November 28, 2022 Monday

അരാഷ്ട്രീയതയുടെ രാഷ്ട്രീയം; ഒരു ട്വന്റി — 20 മാതൃക

ഡോ. ജിപ്‍സണ്‍ വി പോള്‍
ലേഖനം
December 22, 2020 1:27 am

ക്യജനാധിപത്യ മുന്നണിയെയും ദേശീയ ജനാധിപത്യ സഖ്യത്തെയും നിലംപരിശാക്കി ഇടതുപക്ഷ ജനാധിപത്യമുന്നണി ചരിത്രവിജയം നേടിയ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചകമായാണ് രാഷ്ട്രീയ പണ്ഡിതന്മാര്‍ വിലയിരുത്തുന്നത്. അന്തഛിദ്രംകൊണ്ട് തകര്‍ന്നടിയുന്ന ഐക്യജനാധിപത്യമുന്നണി സംവിധാനവും വര്‍ഗീയത വാഴാത്ത കേരളത്തില്‍ ചുവടുറപ്പിക്കാന്‍ കഴിയാതെ ബിജെപിയും കേരളരാഷ്ട്രീയത്തില്‍ അപ്രസക്തമായി മാറുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ ബഹുഭൂരിപക്ഷം ഗ്രാമ‑നഗര, ജില്ലാ പഞ്ചായത്തുകളിലും ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയം കെെവരിച്ചപ്പോള്‍ എറണാകുളം ജില്ലയിലെ കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളില്‍ ഭരണവും വെങ്ങോല പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ഒമ്പത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും സ്വന്തമാക്കിയത് ട്വന്റി-20 എന്ന കൂട്ടായ്മയാണ്. ഇനി തങ്ങളുടെ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പാണ് എന്ന് പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ ഈ കൂട്ടായ്മയുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വശങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടത് അനിവാര്യതയാണ്.

നവ ഉദാരവല്‍ക്കരണം രൂപപ്പെടുത്തിയെടുത്തിട്ടുള്ള പുതിയ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക ബോധ മണ്ഡലത്തില്‍ അഭിരമിക്കുന്ന ശരാശരി മലയാളിയുടെ പൊതുബോധത്തിലേക്കാണ് സൗജന്യ പെരുമഴയായി മുതലാളിത്തം ട്വന്റി-20 പോലെയുള്ള സംഘടനകളിലൂടെ സന്നിവേശിച്ച് അരാഷ്ട്രീയത കുത്തിനിറയ്ക്കുന്നത്. നവലിബറല്‍ കാലഘട്ടത്തില്‍ കുത്തകമുതലാളിത്തത്തിന് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പൊയ്‌മുഖം ചാര്‍ത്തിക്കൊടുക്കുന്നു. ട്വന്റി-20 എന്തോ മഹാസംഭവമായി ആഘോഷിക്കുന്ന മുഖ്യധാരാമാധ്യമങ്ങളും നവമാധ്യമങ്ങളും യാഥാര്‍ത്ഥ്യത്തിനുപരിയായി അതിഭാവുകത്വം നിറഞ്ഞ കഥകളാണ് മെനഞ്ഞ് വിടുന്നത്. ട്വന്റി-20 യുടെ ഭരണകാലഘട്ടത്തില്‍ കിഴക്കമ്പലം പഞ്ചായത്തിന്റെ മുഖഛായ മാറിയത് സത്യമാണെങ്കിലും ഇതാണ് അനുകരണീയ മാതൃക എന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്നത് ശുഭോദര്‍ക്കമല്ല.

21-ാം നൂറ്റാണ്ടില്‍ രൂപപ്പെട്ടുവന്ന കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി എന്ന ആശയം യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റുകളുടെ അനിയന്ത്രിതമായ ചൂഷണത്തിനെതിരായ മനോഭാവത്തേയും പ്രക്ഷോഭത്തേയും തടയുക എന്നത് ഹിഡന്‍ അജണ്ടയുടെ ഭാഗമായിരുന്നു.

കോര്‍പ്പറേറ്റ് എത്തിക്സിന്റെ ഭാഗമായി 2013ല്‍ കേന്ദ്ര കമ്പനി ആക്ടിന്റെ 135-ാം വകുപ്പില്‍ ഭേദഗതി വരുത്തിക്കൊണ്ട് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് (സിഎസ്ആര്‍ ഫണ്ട്) എന്നത് നിര്‍ബന്ധിതമാക്കിയപ്പോഴാണ് ഇന്ത്യന്‍ കമ്പനികള്‍ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുമായി മുന്നോട്ടുവന്നത്. ഈ നിയമപ്രകാരം ആയിരം കോടിക്ക് മുകളില്‍ വിറ്റുവരവുള്ളതോ, അല്ലെങ്കില്‍ 500 കോടി രൂപയുടെ ആസ്തിക്കുള്ളതോ, അഞ്ച് കോടിയില്‍ കൂടുതല്‍ ലാഭം ഉണ്ടാകുന്നതുമായ കമ്പനികള്‍ തങ്ങളുടെ വരുമാനത്തിന്റെ രണ്ട് ശതമാനം സാമൂഹിക പ്രതിസന്ധിത ഫണ്ടായി മാറ്റിവയ്ക്കണം. പാശ്ചാത്യ മുതലാളിത്തം സ്വയേച്ഛപ്രകാരം ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇന്ത്യന്‍ മുതലാളിത്തം നിര്‍ബന്ധിത നിയമ സംവിധാനത്തിലാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്.

