റെജി കുര്യന്‍

ന്യൂഡല്‍ഹി:

October 28, 2020, 10:09 pm

ജ‍ഡ്ജിമാരുടെ കസേരകളില്‍ ആളില്ല

Janayugom Online

റെജി കുര്യന്‍

കെട്ടികിടക്കുന്ന കേസുകളുടെ എണ്ണം പെരുകുമ്പോഴും രാജ്യത്തെ കോടതികളില്‍ ജഡ്ജിമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. സുപ്രീംകോടതിയില്‍ നാലും രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 404 ജഡ്ജിമാരുടെയും തസ്തിക ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര നിയമ മന്ത്രാലയം ഈ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ജഡ്ജിമാരുടെ ഒഴിവുകള്‍ സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ പ്രകാരം സുപ്രീംകോടതിയില്‍ 34 ജഡ്ജിമാരുടെ തസ്തികയ്ക്ക് അനുമതിയുള്ളപ്പോള്‍ നിലവിലുള്ളത് 30 പേര്‍മാത്രം. കേരള ഹൈക്കോടതിയില്‍ 35 സ്ഥിരം ജഡ്ജിമാര്‍, 12 അഡീഷ‌ണല്‍ ജഡ്ജിമാര്‍ എന്നിങ്ങനെയാണ് അനുമതിയുള്ളത്.

നിലവില്‍ സ്ഥിരം ജഡ്ജിമാരായി 30 പേരും അഡീഷണല്‍ ജഡ്ജിമാരായി ഏഴു പേരുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ രണ്ടു വിഭാഗങ്ങളിലും അഞ്ച് ജഡ്ജിമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുമ്പോള്‍ കേരള ഹൈക്കോടതിയില്‍ മാത്രം പത്ത് ജഡ്ജിമാരുടെ ഒഴിവാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 1079 ജഡ്ജിമാരുടെ തസ്തിക ഉള്ളതില്‍ 404 ജഡ്ജിമാരുടെ (37.44 ശതമാനം) തസ്തിക ഒഴിഞ്ഞു കിടക്കുകയാണെന്ന് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ ഒഴിവുണ്ടായാല്‍ കൊളീജിയത്തിന്റെ ശുപാർശ പ്രകാരം ചീഫ് ജസ്റ്റിസാണ് നിയമനം സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിനു നല്‍കേണ്ടത്. കേന്ദ്ര നിയമ‑നീതി-കമ്പനികാര്യ മന്ത്രാലയം ശുപാര്‍ശ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും.

പ്രധാനമന്ത്രിയുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതിയാണ് നിയമനം നടത്തുക. ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരുടെ നിയമനത്തില്‍ ഏകദേശം സമാനമായ പ്രക്രിയയാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായകൂടി തേടും. ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകള്‍ സംബന്ധിച്ച ശുപാര്‍ശ ചീഫ് ജസ്റ്റിസുമാര്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കാണ് സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയത്തിനു സമര്‍പ്പിക്കും. മന്ത്രാലയം ശുപാര്‍ശ സുപ്രീം കോടതിക്കു നല്‍കും. ചീഫ് ജസ്റ്റിസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശുപാര്‍ശ കേന്ദ്രത്തിനു അയക്കും. തുടര്‍ന്ന് മന്ത്രാലയം ഇത് പ്രധാനമന്ത്രിക്കും. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതിയുമാണ് നിയമനം നടത്തുക.

ENGLISH SUMMARY: The post of judges in the courts of the coun­try is vacant

YOU MAY ALSO LIKE THIS VIDEO