതിക്രമം കാട്ടുകയും ചെയ്യുന്നത് ശരിയായ നടപടിയല്ല. അത്തരം കാര്യങ്ങള്‍ ഗവണ്‍മെന്റിനെതിരായി രാഷ്ട്രീയ സമരം നടത്തുന്ന പ്രതിപക്ഷത്തിനും ബിജെപിക്കും സഹായകരമാകും. ഭൂമിയും വീടും നഷ്ടപ്പെടുന്നവരെ പദ്ധതി, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് കേരള ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികളില്‍ ആവശ്യമായ വിശദീകരണം നല്‍കുന്നതിലൂടെ ജനങ്ങളുടെ ആശങ്ക മാറ്റാന്‍ കഴിയും. ജനങ്ങള്‍ പിന്തുണ നല്‍കുകയും ചെയ്യും. ചില പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും സമീപനങ്ങളും നടപടികളും ഭൂമിയും വീടും നഷ്ടപ്പെടുന്നവരെ ഗവണ്‍മെന്റിനെതിരായി തിരിച്ചുവിടാന്‍ കാരണമാകും. ഗവണ്മെന്റിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കുന്നവരെ പദ്ധതി പ്രവര്‍ത്തനത്തിനായി നിയോഗിക്കുന്നതില്‍ ജാഗ്രത ഉണ്ടാകണം. ജനങ്ങള്‍ക്കെതിരെ അതിക്രമം കാട്ടുന്നവര്‍ക്കെതിരേ നടപടികളും സ്വീകരിക്കണം. വികസന പദ്ധതികളെ രാഷ്ട്രീയ ലക്ഷ്യംവച്ച് തടസപ്പെടുത്തുന്നതും എല്‍ഡിഎഫിനും കേരള ഗവണ്‍മെന്റിനും എതിരായി രാഷ്ട്രീയ നീക്കങ്ങളെ ജാഗ്രതയോടെ കാണണം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണിയും ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും എസ്ഡിപിഐ ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകളും എല്‍ഡിഎഫിനെതിരായ വിവിധ ശക്തികളും കോര്‍പറേറ്റ് പ്രീണനം ഏറ്റെടുത്ത അച്ചടി, ദൃശ്യമാധ്യമങ്ങളും കേന്ദ്ര ഗവണ്മെന്റും ഒരുമിച്ച് എല്‍ഡിഎഫിനും എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന കേരള ഗവണ്‍മെന്റിനും എതിരായി നടത്തുന്ന നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പരജായപ്പെടുത്തണം. ഏപ്രില്‍ 25, 26 തീയതികളില്‍ ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലും ഇതുസംബന്ധമായി ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിനുള്ള ഗവണ്‍മെന്റിനെതിരായി ഉയര്‍ത്തുന്ന വെല്ലുവിളികളെ ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുക എന്നതാണ് പ്രധാനപ്പെട്ട രാഷ്ട്രീയ കടമ, ആ കടമ ഏറ്റെടുക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് സിപിഐ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.