August 18, 2022 Thursday

ഓർമയുടെ രാഷ്ട്രീയം, മറവിയുടെയും

Janayugom Webdesk
December 29, 2019 4:02 pm

ഇളവൂർ ശ്രീകുമാർ

”ഓര്‍മകളുള്ള ഒരു ജനതയുടെ തൊലിക്കു താഴെ കലാപം മുഷ്ടി ചുരുട്ടി നില്‍പ്പുണ്ടാകും.” ‑ഹൊവാര്‍ഡ് ഫാസ്റ്റ്

തെറ്റുകളെ ആവർത്തിച്ച് മസ്തിഷ്കത്തിലേക്ക് കടത്തിവിട്ട് ശരിയുടെ ബിംബങ്ങളാക്കുക, നീതിക്കും സ്വാതന്ത്ര്യത്തിനും ജീവിക്കുവാനുമുള്ള പോരാട്ടങ്ങളെ രാജ്യദ്രോഹക്കുറ്റമാക്കി മാറ്റുക, ഒറ്റുകാരെയും രാജ്യദ്രോഹികളെയും ദേശാഭിമാനികളും നീതിമാൻമാരുമാക്കുക ഇത്തരത്തിൽ ചരിത്രത്തെ പുനർനിർവ്വചിച്ച് നമ്മുടെ ഓർമ്മയിൽ പുതിയ ചരിത്രപാഠങ്ങൾ നിർമ്മിച്ചെടുക്കുകയെന്ന അതിനിഗൂഢമായ ശ്രമത്തിനിന്ന് നാം ഇരകളായിക്കൊണ്ടിരിക്കുന്നു എന്ന വാസ്തവം തിരിച്ചറിയേണ്ടതുണ്ട്. മറവി മുഖമുദ്രയായ ഒരു ജനതയായി നാം മാറുകയാണോ? മറവിയിൽ സന്തോഷവും സമാധാനവും അനുഭവിക്കാൻ നാം ശീലിക്കുകയാണോ? ഇഷ്ടമുള്ളതിനെ മാത്രം ചരിത്രത്തിൽ നിന്നെടുക്കുകയോ അല്ലെങ്കിൽ ചരിത്രത്തെ പാടേ വിസ്മരിച്ചു ജീവിക്കുകയോ ചെയ്യാനാണ് നവലോകം ആഗ്രഹിക്കുന്നത്. ആർജ്ജിച്ച നേട്ടങ്ങളെല്ലാം നമ്മുടെ അവകാശങ്ങളായിരുന്നെന്നും അതെല്ലാം ഒരു നിയോഗംപോലെ നമ്മിലേക്ക് വന്നുചേരുകയായിരുന്നുവന്നും പുതിയ തലമുറ ചിന്തിച്ചു തുടങ്ങുന്നു. ചരിത്രം അവർക്ക് അസഹിഷ്ണുതയാണ്. ചരിത്രം ഓർമ്മകളാണ്. ഓർമകൾ പലപ്പോഴും അസ്വസ്ഥത സൃഷ്ടിക്കും. മറ്റു ചിലപ്പോൾ ഊർജ്ജസ്വലരാക്കും, ഇനിയും ചിലപ്പോൾ പോരാളിയാക്കും. വർത്തമാനകാല ചെയ്തികളെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കും. മുൻകൂട്ടി തീരുമാനിച്ചിട്ടുള്ള അജണ്ടകളുമായി നീങ്ങുന്ന ഏതൊരു ഭരണകൂടത്തിനും ഇതൊക്കെ അസഹ്യമാണ്. അതുകൊണ്ടവർ ഓർമ്മകൾക്ക് പ്രതിരോധം തീർക്കുവാനോ ഓർമ്മയുടെ പാഠങ്ങളിൽ തിരുത്തലുകൾ വരുത്താനോ ഓർമ്മകളെത്തന്നെ ഇല്ലാതാക്കുവാനോ ശ്രമിക്കുന്നത് സ്വാഭാവികം. ഓർമ ഒരു സമരമാണ്.

