Web Desk

December 12, 2019, 10:05 pm

നിര്‍ദ്ദിഷ്ട പിഡിപി നിയമം ഫാസിസത്തികവിലേക്ക്

Janayugom Online

ഇക്കഴിഞ്ഞ ബുധനാഴ്ച മോഡി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വ്യക്തിഗത വിവര സംരക്ഷണ ബില്‍ (പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍-2019- പിഡിപി) പൗരത്വ ഭേദഗതി ബില്‍ 2019 സൃഷ്ടിച്ച പ്രക്ഷുബ്ധ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അര്‍ഹമായ ശ്രദ്ധ നേടുകയുണ്ടായില്ല. ബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെട്ട ജോയിന്റ് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. അടുത്ത വര്‍ഷം ബജറ്റ് സമ്മേളനത്തിനു മുമ്പ് കമ്മിറ്റി പാര്‍ലമെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമ നിര്‍മ്മാണ പ്രക്രിയയില്‍ ഭരണകക്ഷി പിന്തുടര്‍ന്നുവരുന്ന ജനാധിപത്യ വിരുദ്ധതയുടെ അടിസ്ഥാനത്തില്‍ അത് നിയമമാകുമെന്നുവേണം കരുതാന്‍. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഭരണകൂടത്തിന് കടന്നുകയറാനുള്ള പച്ചക്കൊടിയായി പ്രസ്തുത നിയമം മാറുമെന്ന ഭയാശങ്കകള്‍ വിവിധ കോണുകളില്‍ നിന്നും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

പിഡിപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പ്രസ്തുത ബില്‍ ഇപ്പോഴത്തെ രൂപത്തില്‍ നിയമമായാല്‍ പൗരന്മാര്‍ പൂര്‍ണമായ ഭരണകൂട നിരീക്ഷണവലയത്തിലാവുന്ന അത്യന്തം ഭയാനകമായ അന്തരീക്ഷമായിരിക്കും സംജാതമാവുക. പ്രസ്തുത ബില്ലിന്റെ ആദ്യ കരട് തയാറാക്കാന്‍ നിയോഗിക്കപ്പെട്ട സമിതിക്ക് നേതൃത്വം നല്‍കിയ വിരമിച്ച സുപ്രീം കോടതി ജഡ്ജ് ബി എന്‍ ശ്രീകൃഷ്ണ തന്നെ ഇപ്പോഴത്തെ രൂപത്തിലുള്ള ബില്ലിനെതിരേ രാജ്യത്തിന് മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ജോര്‍ജ് ഓര്‍വലിന്റെ വിഖ്യാത നോവലായ ‘1984’ വിവരിക്കുന്ന തരത്തിലുള്ള കിരാത ഭരണ നിയന്ത്രണത്തിലേക്കായിരിക്കും ഇന്ത്യന്‍ ജനത നയിക്കപ്പെടുക എന്ന് അദ്ദേഹം ഭയപ്പെടുന്നു. കരട് പിഡിപി ബില്‍ തായാറാക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യ വിവരം രാജ്യത്തിന്റെ സുരക്ഷാ താല്പര്യങ്ങളെ മുന്‍നിര്‍ത്തി പ്രയോജനപ്പെടുത്തുന്നതിന് മതിയായ രക്ഷാവ്യവസ്ഥകള്‍ പാലിക്കപ്പെടണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

