20 April 2024, Saturday

പ്രധാനമന്ത്രി വിമര്‍ശനത്തിന് അതീതനല്ല

Janayugom Webdesk
February 25, 2023 5:00 am

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്ത സംഭവം വലിയ കോളിളക്കങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരാമര്‍ശിച്ചപ്പോള്‍ നരേന്ദ്ര ഗൗതം ദാസ് മോഡി എന്ന് പറഞ്ഞതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഖേരയ്ക്കെതിരെ കേസെടുക്കുകയും ഡല്‍ഹി വിമാനത്താവളത്തില്‍ നാടകീയരംഗങ്ങള്‍ക്കു ശേഷം കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. റായ്‌പൂരിലെ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കുന്നതിന് പുറപ്പെട്ട അദ്ദേഹത്തെ വിമാനത്തിനുള്ളില്‍ പ്രവേശിച്ചതിനു ശേഷമായിരുന്നു വന്‍ പൊലീസ് സംഘമെത്തി അറസ്റ്റ് ചെയ്തത്. പ്രസ്തുത നടപടി തന്നെ നിയമവിരുദ്ധമാണ്. ഒരു യാത്രികന്‍ കുറ്റം ചെയ്തവനാണെങ്കില്‍ വിമാനത്താവളത്തില്‍ പ്രവേശിച്ച് യാത്രയ്ക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ വസ്തുതകള്‍ വ്യക്തമാക്കി വിമാനത്താവള അധികൃതരുടെ അനുവാദത്തോടെ വേണം കസ്റ്റഡിയിലെടുക്കേണ്ടത്. അതിനു പകരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മറ്റുള്ളവര്‍ക്കൊപ്പം വിമാനത്തില്‍ പ്രവേശിച്ച ശേഷമായിരുന്നു അറസ്റ്റ്. ഇത് വിമാനത്താവളങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം കൂടിയാണ്. ഏതായാലും സുപ്രീം കോടതി നല്കിയ ഇടക്കാല ജാമ്യത്തെ തുടര്‍ന്ന് ഖേരയെ വിട്ടയച്ചു.


ഇതുകൂടി വായിക്കൂ:   മോഡി ചങ്ങാത്തത്തില്‍ പണിത കടലാസ് കൊട്ടാരം


പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഖേരയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്, അസം പൊലീസാണ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ്, അസം സംസ്ഥാനങ്ങളിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി വിമര്‍ശനത്തിന് അതീതനാണെന്ന ഫാസിസ്റ്റ് സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. പാര്‍ലമെന്റില്‍ പോലും പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൂടെന്ന ഫാസിസ്റ്റ് നിലപാടാണ് അവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെക്കെതിരെ സമാനമായ നടപടി കൈ ക്കൊള്ളുകയുണ്ടായി. ഗുജറാത്തില്‍ മോര്‍ബി പാലത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം അവിടെ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത് സംബന്ധിച്ച പരാമര്‍ശത്തിനായിരുന്നു ഗോഖലെക്കെതിരെ കേസ്. രാജസ്ഥാനിലെ ജയ്‌പൂരില്‍ അറസ്റ്റ് ചെയ്ത് അഹമ്മദാബാദിലെത്തിച്ച അദ്ദേഹത്തിനും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ തന്നെയാണ് കഴിഞ്ഞ ഒക്ടോബറില്‍ എഎപി ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിക്കെതിരെ കേസെടുക്കുകയും ഡല്‍ഹിയില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. മോശം പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡിയെന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അതിന്റെ പേരില്‍ ദേശീയ വനിതാ കമ്മിഷന്‍ പോലും രംഗത്തെത്തുന്ന സ്ഥിതിയുണ്ടായി. പ്രധാനമന്ത്രിക്കോ കേന്ദ്രസര്‍ക്കാരിനോ എതിരായി എന്ത് പറഞ്ഞാലും അപകീര്‍ത്തികരമെന്ന പേരു പറഞ്ഞ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമെന്ന രീതിയാണ് സംസ്ഥാന ബിജെപി സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പൊലീസും കേന്ദ്ര ഏജന്‍സികളും സ്വീകരിക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമെതിരെ സഭ്യമല്ലാത്തതും പരിഹാസം നിറഞ്ഞതുമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ബിജെപി നേതാക്കള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നുമില്ല. രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന എത്രയോ പരാമര്‍ശങ്ങള്‍ ബിജെപി നേതാക്കളില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ അവരുടെ അനുയായികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.


ഇതുകൂടി വായിക്കൂ:  ഭരണഘടനയിലെ റിപ്പബ്ലിക്കും മോഡിയുടെ ഇന്ത്യയും


ജനപ്രതിനിധി സഭകളില്‍ പോലും മോഡിയെ വിമര്‍ശിച്ചുകൂടെന്ന ഫാസിസ്റ്റ് സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നത്. ലോക്‌സഭയും രാജ്യസഭയും സമ്മേളിക്കുമ്പോള്‍ അതാത് സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെടുകയും ചട്ടപ്രകാരം നോട്ടീസുകള്‍ നല്കുകയും ചെയ്യുകയെന്നത് അംഗങ്ങളുടെ അവകാശമാണ്. എന്നാല്‍ കഴിഞ്ഞ സമ്മേളനത്തില്‍ അത്തരം ഒരു ആവശ്യവും നോട്ടീസുകളും അംഗീകരിക്കുവാന്‍ സഭാധ്യക്ഷന്മാര്‍ തയ്യാറായില്ല. എന്നുമാത്രമല്ല ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് നോട്ടീസ് നല്കുന്നത് അവകാശലംഘനമാണെന്ന വിചിത്ര നിലപാടു പോലും സഭാധ്യക്ഷന്മാര്‍ കൈക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി മോഡി തന്നെ അവകാശപ്പെടുന്ന രാജ്യത്താണ് ഇത്രയും നികൃഷ്ടമായ സമീപനങ്ങള്‍ ഉണ്ടാകുന്നത് എന്നതാണ് വൈരുധ്യം. ജനാധിപത്യ സംവിധാനത്തിന് ഇന്ത്യയിലുള്ളതുപോലെ ശക്തമായ അടിത്തറയില്ലാത്ത രാജ്യങ്ങളില്‍ പോലും ഭരണാധികാരികള്‍ വിമര്‍ശന വിധേയരാണ്. കോവി‍ഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ ആഘോഷത്തില്‍ പങ്കെടുത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണ്‍ വിമര്‍ശിക്കപ്പെടുക മാത്രമല്ല പരസ്യമായി ക്ഷമ ചോദിക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ലോകത്ത് സമാനമായ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. എന്നാല്‍ ഇവിടെ ഇന്ത്യയില്‍ മോഡിയെ കുറിച്ചോ അദ്ദേഹത്തിന്റെ കൂട്ടാളികളെ കുറിച്ചോ എന്തെങ്കിലും വിമര്‍ശനം ഉന്നയിക്കുകയോ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്താല്‍ ഉടന്‍ കേസും അറസ്റ്റും ജയിലുമെന്ന സ്ഥിതിയാണുള്ളത്. നമ്മുടെ ജനാധിപത്യ സംവിധാനം എത്രമേല്‍ സ്വേച്ഛാധിപത്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.