പുതിയ ശീലങ്ങൾ പഠിപ്പിക്കുന്ന വർത്തമാനകാലത്തോടുള്ള സമരം. ചരിത്രത്തിലെ മാനവികതയുടെയും നീതിബോധത്തിന്റെയും സംഘബോധത്തിന്റെയും നന്മകളെ വീണ്ടെടുക്കാനായുള്ള ശ്രമം നമ്മുടെ കാലത്തിൽ സമരരൂപമായി മാറുകയാണ്. മറ്റൊരർത്ഥത്തിൽ നമുക്ക് ഇഷ്ടമുള്ളത് ഓർക്കുവാനും ചിന്തിക്കുവാനും സ്വപ്നം കാണുവാനുമുള്ള സ്വാതന്ത്ര്യം ഭരണകൂടത്തിന്റെ കൈകളിലാകുന്ന ഭയാനകമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഇതായിരുന്നു ഇന്ത്യയുടെ ചരിത്രം എന്ന് ഓർമിപ്പിച്ചേ മതിയാകൂ. നാം നടന്നുവന്ന വഴികളെ തിരിച്ചറിയലാണത്. അതൊരു സാംസ്കാരിക പ്രവർത്തനമാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഓർമ ഒരു രാഷ്ട്രീയ സമരമാണ്. ചരിത്രത്തെ പുനർനിർവ്വചിക്കാനും പുനർനിർമ്മിക്കാനുമുള്ള ശ്രമം ബോധപൂർവ്വം നടന്നുവരുന്ന കാലമാണിത്. ഭരണകൂടങ്ങളുടെ താല്പര്യങ്ങൾക്കനുസൃതമായി ചരിത്രത്തെ പുനർവ്യാഖ്യാനിക്കുകയും പുനർവിന്യസിക്കുകയും ചെയ്യുക, തെറ്റുകളെ ആവർത്തനത്തിച്ച് മസ്തിഷ്കത്തിലേക്ക് കടത്തിവിട്ട് ശരിയുടെ ബിംബങ്ങളാക്കുക, നീതിക്കും സ്വാതന്ത്ര്യത്തിനും ജീവിക്കുവാനുമുള്ള പോരാട്ടങ്ങളെ രാജ്യദ്രോഹക്കുറ്റമാക്കി മാറ്റുക, ഒറ്റുകാരെയും രാജ്യദ്രോഹികളെയും ദേശാഭിമാനികളും നീതിമാൻമാരുമാക്കുക ഇത്തരത്തിൽ ചരിത്രത്തെ പുനർനിർവ്വചിച്ച് നമ്മുടെ ഓർമ്മയിൽ പുതിയ ചരിത്രപാഠങ്ങൾ നിർമ്മിച്ചെടുക്കുകയെന്ന അതിനിഗൂഢമായ ശ്രമത്തിനിന്ന് നാം ഇരകളായിക്കൊണ്ടിരിക്കുന്നു എന്ന വാസ്തവം തിരിച്ചറിയേണ്ടതുണ്ട്.

