രാജ്യത്തെ യുവജനങ്ങൾ ഭരണത്തിലെ കെടുകാര്യസ്ഥതയും അസ്ഥിരതയും താല്പര്യപ്പെടുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെ പറഞ്ഞത്. ജെഎൻയു, ജാമിയ മിലിയ, അലിഗഡ് മുസ്‌ലിം സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥി പ്രക്ഷോഭങ്ങളെ അമർച്ച ചെയ്യുന്നതിന് പൊലീസിനെ കയറൂരിവിട്ടു. എല്ലാ പ്രായത്തിലും ഉൾപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു പൊലീസ് അതിക്രമങ്ങൾ അരങ്ങേറിയത്. മൂന്ന് വയസുള്ള കുട്ടിയെ പോലും വെറുതെ വിട്ടില്ല. അക്രമത്തിന്റെ ഭാഗമായുള്ള മുറിവുകൾ ഉണങ്ങുമായിരിക്കും. എന്നാൽ അവരുടെ മനസിലേറ്റ മുറിവ് മായില്ലെന്നത് വാസ്തവം. രാജ്യത്തിന്റെ ഭരണഘടന, വൈവിധ്യമാർന്ന സംസ്കാരം എന്നിവയ്ക്ക് ഭീഷണിയാകുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റർ, ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവയ്ക്കെതിരെയാണ് രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയർന്നത്. ഇപ്പോഴും ആ പോരാട്ടം ശക്തമായി തുടരുന്നു. നിരായുധരായി പ്രതിഷേധിച്ച ജനങ്ങൾക്കെതിരെ ക്രൂരമായ ബലപ്രയോഗമാണ് സർക്കാർ നടത്തിയത്.
അതിനിടെയാണ് ദേശീയ പൗരത്വ രജിസ്റ്ററും (എൻആർസി) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എൻപിആർ) തയ്യാറാക്കുന്നത് വെവ്വേറെ നിയമങ്ങളെ അടിസ്ഥാനമാക്കിയാണെന്നുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന. എൻപിആർ രേഖകൾ എൻആർസിക്കായി ഉപയോഗിക്കില്ലെന്നാണ് അമിത് ഷാ പറയുന്നത്. ഒരു പ്രത്യേക നയത്തിന്റെ ഭാഗമായാണ് എൻപിആർ വിവരങ്ങൾ ശേഖരിക്കുന്നത്. എന്നാൽ പൗരത്വം തെളിയിക്കുന്നതിനാണ് എൻആർസി നടപ്പാക്കുന്നത്. രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിട്ടും തന്റെ നിലപാടിൽ നിന്നും പിന്നാക്കം പോകാൻ അമിത് ഷാ തയ്യാറല്ല. എന്നാൽ എൻപിആറും എൻആർസിയും പരസ്പരപൂരകങ്ങളെന്നാണ് നിയമങ്ങൾ സൂചിപ്പിക്കുന്നത്. എൻപിആർ രേഖകൾ ആൻആർസിയ്ക്ക് അനിവാര്യമെന്നാണ് 1995ലെ പൗരത്വ നിയമത്തെ ആധാരമാക്കിയുള്ള 2003ലെ പൗരത്വ ചട്ടങ്ങൾ പറയുന്നത്. ഇത് മാത്രമല്ല. എൻപിആർ വിവരങ്ങൾ ഇല്ലാതെ എൻആർസി നടപ്പാക്കാൻ കഴിയില്ലെന്ന് 2014ന് ശേഷം കുറഞ്ഞത് ഒമ്പത് തവണയെങ്കിലും പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
വ്യക്തികൾ സ്വമേധയാ വെളിപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻപി ആർ തയ്യാറാക്കുന്നത്. 1995ലെ പൗരത്വ നിയമത്തിന്റെ ഒന്ന്, മൂന്ന്, 18 വകുപ്പ് പ്രകാരമാണ് എൻപിആർ തയ്യാറാക്കുന്നത്. ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുമ്പോൾ പൗരത്വം നിർണയിക്കുന്നതിന് ഒരു നിശ്ചിത തിയതി നിർണയിക്കാൻ സർക്കാരിന് ഒരു ഉത്തരവിലൂടെ കഴിയുമെന്ന് എൻആർസി പരാമർശിക്കുന്ന മൂന്നാം ചട്ടത്തിൽ പറയുന്നു. ഇക്കാര്യങ്ങൾ നിലനിൽക്കേയാണ് എൻപിആറും എൻസിആറും തമ്മിൽ ബന്ധമില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആവർത്തിച്ചുള്ള നിലപാട്. എൻപിആർ വിവരങ്ങൾ ശേഖരിക്കുമ്പോൾ പൗരത്വവുമായി ബന്ധപ്പെട്ട് സംശയം തോന്നിയാൽ ബന്ധപ്പെട്ട വ്യക്തികളെ രേഖാമൂലം അറിയിച്ച് ലോക്കൽ ഭരണാധികാരികൾക്ക് മുന്നിൽ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ നൽകണമെന്ന് പ്രിപ്പറേഷൻ ഓഫ് ദി നാഷണൽ രജിസ്റ്റർ ഓഫ് ഇന്ത്യൻ സിറ്റിസൺസ് മൂന്നാം ചട്ടത്തിന്റെ നാലാം ഉപചട്ടം പറയുന്നു. ഈ നിയമത്തിന്റെ പഴുതിലൂടെ ഒരു വ്യക്തി, കുടുംബം എന്നിവയെ പൗരത്വ പട്ടികയിൽ നിന്നും സർക്കാരിന് എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയും. എൻപിആർ രേഖകളുടെ അടിസ്ഥാനത്തിൽ പൗരത്വം തെളിയിക്കുന്നതിന് കൂടുതൽ രേഖകൾ ആവശ്യപ്പെടാനുള്ള പഴുതുകളും നിയമത്തിലുണ്ട്.
ചട്ടം ഏഴ് പ്രകാരം കുടുംബനാഥൻ എൻപിആറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമർപ്പിക്കണം. തെറ്റായ വിവരങ്ങൾ നൽകിയാൽ ആയിരം രൂപവരെ പിഴ ഈടാക്കാനുള്ള വകുപ്പുകളും നിയമത്തിലുണ്ട്. എൻപിആർ, എൻആർസിയുടെ ആദ്യപടിയാണെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ 2018–19ലെ വാർഷിക റിപ്പോർട്ടിലും പറയുന്നു. എൻപിആർ, എൻആർസിയുടെ മുന്നോടിയാണെന്നും ആദ്യം ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും എൻആർസി തയ്യാറാക്കുന്നതെന്നും ആഭ്യന്തര സഹമന്ത്രിയായിരിക്കെ കിരൺ റിജിജു ലോക്‌സഭയെ അറിയിച്ചിരുന്നു. ജൂലായ് 17, 22 തീയതികളിൽ എൻപിആറും എൻആർസിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കിരൺ റിജിജു ചോദ്യോത്തര വേളയിൽ ലോക്‌സഭയെ അറിയിച്ചിരുന്നു. ജൂലായ് 23 ന് സാമാനമായ പ്രസ്താവന രാജ്യസഭയിലും അദ്ദേഹം നടത്തിയിരുന്നു. രാജ്യത്തെ എല്ലാ നിവാസികളുടേയും പൗരത്വം നിർണയിക്കുന്നതിന്റെ ആദ്യപടിയാണ് എൻപിആറെന്ന് ജൂലായ് 29നും കിരൺ റിജിജു രാജ്യസഭയിൽ പ്രസ്താവന നടത്തിയിരുന്നു. സമാനമായ നിലപാട് 2015 ഏപ്രിൽ 21, ജൂലായ് 28 തീയതികളിൽ അന്നത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഹരിഭായ് പാർഥിഭായ് ചൗധരി ലോക്‌സഭയെ അറിയിച്ചിരുന്നു. 2015 മെയ് 13 നും കിരൺ റിജിജു സമാനമായ നിലപാടാണ് രാജ്യസഭയിൽ ആവർത്തിച്ചത്.
എൻപിആർ തയ്യാറാക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും ഇതിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ എൻസിആർ തയ്യാറാക്കുന്നതിന് ഉപയോഗിക്കുമെന്ന് 2016 നവംബർ ഒന്നിന് ചോദ്യോത്തര വേളയിൽ കിരൺ റിജിജു രാജ്യസഭയെ അറിയിച്ചിരുന്നു. എൻആർസി നടപ്പാക്കുമെന്ന മുൻനിലപാട് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി അമിത് ഷായും ആവർത്തിച്ച് സ്വീകരിച്ചു. അതിനിടെയാണ് എൻആർസിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകൾ. ഇങ്ങനെയാണ് അവാസ്തവങ്ങൾ മാത്രം നിറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവരുടെ വാക്കുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.