
ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികൾ നിരോധിച്ചുകൊണ്ടുള്ള ഉത്തർപ്രദേശ് സർക്കാറിന്റെ ഉത്തരവ് സംസ്ഥാനത്തെ രാഷ്ട്രീയച്ചൂട് വർധിപ്പിച്ചിട്ടുണ്ട്. കാരണം ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളെയും സഖ്യങ്ങളെയും ബാധിക്കാൻ സാധ്യതയുള്ളതാണ്. എന്നിട്ടും ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികളെ ‘പൊതു ക്രമത്തിനും നാടിന്റെ ദേശീയ ഐക്യത്തിനും ഭീഷണി‘യെന്ന് നിർവചിച്ചു. ക്രമസമാധാന ലംഘനത്തെക്കാൾ ഗുരുതരമായ പ്രത്യേക അർത്ഥത്തിലാണ് സര്‍ക്കാര്‍ അതിനെ വ്യാഖ്യാനിച്ചത്.
2027ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, വിവിധ സാമൂഹിക ഗ്രൂപ്പുകളിലേക്കും സമൂഹങ്ങളിലേക്കും തങ്ങളുടെ ആശയവിനിമയ പരിപാടികള്‍ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ചിരിക്കുന്ന സമയത്താണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികൾക്ക് സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതിനുള്ള കാരണവും വ്യക്തമാണ്. ജാതികളെ മഹത്വവൽക്കരിക്കുന്നതും അവഹേളിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് യഥാര്‍ത്ഥത്തില്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിനും ബാധകമാണ്.
ചീഫ് സെക്രട്ടറി ദീപക് കുമാറിന്റെ പേരിലാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സെപ്റ്റംബർ 16ലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തിലാണ് നടപടി. 1989ലെ പട്ടികജാതി — പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ ഒഴികെയുള്ള എല്ലാ പൊലീസ് രേഖകളിലും ജാതി വെളിപ്പെടുത്തുന്നത് നിരോധിക്കുന്നതിന് ആവശ്യമെങ്കിൽ പൊലീസ് മാന്വലുകളോ ചട്ടങ്ങളോ ഭേദഗതി ചെയ്ത് സ്റ്റാന്റേഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്ഒപി) രൂപീകരിക്കാനും നടപ്പിലാക്കാനുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പിനോടും ഡിജിപിയോടും കോടതി നിർദേശിച്ചത്.
യാദവ, ജാതവ വിഭാഗങ്ങൾക്കിടയിൽ വലിയ പിന്തുണയുള്ളതിനാൽ, സമാജ്‌വാദി പാർട്ടി, ബിഎസ്‌പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളെ ലക്ഷ്യമിട്ടാണ് ബിജെപി സർക്കാറിന്റെ നീക്കം. സമാജ്‌വാദി പാർട്ടി പിഡിഎ (പിച്ച്ഡ, ദളിത്, അല്പ്സംഖ്യക്) മുദ്രാവാക്യ രാഷ്ട്രീയം കളിക്കുമ്പോൾ ബിഎസ്‌പി പ്രധാനമായും ദളിത് രാഷ്ട്രീയമാണ് പയറ്റുന്നത്. യാദവേതര സമുദായങ്ങളിലേക്ക് എത്തിച്ചേരാൻ എസ്‌പി ശ്രമിക്കുമ്പോൾ ബിഎസ്‌പി ജാതവേതര സമുദായങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളിലാണ്. ഇരു പാർട്ടികളും ഇതര ജാതികള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനും ശ്രമിക്കുന്നു.
ബിജെപിയും ഏർപ്പെടുന്നത് ജാതി രാഷ്ട്രീയത്തിൽ തന്നെയാണ്. അവര്‍ പ്രവര്‍ത്തിക്കുന്നത് പ്രധാനമായും ബ്രാഹ്മണർ, ക്ഷത്രിയർ, യാദവേതര, ജാതേതര സമുദായങ്ങൾ തുടങ്ങിയ ജാതി ഹിന്ദുക്കൾക്കിടയിലാണ്. വിവിധ ജാതികളുമായി അടുക്കുകയും അതിന്റെ നേതാക്കൾ ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ബിജെപി നയിക്കുന്ന എൻഡിഎയിലെ സഖ്യകക്ഷികളായ രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി), നിഷാദ് പാർട്ടി, സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, അപ്‌നാ ദൾ എന്നിവ ജാതി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവയാണ്. മാത്രമല്ല, മന്ത്രിസഭാംഗത്വവും പാർട്ടി ടിക്കറ്റുകളും പോലും ജാതി അടിസ്ഥാനമാക്കിയുള്ളതാണ്. വർഗീയ രാഷ്ട്രീയം ദേശീയതലത്തിലും ഒരു വസ്തുതയാണ്.
നിരോധന ഉത്തരവ് പുറപ്പെടുവിച്ചത് സംസ്ഥാനത്ത് രാഷ്ട്രീയ ചൂട് വർധിപ്പിച്ചതിൽ അതിശയിക്കാനില്ല. എൻഡിഎയിലും ഇന്ത്യ സഖ്യത്തിലും ബിഎസ്‌പിയിലും ഇത് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. ബിജെപി, മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് പയറ്റുന്നത്. അതുകൊണ്ട് ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം നിരോധിച്ചുകൊണ്ട് പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. അതേസമയം ആദിത്യനാഥ് സർക്കാരിന്റെ നീക്കത്തെ ബിജെപിയിതര രാഷ്ട്രീയ പാർട്ടികളെല്ലാം വിമർശിച്ചിട്ടുണ്ട്.