അധികാരത്തിൻറെ ആയുധപ്പുരകളിൽ അതിനിഗൂഢമായി നടക്കുന്ന അത്യന്തം അപകടകമായ ഈ ശ്രമത്തെ പ്രതിരോധിക്കാൻ ഓർമ്മയുടെ സമരമുഖത്തെ സജീവമാക്കേണ്ടതുണ്ട്. അല്ലെങ്കിൽ നാം അതിവേഗം ബുദ്ധിപരമായി ഷണ്ഡീകരിക്കപ്പെടും. ഇത്തരമൊരു ജനതയെയാണ് ഇന്ന് അധികാരിവർഗ്ഗം ആഗ്രഹിക്കുന്നതെന്ന് വിസ്മരിക്കാതിരിക്കുക. ഓർമ്മകളെ നശിപ്പിക്കൽ ഭൂതകാലത്തെ നശിപ്പിക്കലാണ്. ഭൂതകാലത്തെ നശിപ്പിക്കൽ ചരിത്രത്തെ നശിപ്പിക്കലാണ്. അങ്ങനെ നശിപ്പിക്കപ്പെടുന്ന ചരിത്രത്തിൻറെ സ്ഥാനത്ത് ഭരണകൂട താല്പര്യങ്ങൾക്കനുസരിച്ച് ചരിത്രത്തിന്റെ വ്യജനിർമ്മികൾ എഴുതിച്ചേർക്കപ്പെടുന്നു. ഈയൊരു വ്യാജനിർമിതിക്കായുള്ള ആസൂത്രിതവും സൂക്ഷ്മവുമായ ഇടപെടലുകളാണ് വർത്തമാനകാല ഇന്ത്യൻ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഗാന്ധിജിയെന്നും മതഭ്രാന്തിന്റെ ആൾരൂപമായിരുന്നു ഗോഡ്സെയെന്നുമുള്ള നമ്മുടെ സ്മൃതിബോധത്തിലേക്കാണ് ഗാന്ധിജി വർഗ്ഗീയവാദിയായിരുന്നുവെന്നും അദ്ദേഹത്തെ ഇല്ലായ്മ ചെയ്തതിലൂടെ ഒരു രാജ്യത്തെയും ജനതയെയും രക്ഷിച്ച ധീരദേശാഭമിനാനിയാണ് ഗോഡ്സെയെന്നുമുള്ള പാഠഭേദം കടന്നുവരുന്നത്. പാഠപുസ്തകങ്ങളിലൂടെയും എല്ലാവിധ വിജ്ഞാന പ്രസരണികളിലൂടെയും ഇതാവർത്തിക്കുമ്പോൾ ആദ്യം നാം എതിർക്കുന്നു. പിന്നെ സന്ദേഹിക്കുന്നു. പിന്നെ വിശ്വസിക്കുന്നു. ഗീബൽസ് ഉപയോഗിച്ച മന:ശാസ്ത്ര തന്ത്രം ഇതായിരുന്നു പാഠങ്ങളുടെ വ്യാജനിർമ്മിതികൾ ജനതയുടെ മനസ്സിലേക്ക് ആവർത്തിച്ച് വിക്ഷേപിക്കുക. വ്യക്തിജീവിതത്തിൽ ആവർത്തനങ്ങൾ ശീലങ്ങൾ സൃഷ്ടിക്കുന്നതുപോലെ തുടർച്ചയായി ബോധത്തിൽ പതിക്കുന്ന അറിവുകളും ശരിതെറ്റുകളുടെ യുക്തിചിന്തയ്ക്കപ്പുറം വിശ്വാസമായി ബലപ്പെടുന്നു. എന്നാൽ ഗീബൽസിയൻ തന്ത്രം പടുത്തുയർത്തിയ വ്യാജഗോപുരങ്ങൾക്ക് പിൽക്കാലത്ത് എന്തു പറ്റിയെന്ന് ചരിത്രം പറഞ്ഞുതരുന്നുണ്ട്. ചരിത്രത്തിന്റെ സുതാര്യതയുള്ള ഈ പാഠങ്ങളെ വിസ്മരിച്ച് വീണ്ടും വ്യാജനിർമ്മിതിയുടെ പരമ്പര സൃഷ്ടിക്കുകയാണ് ഇന്ത്യൻ ഭരണകൂടം.

