വെറുപ്പിന്റെ രാഷ്ട്രീയം — രണ്ട് സംഭവങ്ങള്‍

Web Desk
Posted on December 05, 2019, 10:25 pm

  യു സുരേഷ്                                                                                                                          ഇക്കഴിഞ്ഞ നവംബർ 30ന് നമ്മെ വിട്ടു­പിരിഞ്ഞ യു സുരേഷ് മരണത്തി­നും ഏതാനും ദിവസം മുമ്പ് നവയുഗത്തി­നായി തയ്യാറാക്കിയ ലേ­ഖനം


പുതിയ കണ്ടുപിടിത്തങ്ങളുടെയും, വിപുലമായ വികസന പ്രക്രിയകളുടെയും ഫലമായി ലോകം അതിവേഗം മുന്നോട്ടു പോവുകയാണെങ്കിലും, മറുവശത്ത് മത-വര്‍ഗ്ഗീയ‑പിന്തിരിപ്പന്‍ ശക്തികളുടെ ഇടപെടലുകള്‍ അവഗണിക്കാനാവാത്ത വിധം സംഭവിക്കുന്നുമുണ്ട്. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇത്തരം നിരവധി വിഷയങ്ങളാണ് ഇവിടെ പൊന്തിവരുന്നത്. പശുമാംസം കൈവശം വച്ചു എന്നതിന്റെ പേരില്‍ തല്ലിക്കൊല്ലുന്നതു മുതല്‍ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്നതുവരെ പല തരത്തിലാണ് സംഭവ വികാസങ്ങള്‍ ഉണ്ടാവുന്നത്. ഈ അടുത്ത നാളുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടു വിഷയങ്ങളാണ് ഇവിടെ രേഖപ്പെടുത്തുന്നത്.

ഗോഡ്‌സേ ആരാധികയ്ക്ക് മാന്യത

പ്രഗ്യാസിംഗ് ഠാക്കുറിനെക്കുറിച്ച് പൊതുലോകം അറിയുന്നത് ‘മാലെഗാവ്’ സ്‌ഫോടന കേസിലെ പ്രതി എന്ന നിലയിലാണ്. ഒരു പ്രശ്‌നക്കാരിയായ ഹൈന്ദവ രാഷ്ട്രീയ പ്രതിനിധിയില്‍ നിന്നും ബിജെപിയുടെ നേതൃത്വപദവിയിലേക്ക് അവര്‍ മെല്ലെ നടന്നടുക്കുന്നതിന്റെ ആദ്യ ലക്ഷണമായിരുന്നു ഭോപാല്‍ പാര്‍ലമെന്റിലേക്ക് ബി ജെപി നല്‍കിയ സ്ഥാനാര്‍ഥിത്വം. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവ് ദ്വിഗ് വിജയ് സിംഗിനെയാണ് അവര്‍ അവിടെ പരാജയപ്പെടുത്തിയത്. ‘നാഥുറാം ഗോഡ്‌സെ ഒരു ദേശാഭിമാനിയായിരുന്നു എന്നും അങ്ങിനെ തന്നെ തുടരും’ എന്നുമുള്ള പ്ര­ഗ്യാസിംഗിന്റെ പ്രസ്താവന വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ വളരെ പരസ്യമായി തന്നെ ഈ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

താന്‍ അങ്ങിനെയല്ല ഉദ്ദേശിച്ചത് എന്നും മാധ്യമങ്ങള്‍ വിഷയം വളച്ചൊടിച്ചതായിരുന്നു എന്നും പതിവിന്‍ പടി ഒരു മറുപടി പറഞ്ഞ് അവര്‍ വിഷയം അവസാനിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നായിരുന്നു എംപി മാരുടെയും എംഎല്‍എമാരുടെയും ജോലി, ഓട വൃത്തിയാക്കലല്ല എന്ന അവരുടെ പ്രസ്താവന വന്നത്. നരേന്ദ്ര മോഡിയുടെ ‘സ്വച്ഛ് ഭാരത്’ ക്യാമ്പയിനെ പരിഹസിക്കുന്ന വിധത്തിലാണ് പ്രസ്താവനയെന്ന് ആരോപണമുയര്‍ന്നപ്പോള്‍ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ അവരെ പാര്‍ട്ടി കേന്ദ്രത്തിലേക്ക് വിളിച്ച് താക്കീതു നല്‍കിയതായും വാര്‍ത്തകള്‍ വന്നിരുന്നു.