അങ്ങനെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ചെലവഴിക്കുന്നതിനായി 2013ല്‍ ചാരിറ്റബിള്‍ ട്രസ്റ്റായി രൂപീകരിക്കപ്പെട്ട ട്വന്റി-20 2015ല്‍ നാടകീയമായി തദ്ദേശ സ്വയംഭരണ മത്സരരംഗത്ത് ഇറങ്ങുകയായിരുന്നു. അവിടെ അധികാരത്തില്‍ ഉണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിയുമായി മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ അടക്കം തര്‍ക്കമുണ്ടായിരുന്ന കമ്പനി സ്വയം പഞ്ചായത്താകുന്നതാണ് കണ്ടത്. പഞ്ചായത്ത് സമിതികളുടെ അടിസ്ഥാന ഘടകമായ ഗ്രാമസഭകള്‍ ഇന്ന് കിഴക്കമ്പലത്ത് നോക്കുകുത്തികളാണ്. ട്വന്റി-20 അവരുടെ ഐക്കണിക് പ്രൊജക്ടായി പറയുന്ന ‘ഗോഡ്സ് വില്ല’ പാര്‍പ്പിടപദ്ധതി യഥാര്‍ത്ഥത്തില്‍ 2010ലെ ഭരണസമിതി ലക്ഷംവീട് നവീകരണ പദ്ധതിപ്രകാരം നടപ്പിലാക്കാനായി ആരംഭിച്ചതാണ്. ആ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി ഭരണസമിതിയുടെ കാലാവധി അവസാനിച്ചു. ഗവണ്‍മെന്റ് നല്‍കുന്നതിനേക്കാള്‍ വലിപ്പവും സൗകര്യവുമുള്ള വീടുകളാണ് ട്വന്റി-20 നിര്‍മ്മിച്ച് നല്‍കിയത്. അത് അവരുടെ നിയമപരമായ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗം മാത്രമാണ്. ഇതിനെയാണ് കമ്പനി പഞ്ചായത്തിന്റെ വികസനമായി ഉയര്‍ത്തിക്കാട്ടുന്നത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ അവരുടെ സാമൂഹിക പ്രതിബദ്ധതാ, പദ്ധതികളെ രാഷ്ട്രീയ മൂലധനമായി ഉപയോഗിച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതി എന്താകും.

പഞ്ചായത്തിന്റെ ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനും മെമ്പര്‍മാര്‍ക്കും മാസശമ്പളം നല്‍കുന്നു എന്നു പറയുന്ന കമ്പനി, ഭരണഘടനാ ലംഘനമാണ് നടത്തുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ പാര്‍ട്ട്-9ല്‍ അനുച്ഛേദം 243ഉം ഉപച്ഛേദങ്ങള്‍ക്കും സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട അംഗങ്ങള്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത്. ജനങ്ങളോട് കൂറും കടപ്പാടും കാണിക്കേണ്ട മെമ്പര്‍മാര്‍ കമ്പനിയോടാണ് കൂറ് കാണിക്കുന്നത്. ഈ അംഗങ്ങളെ യഥാര്‍ത്ഥത്തില്‍ അയോഗ്യരാക്കേണ്ടതാണ്. സര്‍ക്കാര്‍ ജീവനക്കാരായ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തങ്ങളുടെ കൂലിക്കാരായി കാണുന്ന മനോഭാവമാണ് ട്വന്റി-20യുടേത്. വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പഞ്ചായത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളേയും നിയമസഭാ സാമാജികരേയും ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ട്വന്റി-20യും കമ്പനിയുടെ പൊതുബോധ അരാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. എപ്രില്‍ കാര്‍ട്ടറുടെ “ദി പൊളിറ്റിക്കല്‍ തിയറി ഓഫ് അനാര്‍ക്കിസം”, ഡി ജാസിയസ്- “എഗന്‍സ്റ്റ് പൊളിറ്റിക്സ് ഓണ്‍ ഗവണ്‍മെന്റ് അനാര്‍ക്കി ആന്റ് ഓര്‍ഡര്‍’ തുടങ്ങിയ പഠനങ്ങളില്‍ വിലയിരുത്തപ്പെടുന്നതുപോലെ നിലവിലിരിക്കുന്ന ഭരണക്രമം കുത്തഴിഞ്ഞതാണ്, അഴിമതിയും സ്വജനപക്ഷപാതവുമാണ് എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ശബ്ദാര്‍ത്ഥപ്രകാരമായി ഒരു അരാജകത്വ മാനസികസ്ഥിതി ജനിപ്പിക്കുന്നതിനാണ് ട്വന്റി-20 ശ്രമിക്കുന്നത്. ഇതു തികച്ചും അരാഷ്ട്രീയമായ വാദമുഖമാണ്. ഒരു രാഷ്ട്രീയ വിമുഖതക്കുള്ള ഒരു കൂട്ടത്തെ സൃഷ്ടിച്ചുകൊണ്ട് ഗ്രാംഷിയന്‍ തത്വശാസ്ത്ര സമീപനത്തില്‍ പറയുന്നതുപോലെ അരികുവല്‍ക്കരണത്തിന്റെ താത്വിക യാഥാര്‍ത്ഥ്യങ്ങളെ വളരെ ഭംഗിയായി പൊതുബോധമണ്ഡലത്തില്‍ പ്രതിഷ്ഠിക്കാനുള്ള ബോധപൂര്‍വമായ പ്രചാരവേലയാണ് കിഴക്കമ്പലത്ത് ‘വിജയകരമായി’ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ വിജയമാണ് സമീപ പഞ്ചായത്തുകളേയും തങ്ങളുടെ അരാജകത്വ പ്രത്യയശാസ്ത്ര ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ടിലെത്തിക്കാന്‍ ട്വന്റി-20ക്ക് കഴിഞ്ഞത്. ഇനി ലക്ഷ്യം നിയമസഭ എന്ന പ്രഖ്യാപനം കൂടുതല്‍ വിസ്തൃത പ്രദേശത്തേക്ക് തങ്ങളുടെ അധീശത്വം വര്‍ധിപ്പിക്കാനുള്ള വഴി മാത്രമാണ്.

