സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധന. ഇത്തരത്തിൽ സംഭവിക്കുമ്പോഴും പത്തിൽ കൂടുതൽ രോഗികൾക്ക് എങ്ങനെ വൈറസ് ബാധ ഉണ്ടായി എന്നത് അവ്യക്തമായി തുടരുന്നു. ഈ ഒരു പ്രവണത സമൂഹ വ്യാപനം എന്ന ആശങ്കയിലേക്കാണ് തളളിവിടുന്നത്. ഒരാഴ്ചക്കിടെ കോവിഡ് സ്ഥിരീകരിച്ച 10 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് സ്ഥിരീകരിക്കാനായില്ല. ആകെ 25ലേറെപ്പേർക്ക് രോഗം പകർന്നത് എവിടെ നിന്നെന്നും കണ്ടെത്തിയിട്ടില്ല. 10 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചും സംശയം ഉയരുന്നുണ്ട്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിൽ, തിരുവനന്തപുരത്തു നിന്നെത്തിയ ആർസിസിയിലേയും എസ്. കെ. ആശുപത്രിയിലേയും നഴ്സുമാർ, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ ബിരുദ വിദ്യാർഥിനി, കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളി, ഇടുക്കി വണ്ടൻ മേട്ടിലെയും പാലക്കാട് വിളയുരിലേയും വിദ്യാർഥികൾ, കോഴിക്കോട്ടെ അഗതി, കൊല്ലത്തെ ആരോഗ്യ പ്രവർത്തക എന്നിവർക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മരിച്ച രോഗികളിൽ മലപ്പുറം സ്വദേശികളുടെ നാലു മാസം പ്രായമുണ്ടായിരുന്ന കുട്ടി, പോത്തൻകോട്ടെ പൊലീസുകാരൻ, കണ്ണൂരിൽ ചികിത്സ തേടിയ മാഹി സ്വദേശി എന്നിവരുൾപെടെ 25ലേറെ പേരുടെ രോഗകാരണം വ്യക്തമല്ല. തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ഗ്രൂപ്പുകളിൽ കുറച്ചാളുകളിൽ മാത്രം നടത്തിയ റാൻഡം പരിശോധനയിൽ കൊല്ലത്തും കോട്ടയത്തും ഓരോരുത്തർക്ക് കോവിഡ് നിർണയിച്ചതും അതീവ ഗൗരവത്തോടെ കാണണം. ഏലപ്പാറയിലെ രോഗിയിൽ നിന്ന് വനിതാ ഡോക്ടർക്ക് കോവിഡ് ബാധിച്ചത് നൂറുകണക്കിനു രോഗികളെത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ്. ഇവരുൾപ്പെടെ ഏഴു ആരോഗ്യ പ്രവർത്തകർ ചികിത്സയിലുണ്ട്. മുൻപ് എറണാകുളത്ത് രണ്ടു ആരോഗ്യ പ്രവർത്തകർക്കും കോട്ടയത്തെ നഴ്സിനും രോഗം ബാധിച്ചിരുന്നു.
സമൂഹ വ്യാപനം എന്ന ആശങ്ക ഉയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കേരളത്തിൽ ഇതുവരെ സമൂഹ വ്യാപനം നടിന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ നില തൃപ്തികരമാണ്. സംസ്ഥാനത്ത് മൂന്നാം ഘട്ട വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നത് കോണ്ടാക്ടിൽ നിന്നാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു
ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മറ്റ് ആരോഗ്യ പ്രവർത്തകർക്കും നിർദേശം നൽകുമെന്ന് മന്ത്രി പറഞ്ഞു. കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ആർസിസിയിലെ ആരോഗ്യ പ്രവർത്തകയുടെ ആരോഗ്യ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചു. ആർസിസിയിൽ നിന്നാവാനുള്ള സാധ്യത കുറവാണെങ്കിലും പരിശോധനകൾ തുടരുകയാണ്.
ആരോഗ്യ പ്രവർത്തകരെ അവഗണിക്കില്ലെന്നും കേരളത്തിൽ ഐസൊലേറ്റ് ചെയ്ത് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാസ്ക്, ഗ്ലൗസ് എന്നിവ ആശുപത്രികളിൽ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർ സുരക്ഷ മുൻകരുതലുകൾ പാലിച്ചിരിക്കണമെന്നും ചുരുങ്ങിയ കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും ഇത് ഗൗരവത്തിൽ എടുക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
ഇടുക്കി, കോട്ടയം ജില്ലകൾ സെയ്ഫ് സോണിലായിരുന്നു, എന്നാൽ അതിർത്തി കടന്ന് ആളുകൾ വരുന്നുണ്ട്. അതിർത്തി മേഖലകളിൽ നല്ല രീതിയിൽ രോഗമുണ്ടെന്നാണ് അനുമാനം. പൊലീസിന്റെ കർശന പരിശോധന അതിർത്തികളിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.