ബിജെപിയുടെ അംഗീകൃത നിലപാടുകളെ ചോദ്യം ചെയ്യുന്ന ’ റെബല്‍’ എന്ന പ്രതിച്ഛായ നിലനിര്‍ത്തുന്ന അവരെ പ്രതിരോധ വകുപ്പിന്റെ പാര്‍ലമെന്റ് ഉപസമിതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, വലിയ പരിഗണനയും സര്‍ക്കാരും ബിജെപിയും നല്‍കിയിരുന്നു. മാലെഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാസിംഗിനൊപ്പം ഫറൂഖ് അബ്ദുള്ള, ഗുലാംനബി ആസാദ്, ശരദ് പവാര്‍ എന്നിവരൊക്കെയാണ് ഈ സമിതിയിലുള്ളത് എന്നത് സമിതിയുടെ ഗൗരവം കാണിക്കുന്നു. ഒരു പാര്‍ലമെന്റംഗം എന്ന നിലയില്‍ സാങ്കേതികമായി അവര്‍ക്ക് ഇതിന് അര്‍ഹതയുണ്ടാവാം എന്നാല്‍ രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നത് ഇത്രയും പ്രധാനപ്പെട്ട സമിതിയില്‍ അവരെ ഉള്‍പ്പെടുത്തുക വഴി എന്തു സന്ദേശമാണ് ബിജെപി നല്‍കാന്‍ ശ്രമിക്കുന്നത് എന്നാണ്. ഗാന്ധിജിയെ അപമാനിച്ചത് താന്‍ പൊറുത്തില്ല എന്ന് നരേന്ദ്ര മോഡി ഒരിക്കല്‍ വിശേഷിപ്പിച്ചത് പരിഹാസരൂപേണ ഓര്‍ത്തെടുക്കുന്നുമുണ്ട് മാധ്യമങ്ങള്‍.

ഭാഷയ്ക്ക് മതം തടസമോ?

1916 ല്‍ മദന്‍മോഹന്‍ മാളവ്യ, ആനിബസന്റിന്റെ സഹകരണത്തോടെ സ്ഥാപിച്ചതാണ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി. അവിടെ മുസ്ലീം വിഭാഗത്തില്‍പ്പെട്ട ഒരാളെ സംസ്‌കൃത വിഭാഗത്തില്‍ അസി. പ്രൊഫസറായി നിയമിക്കുവാന്‍ സര്‍വ്വകലാശാല തീരുമാനിക്കുന്നു. എന്നാല്‍ ഡോ.ഫിറോസ് ഖാന്‍ എന്ന അധ്യാപകനെ അ­ദ്ദേഹത്തിന്റെ ‘മതം’ ചൂണ്ടിക്കാട്ടിക്കൊണ്ട് അവിടെ ജോലിചെയ്യാന്‍ അനുവദിക്കുകയില്ല എന്ന നിലപാട് സര്‍വകലാശാലയിലെ എബിവിപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത് ഞെട്ടലോടുകൂടിയാണ് പലരും കേട്ടത്. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് യുജിസിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അംഗീകാരം നേടിക്കൊണ്ടുമായിരുന്നു നിയമനം എന്ന് സര്‍വകലാശാല ഔ­ദ്യോഗികമായി പ്രതികരിച്ചു.

