Web Desk

ന്യൂഡൽഹി

August 14, 2020, 9:41 pm

രാജ്യത്തെ ജനസംഖ്യ 152 കോടിയിലെത്തും

Janayugom Online

വരും വർഷങ്ങളിൽ ഇന്ത്യയിലെ ജനസംഖ്യയിൽ ക്രമാതീതമായ വർധനവുണ്ടാകുമെന്ന് റിപ്പോർട്ട്. 2011 ലെ കണക്കുകൾ അനുസരിച്ച് 2036ൽ ജനസംഖ്യ 152 കോടിയായി ഉയരുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ജനസംഖ്യ കമ്മിഷൻ (എൻസിപി) റിപ്പോർട്ട് പറയുന്നു. 2011 മുതൽ 2036 വരെയുള്ള കാലയളവിലെ ജനസംഖ്യാനുപാതത്തെ കുറിച്ച് പഠിക്കാൻ എൻസിപി രൂപീകരിച്ച സാങ്കേതിക സംഘമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 2011–2021 ദശാബ്ദത്തിൽ 12.5 ശതമാനം വളർച്ചയോടെ രാജ്യത്തെ ജനസംഖ്യ ഏറ്റവും താഴ്ന്ന നിലയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 2021–2031 കാലയളവിൽ ഇത് 8.4 ശതമാനമായി ചുരുങ്ങുമെന്നും പ്രതീക്ഷിച്ചിരുന്നതായാണ് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നതെന്ന് ദ വയർ പറയുന്നു.എന്നാൽ 2031 ഓടെ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ചൈനയെ ഇന്ത്യ മറികടക്കുമെന്നാണ് പുതിയ റിപ്പോർട്ടിൽ പ്രവചിക്കുന്നത്. 2022ൽ ഇത് സംഭവിക്കുമെന്നായിരുന്നു ഐക്യരാഷ്ട്രസഭ നേരത്തേ പ്രവചിച്ചിരുന്നത്.

പുതിയ റിപ്പോർട്ട് 2016ൽ തന്നെ പുറത്തുവരേണ്ടിയിരുന്നതാണെന്നും എന്നാൽ കമ്മിറ്റി രൂപീകരണത്തിൽ സർക്കാർ പിന്നോട്ട് പോയതാണ് റിപ്പോർട്ട് സമർപ്പിക്കാന്‍ കാലതാമസം ഉണ്ടാക്കിയതെന്നും പറയുന്നു. 2019ൽ സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും കമ്മിറ്റിയിൽ അംഗമായ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 121 കോടിയാണ്. 2036 ഓടെ ഇതിൽ 311 ദശലക്ഷം വർധനവുണ്ടാകുമെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നഗര പ്രദേശത്തെ ജനസംഖ്യയിൽ 70 ശതമാനം വരെ വർധനവാണ് പ്രവചിച്ചിരിക്കുന്നത്. 2036ൽ രാജ്യത്തെ നഗരങ്ങളിലെ ജനസംഖ്യ 377 ദശലക്ഷത്തിൽ നിന്നും 594 ദശലക്ഷത്തിൽ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2011ലെ കണക്കുകൾ പ്രകാരം രാജ്യത്തെ 31 ശതമാനം ജനങ്ങളാണ് നഗരങ്ങളിൽ താമസിക്കുന്നത്. ഇത് 39 ശതമാനമായി വർധിക്കും. അതേസമയം ഗ്രാമീണ ജനസംഖ്യ 69ൽ നിന്നും 61 ശതമാനമായി കുറയും.  2011ൽ 98 ശതമാനം നഗര ജനസംഖ്യ ഉണ്ടായിരുന്ന ഡൽഹിയിൽ 2036ൽ ഇത് 100 ശതമാനമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. തമിഴ്‌നാട്,കേരള, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത് എന്നിവടങ്ങളിലെ നഗര ജനസംഖ്യ 50 ശതമാനത്തിലധികമാകുമെന്നും പ്രവചനമുണ്ട്. ഹിമാചൽ പ്രദേശ്, അസം, ബിഹാർ എന്നിവിടങ്ങളിൽ ഇത് 20 ശതമാനത്തിൽ താഴെയായിരിക്കും. കൂടാതെ 2036ൽ കേരളത്തിലെ 92 ശതമാനം ജനങ്ങളും നഗര ജീവിതത്തിലേക്ക് മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2011–15 വർഷങ്ങളിൽ ഇത് 52 ശതമാനമായിരുന്നു.

you may also like this video