ഓർമയുടെ രാഷ്ട്രീയവും മറവിയുടെ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടത്തിന്റെ നാളുകളാണിനി വരുന്നത്. ഓർമയുടെ രാഷ്ട്രീയം ജനാധിപത്യപരമാണ്. മറവിയുടെ രാഷ്ട്രീയം ഫാസിസത്തിന്റേതാണ്. മനുഷ്യവർഗ്ഗത്തിന്റെ മുന്നേറ്റത്തെ അരാഷ്ടീയവൽക്കരിച്ച്, അതിനെ വിസ്മൃതിയിലേക്ക് കൊണ്ടു പോവുകയും തൽസ്ഥാനത്ത് മതാധിഷ്ഠിതമായ വ്യാജപാഠങ്ങൾ പ്രതിഷ്ഠിച്ച് അതിനെ ചരിത്രമാക്കുകയുമാണ് ഫാസിസം. ഓർമ്മയുടെ സമരമുഖത്തുനിന്നു മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാനാകൂ. ഇരുട്ടു വീണുകൊണ്ടിരിക്കുന്ന ചരിത്രയാഥാർത്ഥ്യങ്ങളെ തിരിച്ചുപിടിച്ച് വെളിച്ചത്തിന്റെ ഭൂമികയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. ചാതുർവർണ്യവും അധ:സ്ഥിതർ അനുഭവിച്ചിരുന്ന പീഡാനുഭവങ്ങളും വെറും കെട്ടുകഥകളായിരുന്നെന്ന് പുതിയ തലമുറയോട് ആവർത്തിച്ചാൽ വേഗം വിശ്വസിച്ചുകൊള്ളും. ഒപ്പം ചരിത്ര പുസ്തകങ്ങളിൽനിന്ന് ഇവ അപ്രത്യക്ഷമാവുകകൂടി ചെയ്താൽ എല്ലാം സുരക്ഷിതമായി. പ്രചരണായുധങ്ങളെല്ലാം കൈവശമുള്ള ഭരണകൂടത്തിന് ഇതിനെ എതിർക്കുന്നവരെ നിശ്ശബ്ദമാക്കാൻ കൂടുതൽ ബുദ്ധിമുട്ടേണ്ടിവരില്ല. അക്ഷരങ്ങളെയും ആയുധങ്ങളെയും ഒപ്പം നിർത്താൻ അവർക്കറിയാം. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തിൽനിന്നും രാഷ്ട്രീയത്തെ എടുത്തു കളയുവാനും ഇന്ത്യൻ സ്വാതന്ത്ര്യം ഒരു രാഷ്ട്രീയ വിജയമല്ലെന്നും അതൊരു പ്രത്യേക മതവിഭാഗത്തിന്റെ ദേശബോധത്തിൽനിന്നും, ഉയർന്നുവന്ന സംഘബോധത്തിന്റെ പോരാട്ട വിജയമായിരുന്നുവെന്നും വരുത്തിത്തീർക്കുവാനുള്ള ആസൂത്രിത ശ്രമം സമീപകാലത്തായി സജീവമായിട്ടുണ്ട്. ബ്രിട്ടീഷുകാരന്റെ ബൂട്ടുകൾക്കും ബയണറ്റുകൾക്കും വെടിയുണ്ടകൾക്കും പ്രതിരോധനിര തീർത്ത് ആയിരങ്ങൾ എരിഞ്ഞമർന്നപ്പോൾ ഉയർന്നുവന്ന രാഷ്ട്രീയ ഇച്ഛാശക്തിക്കുമുന്നിൽ ബ്രിട്ടൺ മുട്ടു മടക്കുകയായിരുന്നുവെന്നത് ചരിത്രം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന സാമ്രാജ്യത്വ തന്ത്രത്തെ ഒന്നിച്ചുനിന്നെതിർക്കുക എന്ന രാഷ്ട്രീയ ബോധംകൊണ്ടാണ് ഇന്ത്യൻ ജനത നേരിട്ടത്. എന്നാൽ സ്വാതന്ത്ര്യ സമരത്തിലെ ആവേശകരമായ ചരിത്രത്തെ പാർട്ടി സമരങ്ങളായി ലഘൂകരിച്ച് സ്വാതന്ത്ര്യസമര പോരാളികളെ പ്രതിക്കൂട്ടിലാക്കുന്ന ഭരണകൂടതന്ത്രം കുറെക്കാലമായി നമുക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും സഞ്ചരിക്കുന്നുണ്ട്. ബാബറി മസ്ജിദിനും താജ്മഹലിനും എങ്ങനെയാണ് വ്യാജ ചരിത്രനിർമ്മിതിയുടെ പിൻബലമുള്ള പാഠാന്തരങ്ങളുണ്ടാകുന്നതെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു.