കിഴക്കമ്പലത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തെ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതാണ്. വന്‍ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ ട്വന്റി-20 കാര്‍ഡ് ലഭിക്കാത്ത നൂറുകണക്കിന് ആളുകള്‍ കിഴക്കമ്പലത്തുള്ളതാണ് യാഥാര്‍ത്ഥ്യം. കമ്പനിക്ക് കീഴ്പ്പെടാത്ത വാര്‍ഡുകളോടുള്ള അവഗണന പരിശോധിക്കണം. സ്വന്തമായി അഗ്നിരക്ഷാസംവിധാനമുണ്ട് എന്നവകാശപ്പെടുന്ന പഞ്ചായത്തില്‍ ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കിറ്റക്സ് കമ്പനി തന്നെയാണ്. സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന അഗ്നിസുരക്ഷ‑രക്ഷാ സംവിധാനങ്ങളും പഞ്ചായത്തിന്റെ പേരില്‍ ആക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 13.5 കോടി രൂപ നീക്കിയിരിപ്പുള്ള പഞ്ചായത്ത് എന്ന് അവകാശപ്പെടുമ്പോഴും പദ്ധതിവിഹിതം വിനിയോഗിക്കുന്നതില്‍ 59-ാം സ്ഥാനം മാത്രമാണ് കിഴക്കമ്പലത്തിന് എറണാകുളം ജില്ലയില്‍ ഉള്ളത്.

ഇവിടെ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നിര്‍ബന്ധിതമായി ചെയ്യേണ്ട കമ്പനി ഇവയെല്ലാം തങ്ങളുടെ ഔദാര്യമായാണ് പ്രതിഫലിപ്പിക്കുന്നത്. ഇതുകൊണ്ടുതന്നെ ആയിരിക്കാം സാമൂഹിക പ്രതിബദ്ധതാ ഫണ്ട് എന്ന ആശയത്തെ ഫ്രീഡ്‌മാനേയും മുള്ളറാടിനെയും പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിമര്‍ശനവിധേയമാക്കുന്നതും എതിര്‍ക്കുന്നതും.

ട്വന്റി-20യുടെ വിജയത്തിന്റെ ചുവടുപിടിച്ചുകൊണ്ട് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഇത്തരം കൂട്ടായ്മകള്‍ രൂപീകരിക്കപ്പെടുന്നത് മുഖ്യധാരാ ആശയസംഹിതാ പാര്‍ട്ടികള്‍ക്ക് വെല്ലുവിളി തന്നെയാണ്. ഇത്തരം കൂട്ടായ്മകളുടെ അരാഷ്ട്രീയ സ്വഭാവത്തെ തുറന്നുകാട്ടുന്നതിനോടൊപ്പം തന്നെ തങ്ങളുടെ നയവ്യതിയാനങ്ങളെപ്പറ്റി ചിന്തിക്കാനും തിരുത്താനും പാര്‍ട്ടികള്‍ തയ്യാറായില്ലെങ്കില്‍ കിഴക്കമ്പലങ്ങള്‍ ആവര്‍ത്തിക്കപ്പെടും. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ട്വന്റി-20 മാതൃകകള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ജനാധിപത്യ മൂല്യങ്ങളെ പുനഃപ്രതിഷ്ഠിക്കേണ്ടത് ഭരണഘടനാ ബാധ്യത തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.