പള്ളിമുറ്റത്ത് കൃഷിയിടമൊരുക്കി വൈദികൻ

Web Desk

ചേർപ്പുങ്കൽ

Posted on October 18, 2020, 4:23 pm

ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാപ്പള്ളി വികാരി ഫാ. ജോസഫ് പാനാംപുഴ പൗരോഹിത്യ ശുശ്രൂഷയ്ക്കൊപ്പം കൃഷിയിലൂടെയും ശ്രദ്ധേയനായി മാറുന്നു. അത്യുൽപാദനശേഷിയുള്ള 250ൽപരം തെങ്ങുകൾ നട്ടുവളർത്തുന്നുണ്ട്. ചേന, ചീമച്ചേമ്പ്, കപ്പ, മാവ്, ഒട്ടുപ്ലാവ്, കൊമ്പൻമുളക്, നൂറുകണക്കിന് റെഡ് ലേഡി പപ്പായ തുടങ്ങി വിവിധതരം കൃഷികളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പള്ളിവക പുരയിടങ്ങളിൽ കൃഷി ചെയ്യുകയാണ്. ഉള്ള സ്ഥലത്ത് ചെറുതായെങ്കിലും കൃഷിചെയ്യുന്നതിലൂടെ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള അമിതമായ കീടനാശിനികൾ ഉപയോഗിച്ചുള്ള പച്ചക്കറികളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാനും അതുവഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനും കഴിയുമെന്ന് ഇദേഹം ഉറപ്പിച്ച് പറയുന്നു. കൃഷിയും കർഷകനുമാണ് നാടിന്റെ ഐശ്വര്യമെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് തീർത്ഥാടകരെത്തുന്ന ചേർപ്പുങ്കൽപ്പള്ളിയുടെ പരിസരം വിവിധയിനം വിളകളാല്‍ ഹരിതാഭമാകുകയാണ്. പുലർച്ചെ നാലിന് ഉണരുന്ന അച്ചൻ പള്ളി കോമ്പൗണ്ടിൽ ഗ്രോബാഗിൽ നട്ടുവളർത്തിയിരിക്കുന്ന ഇഞ്ചി, മഞ്ഞൾ, കച്ചോലം തുടങ്ങിയ വിളകളുടെ പരിപാലനത്തിനായി ഇറങ്ങും. മറ്റ് പള്ളികളിൽ പുരോഹിതനായിരുന്നപ്പോഴും ഇദേഹം നട്ടുവളർത്തിയ കൃഷിത്തോട്ടങ്ങൾ ശ്രദ്ധേയമായിരുന്നു.

സഹവികാരിമാരായ ഫാ. ജോർജ് ഈറ്റക്കക്കുന്നേൽ, ഫാ. ജോർജ് ചൂരക്കാട്ട്, കൈക്കാരൻമാരായ സാജു കാരാമയിൽ, തൊമ്മച്ചൻ ആരംപുളിക്കൽ, സജി തറപ്പയിൽ, ബെന്നി പുളിയമ്മാക്കൽ എന്നിവരും വികാരിയച്ചന് പൂർണ പിന്തുണയുമായുണ്ട്.

you may also like this video