April 2, 2023 Sunday

വെറുപ്പിന്റെയും ഭയത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം സാമ്പത്തിക വളർച്ചയ്ക്ക് ശുഭോദർക്കമല്ല

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 29, 2020 5:20 am

ഡൽഹി പൊലീസ് സേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അമിത് ഷായുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ്. അമിത്ഷാ ആണെങ്കിൽ എന്തുവിലകൊടുത്തായാലും സിഎഎ നടപ്പാക്കുകതന്നെ ചെയ്യുമെന്ന് തുടർച്ചയായി ആണയിട്ടു പറയുകയുമാണ്. പ്രധാനമന്ത്രി മോഡിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഓരോ ദിവസവും ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചുകാണുന്നത്. വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടുത്താതിരിക്കുന്നതിൽ മാസ്റ്റേഴ്സ് ബിരുദം തന്നെ സ്വന്തമാക്കിയിരിക്കുന്ന വ്യക്തിയുമാണ് നമ്മുടെ പ്രധാനമന്ത്രി. ഭരണ നേതൃത്വത്തിന്റെ പോക്ക് ഈ നിലയിലായിരിക്കെ, അവരുടെ കീഴിലുള്ള പൊലീസിന്റെ കാര്യം വ്യത്യസ്തമാകുന്നതെങ്ങനെ? ഡൽഹി പൊലീസ് മോഡി ഭരണം കേന്ദ്രത്തിൽ എത്തിയ നാൾ മുതൽ സ്വതന്ത്രമായ പ്രവർത്തനമല്ല നടത്തിവരുന്നതെന്ന് ആർക്കും അറിവുള്ളതുമാണല്ലൊ. സർവകലാശാലാ അധികൃതരിൽ നിന്നും രേഖാമൂലം പരാതി ഉണ്ടായിട്ടും മേലധികാരികൾക്ക് ഏതാനും പൊലീസുകാർ ആക്രമണകാരികളാണെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ വ്യക്തമായിട്ടും അതിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരായി നാളിതുവരെയായി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നത് വിചിത്രമായി തോന്നുന്നു.

അതേസമയം, 2020 ഫെബ്രുവരി 17ന് ഡൽഹി പൊലീസ് അസാധാരണമായ വേഗതയോടെ ജെഎൻയുവിലെ 17 വിദ്യാർത്ഥികൾക്കെതിരായി ചാർജ്ജ് ഷീറ്റ് ഫയൽ ചെയ്തതുകൂടാതെ, ആക്രമണത്തിന് പ്രേരണ നല്കി എന്നതിന്റെ പേരിൽ ജെഎൻയുവിലെ വിദ്യാർത്ഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിനെതിരായി പ്രത്യേകമായൊരു ക്രിമിനൽ കേസും ചാർജ് ചെയ്തിരിക്കുകയാണ്. ഇതിന്റെയെല്ലാം പ്രേരകശക്തി എബിവിപി-സംഘപരിവാർ വിഭാഗങ്ങളാണെന്നു വ്യക്തമാണല്ലോ. ഇവർക്ക് താങ്ങുംതണലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മന്ത്രി അമിത് ഷായും സജീവ പങ്കും വഹിക്കുന്നു. കുറ്റക്കാരായ പൊലീസുകാർക്ക് എതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി ജെഎൻയു അധികൃതർ കോടതികയറാനാണ് ഉദ്ദേശിക്കുന്നത്. പൊതുശ്രദ്ധയിൽ ഇടം കണ്ടെത്തിയിരിക്കുന്ന വ്യക്തമായ തെളിവുകളുടെയും പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണങ്ങളിലെ വൈരുദ്ധ്യങ്ങളുടെയും അടിസ്ഥാനത്തിൽ നീതിന്യായ കോടതികൾക്ക് ഡൽഹി പൊലീസിന്റെ നിരുത്തരവാദപരവും ഏകപക്ഷീയവുമായ സമീപനങ്ങൾക്കെതിരെ നിശ്ശബ്ദതപാലിക്കാൻ കഴിയുമെന്നും തോന്നുന്നില്ല. അതേ അവസരത്തിൽ ക്രമസമാധാനം നിഷ്പക്ഷമായി കൈകാര്യം ചെയ്യുന്നതിൽ നീതിരഹിതമായ നിലപാടുകൾ നിരന്തരം സ്വീകരിച്ചുവന്നിട്ടുള്ള ഡൽഹി പൊലീസിനോടൊപ്പം മറ്റു ചില സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും കുറ്റവിചാരണയ്ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്.

