ബേബി ആലുവ

കൊച്ചി:

January 29, 2021, 9:55 pm

പാസഞ്ചര്‍ ട്രെയിനുകളുടെ സാധ്യത മങ്ങി

Janayugom Online

നിർത്തലാക്കിയ പാസഞ്ചർ, മെമു ട്രെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ച് ദക്ഷിണ റയിൽവേ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകിയ കത്തിനു മറുപടി പോലും റയിൽവേയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
കേരളം ആവശ്യപ്പെടാത്തതു കൊണ്ടാണ് ഇതെന്ന പ്രചാരണമായിരുന്നു ഇക്കാലമത്രയും തുടർച്ചയായി സതേൺ റയിൽവേ നടത്തിയിരുന്നത്. ആയിരക്കണക്കായ സാധാരണ യാത്രക്കാരുടെ ആശ്രയമായിരുന്ന പാസഞ്ചർ, മെമു ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാത്തതും സംസ്ഥാനത്തിന്റെ അഭ്യർത്ഥനയില്ലാത്തതുമൂലമാണെന്നായിരുന്നു റയിൽവേയുടെ ന്യായം. എന്നാൽ അവ പഴയപോലെ സർവീസ് നടത്താൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഈ മാസമാദ്യം സംസ്ഥാന ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അയച്ച കത്ത് ഇതുവരെ അധികൃതരുടെ കണ്ണിൽപ്പെട്ടിട്ടില്ല.

റിസർവേഷൻ ടിക്കറ്റുകൾ കൂടുതൽ വിറ്റ് കൊള്ളലാഭമുണ്ടാക്കാനുള്ള അത്യാർത്തിയാണ് പാസഞ്ചർ ട്രെയിൻ സർവീസുകൾ വീണ്ടും തുടങ്ങാൻ മടിക്കുന്നതിന്റെ കാരണമെന്നാണ് യാത്രക്കാരുടെ സംഘടനകളുടെയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂട്ടായ്മയായ വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിലി (ഡബ്ല്യുസിസി)ന്റെയും വിമർശനം. പാസഞ്ചർ ട്രെയിനുകൾ ഓട്ടം നിർത്തിയതിനാൽ, സീസൺ ടിക്കറ്റിൽ ഇതര ജില്ലകളിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് ജോലിക്കെത്തിയിരുന്ന നിരവധിയായ ജീവനക്കാർ ഭാരിച്ച തുക മുടക്കി ടെമ്പോ ട്രാവലർ പോലുള്ള സ്വകാര്യ വാഹനങ്ങളിലാണ് ജോലിക്കെത്തുന്നതും മടങ്ങുന്നതുമെന്ന് ഡബ്ല്യുസി സി ജില്ലാ പ്രസിഡന്റ് ജേക്കബ് ലാസർ പറഞ്ഞു. ഇതിനു നിർവാഹമില്ലാത്ത വിഭാഗം വേറെയുമുണ്ട്. തീവണ്ടി — ബസ് ടിക്കറ്റ് നിരക്കുകളിലെ വ്യത്യാസം റയിൽവേ അധികൃതരെ വല്ലാതെ വ്യാകുലപ്പെടുത്തുന്ന ഒരു കാര്യമാണ്.

നഷ്ടം നികത്താനെന്ന പേരിൽ പാസഞ്ചർ തീവണ്ടികളെല്ലാം എക്സ്പ്രസ്സാക്കി മാറ്റാൻ കഴിഞ്ഞ ജൂണിൽത്തന്നെ റയിൽവേ നീക്കം തുടങ്ങിയിരുന്നു. കോവിഡ് സാഹചര്യം മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞത് അതിനു കൂടുതൽ സൗകര്യവുമായി. ദക്ഷിണ റയിൽവേയുടെ കീഴിൽ ഇങ്ങനെ എക്സ്പ്രസ്സ് ട്രെയിനുകളാക്കി മാറ്റാനുള്ള 34 പാസഞ്ചർ വണ്ടികളുടെ പട്ടികയും തയ്യാറാക്കിയിരുന്നു. അതിൽ കേരളത്തിൽ സർവീസ് നടത്തുന്ന 10 എണ്ണത്തെയാണ് ഉൾപ്പെടുത്തിയത്. തൃശൂർ ‑കണ്ണൂർ, നിലമ്പൂർ ‑കോട്ടയം, ഗുരുവായൂർ‑പുനലൂർ, മധുര‑പുനലൂർ, പാലക്കാട്-തിരുച്ചന്തൂർ, മംഗളൂരു-കോഴിക്കോട്, നാഗർകോവിൽ‑കോട്ടയം, കോയമ്പത്തൂർ ‑കണ്ണൂർ, പാലക്കാട് ടൗൺ ‑തിരുച്ചിറപ്പള്ളി തുടങ്ങിയവയായിരുന്നു പട്ടികയിലെ പാസഞ്ചർ ട്രെയിനുകൾ.

ENGLISH SUMMARY: The pos­si­bil­i­ty of pas­sen­ger trains has faded

YOU MAY ALSO LIKE THIS VIDEO