റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണ് റോഡ് അപകടാവസ്ഥയില്‍

Web Desk

നെടുങ്കണ്ടം

Posted on September 15, 2020, 9:14 pm

കഴിഞ്ഞ മാസം വട്ടപ്പാറയില്‍ നിര്‍മ്മിച്ച റോഡിന്റെ സംരക്ഷണ ഭിത്തി കനത്തമഴയില്‍ തകര്‍ന്നതോടെ റോഡ് അപകടഭീക്ഷണിയില്‍. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ വട്ടപ്പാറക്ക് സമീപം കഴിഞ്ഞ മാസം നിര്‍മ്മിച്ചറോഡിന്റെ സംരക്ഷണ ഭിത്തിയാണ് രണ്ട് ദിവസംകൊണ്ട് തകര്‍ന്ന് ഏലത്തോട്ടത്തിലേക്ക് പതിച്ചത്.

മണ്ണിടിഞ്ഞ സ്ഥലങ്ങളില്‍ ഗര്‍ത്തങ്ങളും വിള്ളലുകളും രൂപപ്പെട്ടതോടെ റോഡ് ഇടിഞ്ഞ് താഴുകയാണ്. അശാസ്ത്രീയ നിര്‍മ്മാണത്തെത്തുടര്‍ന്നാണ് സംരക്ഷണഭിത്ത് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ദിവസത്തെ മഴയില്‍ സംരക്ഷണഭിത്തിക്കും റോഡിനുമിടയില്‍ മണ്ണിട്ട് നികത്തിയിരുന്ന ഭാഗത്ത് കൂറ്റന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. ഇതോടെ കരാറുകാരന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ച് ഗര്‍ത്തങ്ങളില്‍ വീണ്ടും മണ്ണിട്ട് നികത്തിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ സരംക്ഷണഭിത്തിയടക്കം തകര്‍ന്ന് സമീപത്തെ ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. അപകടാവസ്ഥയിലായ റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. രാത്രിയില്‍ കോടമഞ്ഞ് കാഴ്ച മറക്കുന്ന പ്രദേശത്ത് വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയും ഏറെയാണ്. സമീപ കാലത്ത് രണ്ട് കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച കല്‍ക്കെട്ടിനിടയിലൂടെ വെള്ളം പ്രവഹിച്ചാണ് ഒരു ഭാഗത്തു മണ്ണിച്ചിലുണ്ടായത്.

കഴിഞ്ഞ രണ്ട് പ്രളയ കാലത്തും സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായി കര്‍ഷകന്റെ ഭൂമി നശിച്ചിരുന്നു. ഇതിനു ശേഷമാണ് ഇതേസ്ഥലത്ത് കൂറ്റന്‍ സംരക്ഷണ ഭിത്തി നിര്‍മിച്ചത്. ഈ ഭാഗത്തു നിന്നും വന്‍ തോതില്‍ പാറ പൊട്ടിച്ച് മാറ്റിയാണ് നിര്‍മാണം നടത്തിയത്. ഇതിനു പുറമെ പൊട്ടിച്ച കല്ല് മറ്റിടങ്ങളിലേക്ക് കടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.

ENGLISH SUMMARY:The pro­tec­tive wall of the road col­lapsed and the road was in dan­ger
You may also like this video