Monday
18 Feb 2019

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

By: Web Desk | Monday 22 October 2018 12:10 PM IST

ന്യൂഡല്‍ഹി: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തി. ജലന്ധറിലെ ദസ്വയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വീട്ടുജോലിക്കാരനെത്തിയപ്പോഴാണ് സ്വന്തം മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭക്ഷണത്തിന് ശേഷം ഉച്ചയുറക്കത്തിന് മുറിയിലേക്ക് പോയ അദ്ദേഹത്തെ ഇന്ന് രാവിലെ കുര്‍ബാനയ്‌ക്കും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച്‌ ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്.

കിടപ്പുമുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ഫാദറിന്റെ മൃതദേഹം ഇപ്പോള്‍ ജലന്ധറിലെ ദസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബിഷപ്പിനെതിരെ പരസ്യമായി രംഗത്തുവന്നവരില്‍ പ്രമുഖനായിരുന്നു കുര്യാക്കോസ് കാട്ടുതറ. ജലന്ധർ മേജർ സെമിനാരി റക്ടർ കൂടിയായിരുന്ന അദ്ദേഹം ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച നിരവധി കന്യാസ്ത്രീകളെ പഠിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കെതിരെ നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്ന വെളിപ്പെടുത്തലും കാട്ടുതറയില്‍ നടത്തിയിരുന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതികള്‍ സംബന്ധിച്ച് എതിര്‍ ചേരിയിലുള്ള ശക്തമായൊരു സാക്ഷിയെയാണ് നഷ്ടപ്പെട്ടത് എന്ന് കന്യാസ്ത്രീയോടടുത്തവൃത്തങ്ങള്‍ വലിയ ആശങ്കയോടെയാണ് കാണുന്നത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഫാ. കുര്യാക്കോസിന്റെ സഹോദരൻ ജോസ് കുര്യൻ കാട്ടുതറ ആലപ്പുഴ എസ്  പി യ്ക്ക് നൽകിയ  പരാതിയിൽ പറഞ്ഞു. ആലപ്പുഴ  പള്ളിപ്പുറം  സ്വദേശിയാണ് വൈദികൻ

Related News