ഇവിടെയും അനീതിക്ക് വിധേയരാക്കപ്പെട്ടിരിക്കുന്നത് ജനാധിപത്യത്തിനും മൗലികാവകാശ സംരക്ഷണത്തിനും മതനിരപേക്ഷതയ്ക്കും കോട്ടം കൂടാതെ നിലനിർത്തണമെന്ന് ആഗ്രഹിച്ച് തെരുവിലിറങ്ങി സിഎഎ, എൻപിആർ, എൻആർസി എന്നീ സംവിധാനങ്ങൾക്കെതിരായി സമരരംഗത്തെത്തിയ സാധാരണ ജനങ്ങളാണ്. ഉദാഹരണത്തിന് മംഗളുരു പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ യാതൊരുവിധ പ്രകോപനവുമില്ലാതെ കർണാടത്തിലെ ബിജെപി മുഖ്യൻ ബി എസ് യദ്യൂരപ്പയുടെ നിയന്ത്രണത്തിലുള്ള പൊലീസ് നടത്തിയ നരനായാട്ടും അതിക്രൂരമായ അടിച്ചമർത്തൽ പരിപാടികളുമെടുക്കുക. കർണാടക പൊലീസ് കേസ് ചാർജ് ചെയ്ത 22 പേർക്കും സംസ്ഥാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും അന്വേഷണം പക്ഷപാതപരമാണെന്നും വിധി പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾ നല്കിയ പരാതിയിൽ ഒരു കേസുപോലും രജിസ്റ്റർ ചെയ്തിട്ടുമില്ല. പ്രതിഷേധക്കാർക്കെതിരെ 32 കേസുകൾ രജിസ്റ്റർ ചെയ്തപ്പോഴാണിത് എന്നോർക്കുക. ഇതിനെല്ലാം പുറമെ കർണാടക ഹൈക്കോടതിയുടെ നിഗമനം പൗരത്വ ഭേദഗതിക്കെതിരായ സമരം നിയമവിരുദ്ധമായി കാണാൻ കഴിയില്ലെന്നുമായിരുന്നു മംഗളുരുവിൽ നടന്ന പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിന് കളമൊരുക്കാൻ പ്രക്ഷോഭകർക്കു പിന്നിൽ പ്രേരകശക്തിയായി പ്രവർത്തിച്ചത് കേരളത്തിലെ ഏതാനും മുസ്‌ലിം തീവ്രവാദികളാണെന്ന് വ്യാജപ്രചാരണവും പൊലീസ് അഴിച്ചുവിട്ടിരുന്നു.

എന്നാൽ, ഇതൊന്നും തന്നെ ശരിവയ്ക്കാൻ കർണാടക ഹൈക്കോടതി തയാറായില്ല. സർക്കാർ നിയമങ്ങൾക്കും നടപടികൾക്കുമെതിരെ വിമർശനമുയർത്തുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തരുതെന്നാണ് സുപ്രീംകോടതിയിലെ മുതിർന്ന ജസ്റ്റിസുമാരിലൊരാളായ ജസ്റ്റിസ് ജി വൈ ചന്ദ്രചൂഡ് പറഞ്ഞത് ശ്രദ്ധേയമാണ്. ‘ചോദ്യം ചെയ്യാനുള്ള ഇടങ്ങൾ‍ നശിപ്പിക്കുന്നത് വളർച്ചയെ തകർക്കും… വിയോജനം ജനാധിപത്യത്തിന്റെ രക്ഷാമാർഗമാണ്… എതിർപ്പുകൾ അടിച്ചൊതുക്കുന്ന പ്രവണത സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മാറ്റങ്ങൾക്ക് വിഘാതമാകും’. ഹിന്ദു ഇന്ത്യ എന്നും മുസ്‌ലിം ഇന്ത്യ എന്നുമുള്ള ആശയങ്ങളെ നിരാകരിച്ച ഭരണഘടനാ ശില്പികൾ‍, റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിനു മാത്രമാണ് അംഗീകാരം നല്കിയത് എന്നും അദ്ദേഹം അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. ‘വിയോജനം നിശ്ശബ്ദമാക്കപ്പെടുകയും ആളുകളിൽ ഭയം ഉടലെടുക്കുകയും ചെയ്യുമ്പോൾ അത് വ്യക്തിസ്വാതന്ത്ര്യവുംകടന്നുള്ള അതിക്രമങ്ങളിലേക്ക് നീങ്ങും’. ജസ്റ്റിസ് ചന്ദ്രചൂഡ് തുടർന്നു, അദ്ദേഹം ശ്രദ്ധേയവും പ്രസക്തവുമായ ഈ പരാമർശങ്ങൾ നടത്തിയത് അഹമ്മദാബാദിൽ 15-ാം പി ഡി ദേശായ് അനുസ്മരണ പ്രഭാഷണം നടത്തിയ അവസരത്തിലാണ്. ‘പൗരത്വ സമരങ്ങളെ അടിച്ചമർത്തരുത് അതവരുടെ അവകാശമാണ്’ ബോംബെ ഹൈക്കോടെയും സുപ്രധാനമായൊരു അഭിപ്രായ പ്രകടനമാണിത്. ‘മുസ്‌ലിങ്ങൾ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളും പൗരത്വ ഭേദഗതിയെ എതിർക്കുന്നു. നിയമം മനുഷ്യത്വരഹിതമായി തോന്നിയതിനാലാണിത്. ‘ജനങ്ങളുടെ ഈ പൊതുവികാരം മനസിലാക്കാനും അതിനനുസൃതമായി പ്രതിഷേധക്കാരെ നേരിടാനും പൊലീസ് അതിക്രമങ്ങൾ തീർത്തും ഒഴിവാക്കാനും ഭരണാധികാരികൾ സന്നദ്ധരാവുകയാണാവശ്യം.

