ലൈംഗീക ചുവയുള്ള നോട്ടം, കൈ കൊണ്ടുള്ള ആംഗ്യങ്ങള്‍; ഡ്രൈവര്‍ കുടുങ്ങി

Web Desk

പത്തനംതിട്ട

Posted on January 09, 2018, 10:01 am

യാത്രക്കാരിയായ ആയുര്‍വേദ ഡോക്ടര്‍ക്ക് നേരേ ലൈംഗീക ചുവയുള്ള നോട്ടത്തിവും കൈ കൊണ്ടുള്ള ആംഗ്യങ്ങളും  കാട്ടിയെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു. ഡോക്ടറുടെ പരാതിയില്‍ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയും ഉത്തരവിട്ടു.

കരുനാഗപ്പള്ളി — അടൂര്‍-കൊടുമണ്‍ പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീദേവി ബസിന്റെ ഡ്രൈവര്‍ കരുനാഗപ്പള്ളി തഴവ സ്വദേശി നൗഷാദിന്റെ ലൈസന്‍സാണ് ആര്‍ടിഒ എബി ജോണ്‍ സസ്പെന്‍ഡ് ചെയ്തത്. വനിതാ ഡോക്ടറുടെ പരാതി ഇ‑മെയിലില്‍ ലഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ നടപടി സ്വീകരിച്ചുവെന്ന് ആര്‍ടിഒ അറിയിച്ചു.

ഞായറാഴ്ച രാവിലെ അടൂരില്‍നിന്ന് കൊടുമണിലേക്ക് പോകാന്‍ ബസില്‍ കയറിയ കൊല്ലം സ്വദേശിയായ ഡോക്ടര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഡ്രൈവറുടെ സീറ്റിന് തൊട്ടുപിന്നിലാണ് ഡോക്ടര്‍ ഇരുന്നത്. ബസില്‍ കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ പരാതിയില്‍ പറയുന്നു. ഇടയ്ക്ക് ഒരു കുപ്പിയില്‍ വിരല്‍ കയറ്റി കാണിച്ചു. ഏഴംകുളം പിന്നിട്ടപ്പോള്‍ മുതല്‍ ഡ്രൈവര്‍ സീറ്റിന്റെ വശത്ത് പിടിച്ചു കൊണ്ട് ഇയാള്‍ പിറകിലേക്ക് വിരല്‍ ചലിപ്പിച്ച്‌ അശ്ലീലം കാണിക്കുകയായിരുന്നു.

തന്നെ ലക്ഷ്യംവച്ചാണ് ആംഗ്യമെന്ന് മനസിലായതോടെ മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. കൊടുമണ്‍ സ്റ്റാന്‍ഡില്‍ വന്ന് ബസില്‍നിന്ന് ഇറങ്ങിയ ശേഷം ഡ്രൈവറുടെ മുഖം പകര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അത് മനസിലാക്കി തിരിഞ്ഞുനിന്നു. പിന്നെ ബസിന്റെ ചിത്രവും എടുത്തു.

ഈ വിവരം സുഹൃത്തായ മറ്റൊരു ഡോക്ടറോട് വനിതാ ഡോക്ടര്‍ പങ്കുവച്ചു. വീഡിയോയും അയച്ചു കൊടുത്തു. അദ്ദേഹം ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. കൊല്ലം ആര്‍ടിഓയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വനിതാ ഡോക്ടര്‍ ഇന്നലെ രാവിലെ പത്തനംതിട്ട ആര്‍ടിഓയ്ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി ഇ‑മെയില്‍ ആയി അയക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

പരാതി ലഭിച്ചയുടന്‍ തന്നെ ആര്‍ടിഒ ഡ്രൈവറെ വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷം ലൈസന്‍സ് റദ്ദാക്കി. എസ്പിക്ക് ലഭിച്ച പരാതി തുടര്‍ നടപടിക്കായി അടൂര്‍ ഡിവെഎസ്പിക്ക് കൈമാറി. ഒന്നിലധികം തവണ വിവാഹം കഴിച്ചിട്ടുള്ളയാളാണ് നൗഷാദെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ മുമ്പും സമാന പരാതി ലഭിച്ചിട്ടുണ്ട്.