Web Desk

കൊച്ചി:

February 09, 2021, 7:26 pm

പൊതുമേഖലാ സ്ഥാപനങ്ങൾ തിരിച്ചുവരവിന്റെ പാതയിൽ: മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ തിരിച്ചുവരവിന്റെ പാതയിൽ മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗിന്റെ മാമല യൂണിറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന പവർ ട്രാൻഫോർമർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ- വെഹിക്കിൾ ചാർജിംഗ് സ്റ്റേഷന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
കെൽ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. വൈദ്യുതി ബോർഡിനു പുറമെ മറ്റു സംസ്ഥാനങ്ങൾക്കും കെൽ ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ നിർമ്മിച്ചു നൽകുന്നു. നവീന സങ്കേതങ്ങൾ സ്വന്തമാക്കി മുന്നേറാനുള്ള പരിശ്രമമാണ് സ്ഥാപനം നടത്തുന്നത്. പൊതുമേഖലാ ശാക്തീകരണത്തിന്റെ ഭാഗമായി കെല്ലിലും വലിയ തോതിലുള്ള നവീകരണം നടപ്പിലാക്കി. ഇതിന്റെ ഭാഗമായാണ് പവർ ട്രാൻസ്ഫോർമർ നിർമ്മാണ രംഗത്തേക്ക് സ്ഥാപനം എത്തിയത്. ഇതോടൊപ്പം ഭാവിയുടെ വാഹനങ്ങളായ ഇലക്ട്രിക് വാഹനങ്ങൾക്ക് ധാരാളം ചാർജിംഗ് യൂണിറ്റുകൾ ആവശ്യമാണ്. ഇത് ഉല്പാദിപ്പിക്കാൻ കെൽ നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് ആദ്യത്തെ ചാർജിംഗ് സ്റ്റേഷൻ കെല്ലിന്റെ അങ്കണത്തിൽ പ്രവർത്തനം തുടങ്ങുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊതുമേഖലാ സംവിധാനം സംരക്ഷിക്കുന്നതിനും അവയുടെ ഉന്നമനത്തിനായി ഫലപ്രദമായ പദ്ധതികളാണ് സർക്കാർ നടത്തിയത്. 2016ൽ സർക്കാർ അധികാരമേൽക്കുമ്പോൾ കേരളത്തിന്റെ വ്യവസായിക മേഖല വലിയ തളർച്ച നേരിടുകയായിരുന്നു. കഴിഞ്ഞ നാലേ മുക്കാൽ വർഷം നാം നടപ്പിലാക്കിയ ആധുനികവത്കരണവും വൈവിധ്യവത്കരണവും വൻതോതിലുള്ള പുരോഗതിയാണ് ഈ മേഖലക്ക് സമ്മാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വ്യവസായ രംഗത്ത് കേരളത്തെ മുൻനിര സംസ്ഥാനമായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ബിപിസിഎല്ലിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പെട്രൊകെമിക്കൽ പാർക്കിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കവെ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ നിക്ഷേപകർക്കും സുഗമമായി നിക്ഷേപിക്കാം വ്യവസായം നടത്താം. നിക്ഷേപകരെ ഇരുകയ്യും നീട്ടി സ്വീകരിക്കും. വളർച്ചയിൽ സ്ഥിരതയും ഉത്പാദന രംഗത്ത് സ്വയം പര്യാപ്തതയും ഊർജിതമായ നിക്ഷേപവുമുള്ള കേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ യുവതയുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ദൗത്യമാണ് വ്യവസായ വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്ന് കെല്ലിലെ ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി. തൊഴിൽ രഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതു വരെ 26,000 പേർക്ക് വകുപ്പ് തൊഴിൽ നൽകി. 63,000 ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കാൻ അനുമതി നൽകി. ഇതു വഴി രണ്ടേകാൽ ലക്ഷം ആളുകൾക്ക് ജോലി നൽകാനായി. എന്താണോ വ്യവസായ നിക്ഷേപകർക്ക് ആവശ്യം അതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി എം എം മണി, വി പി സജീന്ദ്രൻ എംഎൽഎ, കെഎസ്ഇബി എക്സിക്യൂട്ടീവ് ഡയറക്ടർ പി കുമാരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്., കെഇഎൽ ചെയർമാൻ വർക്കല വി രവി കുമാർ, എംഡി ഷാജി. എം വർഗീസ് എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY: The pub­lic sec­tor under­tak­ings in the state are on the path of return

YOU MAY ALSO LIKE THIS VIDEO