അതിവര്‍ഷം: വയനാടന്‍ തേന്‍രുചിക്ക് വിലയേറും

Web Desk
Posted on November 26, 2018, 9:03 pm
തിരുനെല്ലി പട്ടികവര്‍ഗ്ഗ വനവിഭവ സംഭരണ സൊസൈറ്റിയില്‍ നിന്ന് തേനളക്കുന്നു

കല്‍പറ്റ: പ്രതീക്ഷകള്‍ തെറ്റിച്ച് പെയ്ത അതിവര്‍ഷം തേന്‍വിപണിയിലും വന്‍പ്രതിസന്ധി സൃഷ്ടിക്കുന്നു. തുടര്‍ച്ചയായ മഴ തേന്‍ ഉല്‍പാദനത്തെ സാരമായി ബാധിച്ചതോടെ ഈ സീസണില്‍ തേന്‍ രുചിക്ക് വിലയേറും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അമ്പത് ശതമാനത്തിന്റെ കുറവാണ് ഈ സീസണിലെ ഉല്‍പാദനത്തില്‍ ഉണ്ടായത്. വന്‍മരങ്ങളില്‍ നിന്ന് സാഹസികമായി ശേഖരിക്കുന്ന തേന്‍വിഭവങ്ങള്‍ മഴയില്‍ കുതിര്‍ന്നതോടെ വയനാടന്‍ ആദിവാസികളില്‍ ഒരു വിഭാഗത്തിന്റെ ജീവിതവും വഴിമുട്ടി.

ഏറ്റവും കൂടുതല്‍ തേന്‍ ലഭിക്കുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് തേന്‍ ശേഖരിക്കാന്‍ കഴിയാഞ്ഞതും തിരിച്ചടിയായി. വനത്തിനുള്ളിലെ തേന്‍കൂടുകള്‍ അതിമഴയില്‍ നശിച്ചതോടെ ജില്ലയിലെ ഒരു ഡസനിലധികം വരുന്ന പട്ടികവര്‍ഗ്ഗ വനവിഭവ സംഭരണ സൊസൈറ്റികളിലേക്കുള്ള തേന്‍വരവ് നിലക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ശേഖരിച്ചതിന്റെ പാതിമാത്രമാണ് ഇത്തവണ ആദിവാസികള്‍ക്ക് ലഭിച്ചതെന്ന് തിരുനെല്ലി പട്ടികവര്‍ഗ്ഗ വനവിഭവ സംഭരണ സൊസൈറ്റിയിലെ ജീവനക്കാരന്‍ സനൂജ് പറയുന്നു. നേരത്തേയുള്ള സ്റ്റോക്ക് ബാക്കിയുള്ളതിനാല്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയില്ല. ശേഖരിച്ച തേന്‍ തീരാറാവുന്നതോടെ വിലയില്‍ വന്‍വര്‍ധനവുണ്ടായേക്കാമെന്നും സനൂജ് പറഞ്ഞു. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് വയനാട്ടിലെ തേന്‍ കാലം. കഴിഞ്ഞ സീസണില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തേന്‍ ശേഖരിക്കുന്ന കല്ലൂര്‍ പട്ടികവര്‍ഗ്ഗ വനവിഭവ സംഭരണ സൊസൈറ്റിയില്‍ 22000 കിലോ തേനാണ് ശേഖരിച്ചത്. ഇത്തവണ ഇത് 12000 കിലോയായി കുറഞ്ഞു.

തേന്‍ശേഖരണം കുറയുന്നതോടെ തേന്‍വിലയും കുത്തനെ ഉയരുകയാണ്. പ്രളയത്തിന് മുമ്പ് വരെ കിലോക്ക് 2000 രൂപക്ക് താഴെ വിലയുണ്ടായിരുന്ന ചെറുതേനിന് ഇപ്പോള്‍ 2500 രൂപയായി. വന്‍തേനിനും പുറ്റ് തേനിനും വില വര്‍ധിച്ചു. വന്‍തേന്‍ കിലോക്ക് 400 രൂപക്കും പുറ്റ് തേന്‍ കിലോക്ക് 450 രൂപക്കുമാണ് ഇപ്പോള്‍ വില്‍ക്കുന്നത്. അതിനിടെ തേന്‍വരവ് കുറയുമെന്ന് ഉറപ്പായതോടെ മറ്റ് മിശ്രിതങ്ങള്‍ ചേര്‍ത്തുള്ള തേനുകളും മാര്‍ക്കറ്റില്‍ എത്തിത്തുടങ്ങിയതായി സൊസൈറ്റികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ശര്‍ക്കരയും മറ്റ് കെമിക്കലുകളും ചേര്‍ത്ത് വിപണിയിലിറക്കുന്ന തേനുകള്‍ ആരോഗ്യത്തിന് ഹാനികരമാണെ ന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന തേന്‍കുറുമരാണ് വന്‍കാടുകളില്‍ നിന്നടക്കം തേനുകള്‍ ശേഖരിക്കുന്നത്. തേന്‍ ശേഖരണം മുഖ്യതൊഴിലാക്കിയ തിനാലാണ് കുറുമരിലെ ഈ ചെറുവിഭാഗത്തിന് തേന്‍കുറുമരെന്ന പേര് ലഭിക്കാന്‍ കാരണം. കൃഷിയോ മറ്റ് തൊഴിലോ പരിചയമില്ലാത്ത തേന്‍കുറുമര്‍ക്ക് തേന്‍വപണിയിലെ പ്രതിസന്ധി കനത്ത തിരിച്ചടിയാവും. തേനുകളില്‍ ഏറ്റവും ഔഷധ മൂല്യമുള്ളതും വിലകൂടിയതും ചെറുതേനാണ്.

വന്‍മരങ്ങളിലെ ഉച്ചിയില്‍ ചെറുതേനീച്ചകള്‍ ഒരുക്കുന്ന കൂടുകളില്‍ നിന്ന് കുറച്ച് തേന്‍ മാത്രമാണ് ലഭിക്കുക. അതേസമയം മറ്റ് തേനുകളെ അപേക്ഷിച്ച് രുചി കുറവും ചെറുതേനിനാണ്. തേനുകളില്‍ സര്‍വ്വസാധാരണവും ഏറ്റവും കൂടുതല്‍ ലഭിക്കുന്നതും വന്‍തേനാണ്.വലിയ തേനീച്ചകള്‍ മരങ്ങളിലൊരുക്കുന്ന കൂടുകളില്‍ നിന്നാണ് ഈ തേന്‍ ശേഖരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലടക്കം വന്‍തേന്‍ ലഭിക്കാറുണ്ട്.മണ്‍പുറ്റുകളില്‍ നിന്ന് ശേഖരിക്കുന്നതാണ് പുറ്റ് തേന്‍. ഏറെ രുചികരമായ പുറ്റ് തേന്‍ ശേഖരിക്കല്‍ പക്ഷെ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഏത് നിമിഷവും ഏല്‍ക്കാവുന്ന കടന്നല്‍കുത്തിനെ മറികടന്ന് വേണം പുറ്റ് തേന്‍ ശേഖരിക്കാന്‍.