യൂണിവേഴ്‌സിറ്റി സ്ഥാപകനായ മദന്‍ മോഹന്‍ മാളവ്യയുടെ തത്വങ്ങള്‍ക്കു വിരുദ്ധമാണ് ഫിറോസ്‌ഖാന്റെ നിയമനം എന്നായിരുന്നു പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളുടെ ആരോപണം. എന്നാല്‍ അദ്ദേഹത്തിന്റെ പൗത്രനും സര്‍വകലാശാല ചാന്‍സലറുമായിരുന്ന റിട്ട. ജസ്റ്റിസ് ഗിരിധര്‍ മാളവ്യ പറഞ്ഞത് തന്റെ മുത്തച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഫിറോസ് ഖാന് ഒപ്പമായിരിക്കും ഉണ്ടായിരിക്കുക എന്നായിരുന്നു. നടനും മുന്‍ ബിജെപി എംപിയുമായ പരേഷ് റാവല്‍ കുറേക്കൂടി രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചത്. മുസ്ലീം വിഭാഗത്തില്‍പ്പെടുന്ന ഒരാള്‍ സംസ്‌കൃതം പഠിപ്പിക്കുവാന്‍ പാടില്ല എന്ന തത്വം പിന്തുടര്‍ന്നാല്‍ പിന്നെ മുഹമ്മദ് റാഫിയെപ്പോലൊരാള്‍ക്കോ, നൗഷാദിനോ, ഹിന്ദു ഭജനുകള്‍ ആലപിക്കുവാനോ, സംഗീതം നല്‍കുവാനോ എങ്ങിനെ കഴിയും എന്നദ്ദേഹം ചോദിച്ചു. എബി­വിപിയുടെ കേന്ദ്ര നേതൃത്വവും ഈ നടപടിയെ വിമര്‍ശിക്കുകയും സമരപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ ഇത് ഒറ്റപ്പെട്ട ഒരു സമരമാണ് എന്നു നമുക്കു തോന്നാം. ബിജെപിയിലെയും എബിവിപിയിലേയും ഉത്തരവാദപ്പെട്ടവരാരും ഇതില്‍ പക്ഷം ചേര്‍ന്നിട്ടുമില്ല.

പക്ഷെ ഇത് വളരെ നിര്‍ദോഷമായി കാണാനാവില്ല. കാരണം ഇത്തരം ചര്‍ച്ചകള്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നവ തന്നെയാണ്. സമൂഹത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കാന്‍ ഒരുങ്ങയിരിക്കുന്നവര്‍ ഒരു അവസരം പോലും പാഴാക്കുന്നില്ല എന്ന് ഈ അനുഭവവും വ്യക്തമാക്കുന്നു. മലപ്പുറത്ത് അറബിക് ഭാഷാധ്യാപികയായി തെരഞ്ഞെടുക്കപ്പെട്ട ഗോപാലിക അന്തര്‍ജനം 1980 കളുടെ അവസാനകാലത്ത് സമാനമായ എതിര്‍പ്പുകള്‍ നേരിട്ടു. അവയെ അവര്‍ സധൈര്യം അഭിമുഖീകരിക്കുകയും ചെയ്തു. ‘നമ്മള്‍ സധൈര്യം നില്‍ക്കുക’ എന്നത് മാത്രമാണ് ചെയ്യാനുള്ളത് എന്ന് അന്തര്‍ജനം ഫിറോസ് ഖാന് ഉപദേശം നല്‍കിയതും ഈ സന്ദര്‍ഭത്തില്‍ അര്‍ത്ഥവത്തായി. ഇന്ന് കാലം വ്യത്യസ്തമാണ്. എന്നാല്‍ ഇന്ത്യ ഇന്നും അടിസ്ഥാനപരമായി മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം തന്നെയാണ്. ഫിറോസ് ഖാനൊപ്പം ഇന്ത്യ നില്‍ക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ കരുത്ത്. അതാവട്ടെ ഈ നാടിന്റെ ശക്തിയും. വെറുപ്പിന്റെ ശക്തികളെ പല ഇടങ്ങളിലുമായി നമുക്ക് നേരിടേണ്ടതുണ്ടെന്ന് ഈ അനുഭവം വ്യക്തമാക്കുന്നു.