നിയമാനുസൃതം അ­ധികാരപ്പെടുത്തിയ ഏ­ജ­ന്‍സികള്‍ക്ക് ഏതൊരു താല്പര്യത്തോടെയാണോ അ­ത്തരം വിവരങ്ങള്‍ പ്ര­യോജനപ്പെടുത്തുന്നത് അ­തിന് ആനുപാതികമായി മാത്രമേ പ്രവര്‍ത്തിക്കനാവു എന്ന കരട് ബില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. 2017 ലെ‍ ആധാര്‍ സംബന്ധിയായ സുപ്രീം കോടതി വിധിയില്‍ നിഷ്കര്‍ഷിക്കുന്ന പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശം കര്‍ക്കശമായി പാലിച്ചുകൊണ്ടേ ഭരണകൂടത്തിന് പ്ര­വര്‍ത്തിക്കാനാവൂ. സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അതിന്റെ നിശ്ചിത ലക്ഷ്യം പ്രഖ്യാപിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. അ­ത്തരത്തില്‍ വിരവശേഖരണത്തിന് ഏത് ഏജന്‍സിയെയാണ് നിയോഗിക്കുന്നതെന്നും അവര്‍ എന്ത് രീതികളാണ് അവലംബിക്കുന്നതെന്നും വ്യക്തമാക്കേണ്ടതുണ്ട്. അ­തിന് ആവശ്യമായ നിയമം പാര്‍ലമെന്റോ സംസ്ഥാന നിയമസഭകളോ നിര്‍മ്മിക്കേണ്ടതുണ്ട്.

എന്നാല്‍, രാജ്യത്തിന്റെ പരമാധികാരം, പൊതു നിയമ വ്യവസ്ഥ, രാഷ്ട്ര സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള രാഷ്ട്രത്തിന്റെ സുഹൃദ്ബന്ധം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന് ബോധ്യമുള്ള ഏതു കാര്യത്തിലും സ്വകാര്യവിവരങ്ങള്‍ കൈവശപ്പെടുത്താന്‍ കേന്ദ്ര ഭരണകൂടത്തെ അനുവദിക്കുന്ന തരത്തിലാണ് ബില്ലിന്റെ ഇപ്പോഴത്തെ രൂപം. സെലക്ട് കമ്മിറ്റി ഈ രൂപത്തില്‍ ബില്ലിന് അംഗീകാരം നല്‍കിയാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരിട്ടേക്കാവുന്ന ഏറ്റവും വലിയ ദുരന്തമാകും. നരേന്ദ്രമോഡിസര്‍ക്കാര്‍ നാളിതുവരെ പാസാക്കിയെടുത്ത ബില്ലുകള്‍ ഓരോന്നും പരിശോധനാ വിധേയമാക്കിയാല്‍ അവയുടെ ഉദ്ദേശ്യം എന്തെന്ന് തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരില്ല. അവ ഓരോന്നും ഭരണഘടനയെയും നിയമ വാഴ്ചയെയും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉള്ളില്‍നിന്നു തകര്‍ക്കുന്ന ഭരണഘടനാപരമായ അട്ടിമറിയാണെന്ന് തിരിച്ചറിയാനാവും.

ജര്‍മ്മന്‍ ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പാര്‍ലമെന്റിനെയും ഹിറ്റ്ലറുടെ നേതൃത്വത്തില്‍ നാസികള്‍ എങ്ങനെയാണോ തകര്‍ത്തത്, അതിന്റെ ആവര്‍ത്തനമാണ് ഇന്ത്യയില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. രീതികളിലും സ്വഭാവത്തിലും അന്തരം കണ്ടേക്കാമെങ്കിലും ഉള്ളടക്കത്തില്‍ അത് ഫാസിസം തന്നെയാണ്. നിയമവിധേയമെന്ന് തെറ്റിധരിപ്പിക്കാവുന്ന മാര്‍ഗങ്ങളിലൂടെയാണ് ജര്‍മ്മനിയില്‍ ഫാസിസ്റ്റുകള്‍ നിയമവാഴ്ചയെ തകര്‍ത്തത്. അത് പിന്നീട് രണ്ടാം ലോക യുദ്ധമായി തെളിയിക്കപ്പെട്ടു. അതിന്റെ ആവര്‍ത്തനത്തിനാണ് നരേന്ദ്രമോഡി ഭരണത്തില്‍ ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയെപോലും ഭയപ്പെടുന്ന ഫാസിസ്റ്റ് ഭരണക്രമത്തിലേക്കാണ് രാജ്യവും ജനങ്ങളും അമരുന്നത്.