ചരിത്രത്തിന്റെ നേരായ വഴികളറിഞ്ഞില്ലെങ്കിൽ ഭാവി നാം കരുതുന്നതിനെക്കാൾ വലിയ അപകടത്തിലാകും. ചരിത്രം തെറ്റായി വായിക്കപ്പെടുമ്പോൾ ഭാവിയും തെറ്റായി രൂപപ്പെടും. അതിനാൽ ചരിത്രത്തെ അപഥ സഞ്ചാരത്തിൽനിന്ന് തിരിച്ചു പിടിക്കണം, ഓർമ്മയെ സമര സജ്ജമാക്കിക്കൊണ്ട്. ടെമ്പററി അംനേഷ്യ ബാധിച്ച ഒരു ജനതയെ സ്ഥിര വിസ്മൃതിയിലേക്ക് കൊണ്ടുപോകാൻ എളുപ്പമാണ്. ബോധപൂർവ്വം പുതിയ പുതിയ പ്രശ്നങ്ങൾസൃഷ്ടിച്ച് തങ്ങൾക്കെതിരായതിനെയെല്ലാം വിസ്മൃതിയിലേക്ക് കൊണ്ടുപോകലാണ് ബുദ്ധിപരമായി നീങ്ങുന്ന ഭരണകൂടത്തിന്റെ ഒരു രീതി. ഭൂതകാല ശരികളെ ആവർത്തിച്ച് നിഷേധിച്ച് തെറ്റെന്ന് വരുത്തിത്തീർക്കുന്നതാണ് മറ്റൊരു രീതി.

ഇതു രണ്ടും വളരെ ഭംഗിയായി നിർവ്വഹിക്കുകയാണ് വർത്തമാനകാല ഇന്ത്യൻ ഭരണകൂടം. ആരും പറഞ്ഞിട്ടല്ല, സ്വയം സമരസജ്ജരാകാനാണ് കാലം നമ്മോടാവശ്യപ്പെടുന്നത്. നാമെങ്ങനെയിവിടെയെത്തി എന്നതിന്റെ സാമൂഹ്യ ശാസ്ത്രപരമായ ഉത്തരങ്ങളെ അവഗണിച്ച് വർത്തമാന കാലത്തിന്റെ സമസ്യകളെ നിർവ്വചിക്കാനാവില്ല. അതിനാൽ വിസ്മൃതിയുടെ സഹയാത്രികരാക്കി നമ്മെ മാറ്റാനുള്ള ഭരണകൂട നീക്കത്തിനെതിരെ സമരസജ്ജരായേ മതിയാകൂ. ഇവിടെ ഓർമ ഒരു രാഷ്ട്രീയ സമരമാവുകയാണ്. ചരിത്രത്തിലെ ശരികളെ തിരിച്ചറിയാനും തിരിച്ചു പിടിക്കാനുമുള്ള രാഷ്ട്രീയസമരം. 2020 പ്രതിരോധത്തിന്റെ പുതിയ സമരമുഖങ്ങൾ തീർക്കുന്ന വർഷമാകണം. സ്മൃതിനാശം സൃഷ്ടിച്ച് ചരിത്രത്തിന്റെ വേരുകളിൽനിന്നും ജനതയെ പിഴുതുമാറ്റാനുള്ള ഗൂഢതന്ത്രത്തെ കത്തുന്ന ഓർമ്മകളുടെ പ്രകാശംകൊണ്ട് തോല്പിക്കുന്ന വർഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.