ഡൽഹിയിലെയും കർണാടകത്തിലെയും പൊലീസ് സേനകളെക്കാൾ പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിക്കുന്നവരെ തുരുതുരെ വെടിവച്ചുകൊന്നുകൊണ്ടിരിക്കുന്നൊരു കാടൻ ഭരണകൂടമാണ് യുപിയിലെ ആദിത്യനാഥിന്റേത്. ഇതിനകം മുപ്പതിൽപ്പരം പേരാണ് യുപിയിൽ നടന്ന വെടിവെയ്പിന് ഇരയായിരിക്കുന്നത്. സിഎഎ വിരുദ്ധ സമരക്കാർക്കുള്ള ഏക മറുപടി വെടിയുണ്ടയാണെന്നാണ് യുപി മുഖ്യന്റെ അഭിപ്രായം. സമരരംഗത്തുള്ള മുസ്‌ലിങ്ങളെ തെരഞ്ഞെടുത്ത് കൊന്നുതള്ളണമെന്ന നിലപാടാണ് ബിഹാറിൽ നിന്നുള്ള ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിന്റെ ആഹ്വാനമെന്നോർക്കുക. ഇതേ ആഹ്വാനവുമായി ഡൽഹിയിലെ തെരഞ്ഞെടുപ്പു വേളയിൽ ആദിത്യനാഥിനോടൊപ്പം കേന്ദ്ര മന്ത്രി അനുരാഗ് സിങ് താക്കൂറും സമരക്കാർക്കെതിരെ ഗോലിമാരോ… പ്രയോഗം നടത്തിയെങ്കിലും വോട്ടെണ്ണിത്തീർന്നപ്പോൾ തറപറ്റിയ കാര്യം നമുക്കറിയാവുന്നതാണ്.

ഡൽഹി അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിലെ സമീപകാല അനുഭവങ്ങൾ പരിശോധിക്കുമ്പോൾ ബോധ്യമാകുന്ന വസ്തുത 2014 ൽ നരേന്ദ്രമോഡി കേന്ദ്രത്തിൽ അധികാരമേറ്റതിനുശേഷമുള്ള കാലയളവിൽ കേന്ദ്രത്തിലും ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും പൊലീസ് സേനകൾ രാഷ്ട്രീയ നേതൃത്വത്തിന്റെ താളത്തിനൊത്തു തുള്ളുന്നവരായിട്ടാണ് അനുഭവപ്പെട്ടുവന്നിട്ടുള്ളത്. പൗരാവകാശ സംരക്ഷണാർത്ഥം സ്വതന്ത്ര നിലപാടുകളെടുക്കാനുള്ള നീക്കങ്ങൾ അവരിൽ നിന്നും ഉണ്ടാവാറില്ല. ഈ ഒരു അനുഭവപാഠം തികച്ചും അതേപടി ആവർത്തിക്കുന്ന വിധത്തിലുള്ള ഒരു സമീപനമാണ് സിഎഎ‑വിരുദ്ധ പ്രതിഷേധക്കാർക്കെതിരായും നമ്മുടെ പൊലീസ് സേനകൾ സ്വീകരിച്ചുവരുന്നതെന്ന് ഇതിനകം തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളും പൊലീസ് സേനാംഗങ്ങളും താന്താങ്ങങ്കളുടെ അധികാര പരിധി കൃത്യമായി തിരിച്ചറിഞ്ഞ് കർശനമായി പാലിക്കാതിരിക്കുന്നിടത്തോളം ഇതിൽ മാറ്റമുണ്ടാവുക അസാധ്യമാണ്. നയം ജനാധിപത്യവാദികൾക്കും പൗരാവകാശ സംരക്ഷണ തല്പരർക്കും ഇന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാവുന്ന ഏക രക്ഷാമാർഗം ജുഡീഷ്യറിയാണ്. ഇവിടെയും ഏതാനും കറുത്ത പാടുകൾ കാണാൻ കഴിയുന്നുണ്ടെന്നത് അശുഭാപ്തിവിശ്വാസജനകവുമാണ്. ഏതായാലും വെറുപ്പിന്റെയും ഭയത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം സാമ്പത്തിക വളർച്ചയ്ക്ക് ശുഭോദർക്കമല്ലതന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.