എസ്‌പി പ്രസിഡന്റ് അഖിലേഷ് യാദവ് യുപി സർക്കാരിനോട് അഞ്ച് ചോദ്യങ്ങൾ ചോദിച്ചു. “5,000 വർഷമായി നമ്മുടെ മനസിൽ പതിഞ്ഞുകിടക്കുന്ന ജാതി വിവേചനം ഇല്ലാതാക്കാൻ എന്തുചെയ്യാന്‍ കഴിയും, വസ്ത്രം, വേഷവിധാനം, ചിഹ്നങ്ങൾ എന്നിവയിലൂടെ ജാതി പ്രദർശനത്തിൽ നിന്ന് ഉണ്ടാകുന്ന വിവേചനം ഇല്ലാതാക്കാൻ എന്തുചെയ്യും?” എന്നാണദ്ദേഹം ചോദിച്ചത്. എസ്‌പി വക്താവ് രാജ്കുമാർ ഭാട്ടിയയും സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചു. ഗുർജാർ സമൂഹം ഉൾപ്പെടെയുള്ള വിവിധ ജാതികൾക്കിടയിൽ ഉയർന്നുവരുന്ന രാഷ്ട്രീയ അവബോധം ബിജെപി ഭയപ്പെടുകയാണ് എന്നദ്ദേഹം പറഞ്ഞു. ‘അവർ ഒരു റാലി ആസൂത്രണം ചെയ്തിട്ടുണ്ട്. അത് തകര്‍ക്കാന്‍ ആസൂത്രിതമായി നിരോധിച്ചതാണ്. മുമ്പ്, ബിജെപി തന്നെ ജാതി റാലികളും സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു’ — അദ്ദേഹം ആരോപിച്ചു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, ലഖ്‌നൗവിലെ ബിജെപി ഓഫിസിൽ ഒരു മാസം തുടർച്ചയായി വിവിധ ജാതികളുടെ യോഗങ്ങൾ നടന്നിരുന്നുവെന്ന് ഭാട്ടി പറഞ്ഞു. ഓരോ ജാതിയിൽ നിന്നുമുള്ള മന്ത്രിമാരുടെ എണ്ണം പ്രഖ്യാപിക്കുന്ന ഒരു ബോർഡ് തന്നെ ബിജെപി സ്ഥാപിച്ചു. ഗാസിയാബാദ് നിയമസഭാ ഉപതെരഞ്ഞെടുപ്പിനിടെ ആദിത്യനാഥ് ഒരു റോഡ് ഷോ നടത്തി. ഒരു കിലോമീറ്റർ റോഡ് ഷോയുടെ വഴികളില്‍ ജാതികളെ ഉൾക്കൊള്ളുന്ന 10 സ്വാഗത വേദികൾ ഒരുക്കുകയും വ്യത്യസ്ത ജാതികളുടെ പേരുകൾ എഴുതിവയ്ക്കുകയും ചെയ്തു.
“നീതി എന്ന ആശയത്തിൽ അധിഷ്ഠിതമായ ഒരു തുല്യസമൂഹത്തിന് ബാബാ സാഹേബ് അംബേദ്കർ ആഹ്വാനം ചെയ്തു. ജാതിയെ അടിസ്ഥാനമാക്കിയുള്ള അനീതി, പക്ഷപാതം, മുൻവിധി എന്നിവ ഉത്തർപ്രദേശിൽ അവസാനിച്ചുവോ എന്നതാണ് കാര്യം; വ്യക്തമായ ഉത്തരം ‘ഇല്ല’ എന്നാണ്. അധികാരത്തിലിരിക്കുന്നവർ വ്യാജ ഏറ്റുമുട്ടലുകൾ മുതൽ നിയമനത്തിലെ പക്ഷപാതം വരെ ഒന്നിലധികം വഴികളിലൂടെ സ്വത്വത്തെ അടിസ്ഥാനമാക്കി അധഃസ്ഥിതർ, ദളിതർ, പിന്നാക്കക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവരോട് വിവേചനം കാണിക്കുന്നു“വെന്ന് കോൺഗ്രസ് നേതാവ് അനിൽ യാദവ് പറഞ്ഞു.
ജാതി അടിസ്ഥാനമാക്കിയുള്ള പരാമർശങ്ങളോ സംഘട്ടനങ്ങളോ നിരോധിക്കാനെന്ന പേരിലുള്ള തീരുമാനം അനീതിയുടെ ശക്തികളെ കൂടുതൽ ധൈര്യപ്പെടുത്തുകയും ആത്യന്തികമായി വിവേചനത്തിനെതിരെ പോരാടുന്ന സാമൂഹികാധിഷ്ഠിത ഗ്രൂപ്പുകളെ ലക്ഷ്യം വയ്ക്കുകയും ചെയ്യും. ഈ തീരുമാനം അപകടകരവും ദളിതരുടെയും പിന്നാക്കക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും ശബ്ദങ്ങളെ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.