April 1, 2023 Saturday

നാഴികമണിയുടെ സ്പന്ദനതാളം

രമേശ് ബാബു
മാറ്റൊലി
March 13, 2020 5:30 am

സംഗീത സപര്യ സാര്‍ത്ഥകമാക്കിയ ജീവിതത്തിനിടയില്‍ ആയിരം പൂര്‍ണചന്ദ്രന്‍മാരെ ദര്‍ശിച്ച എം കെ അര്‍ജ്ജുനന്‍ മാസ്റ്ററുടെ സായുജ്യം കലാലോകവും പങ്കുവയ്ക്കുകയാണ്. അമാവാസികളായി നിറഞ്ഞുനിന്ന ജീവിത ദുഃഖങ്ങളോട് വന്ദനം ചൊല്ലിയും കാലത്തോട് സമരസപ്പെട്ടും തീര്‍ത്ത സംഗീത ശില്പങ്ങള്‍ അദ്ദേഹത്തെ എന്നേ യശസ്വിയും അനശ്വരനുമാക്കി തീര്‍ത്തിരിക്കുന്നു. മലയാള ചലച്ചിത്ര സംഗീത ശാഖയിലെ ഗിരിശൃംഗങ്ങളായ ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, രാഘവന്‍, ബാബുരാജ് എന്നിവരുടെ ഇളമുറക്കാരനായിരുന്നു അര്‍ജ്ജുനന്‍ മാഷ് എങ്കിലും തോള്‍പ്പൊക്കത്തില്‍ അവര്‍ക്കൊപ്പം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനവും. മാസ്മരികവും മോഹിപ്പിക്കുന്നതുമായ ഈണങ്ങള്‍ കൊണ്ട് മനസുകളെ കീഴടക്കി കുലപതിയായി ദേവരാജന്‍ മാസ്റ്റര്‍ വിരാജിക്കുമ്പോള്‍ രാഗങ്ങളുടെ ഗരിമയാണ് ദക്ഷിണാമൂര്‍ത്തി വരികളില്‍ സന്നിവേശിപ്പിച്ചത്. കെ രാഘവന്‍ മാസ്റ്റര്‍ നാടന്‍ ശീലുകളുടെ ഹൃദയതാളം സംഗീതത്തിലാവാഹിച്ചപ്പോള്‍ പ്രണയവശ്യതയുടെ ചാരുതയാണ് ബാബുരാജിന്റെ സംഗീതത്തില്‍ നിറഞ്ഞുനിന്നിരുന്നത്. ഈ നാല് മഹാപ്രതിഭകള്‍ക്കുമൊപ്പം സ്ഥാനം അറിയിച്ച അര്‍ജ്ജുനന്‍ മാസ്റ്ററാവട്ടെ ആരുടെയും അനുകര്‍ത്താവാകാതെ രാഗാദ്ര ഭാവങ്ങളുടെ സംഗീതമാണ് സൃഷ്ടിച്ചത്.

ഈണങ്ങളിലെ ഭാവസാന്ദ്രതയാണ് അദ്ദേഹത്തെ അനാദൃശ്യനാക്കുന്നതും. ഗുരുവായ ദേവരാജന്‍ മാസ്റ്ററുടെ കൂടെ ഒട്ടേറെ ഗാനങ്ങള്‍ക്ക് ഹാര്‍മോണിയം വായിച്ച അര്‍ജ്ജുനന്‍ മാസ്റ്റർ പക്ഷേ സ്വതന്ത്രസംഗീതജ്ഞനായപ്പോള്‍ മൗലികമായ ഒരു സംഗീത സാമ്രാജ്യം കെട്ടിപ്പടുക്കാനായിരുന്നു ശ്രമിച്ചിരുന്നത്. പ്രത്യക്ഷത്തില്‍ അതീവലളിതമെന്ന് തോന്നുമെങ്കിലും ആലാപനത്തില്‍ തീവ്രശ്രദ്ധവേണ്ട ഗാനങ്ങളാണ് അദ്ദേഹം ചിട്ടപ്പെടുത്തിയവയിലേറെയും. ചില ഗാനങ്ങളില്‍ അദ്ദേഹം ദേവരാജന്‍ മാസ്റ്ററെയും അതിശയിക്കുന്നത് കാണാം. ദേവരാജന് ശേഷം ഗാനസാഹിത്യത്തിലെ ഓരോ വരികള്‍ക്കും അതീവ സംഗീത പരിചരണം നല്കുന്ന അര്‍ജ്ജുനന്‍ മാസ്റ്ററെപോലുള്ള സംഗീത സംവിധായകന്‍ ഇല്ലെന്നു തന്നെ പറയാം. ജോണ്‍സണ്‍ ആയിരുന്നു മറ്റൊരാള്‍. അനാഥത്വത്തിന്റെയും വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും കൊടിയ അവസ്ഥകളില്‍ സംഗീതം സാന്ത്വനമാക്കി മാറ്റിയ ഒരു വ്യക്തി പിന്നീട് അത് ജീവിതവൃത്തിയാക്കി മാറ്റുമ്പോള്‍ മനസില്‍ ഉറവം കൊള്ളുന്ന ഈണങ്ങള്‍ക്ക് സൂക്ഷ്മവും പ്രാപഞ്ചികവുമായ സംഗീതത്തിന്റെ ലാഞ്ഛന വന്നുപോയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. അര്‍ജ്ജുനന്‍ മാസ്റ്ററുടെ അരങ്ങേറ്റ ചിത്രമായ കറുത്ത പൗര്‍ണമി (1968)യിലെ ‘മാനത്തില്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടും (എസ് ജാനകി), ഹൃദയമുരുകി നീ കരയില്ലെങ്കില്‍ (യേശുദാസ്) തുടങ്ങിയ ഗാനങ്ങള്‍ മുതല്‍ ഈ സവിശേഷത ശ്രവ്യമാണ്.

1969 ല്‍ റസ്റ്റ്ഹൗസ് എന്ന ചിത്രത്തിന് ഈണമൊരുക്കുമ്പോഴേക്കും എം കെ അര്‍ജ്ജുനന്‍ ലളിതസംഗീത പ്രേമികളുടെ മനസില്‍ കൂടുകൂട്ടിക്കഴിഞ്ഞു. ‘പാടാത്ത വീണയും പാടും, യമുനേ സ്നേഹയമുനേ യദുകുല രതിദേവനെവിടെ രാധേ, പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു… ഈ ഗാനങ്ങള്‍ ആസ്വാദക ഹൃദയങ്ങളില്‍ കുടിയിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 1960–70 കാലഘട്ടത്തില്‍ മലയാള ചലച്ചിത്ര സംഗീതത്തില്‍ ഓരോരോ കൂട്ടുകെട്ടിനായിരുന്നു പ്രാമുഖ്യം. വയലാര്‍-ദേവരാജന്‍, പി ഭാസ്കരന്‍-ബാബുരാജ് തുടങ്ങിയ കൂട്ടുകെട്ടുകള്‍ക്കിടയിലാണ് അര്‍ജ്ജുനന്‍-ശ്രീകുമാരന്‍ തമ്പി കൂട്ടുകെട്ടും ആവിര്‍ഭവിക്കുന്നത്. ദേവരാജന്‍-ശ്രീകുമാരന്‍ തമ്പി ബന്ധങ്ങളില്‍ ആലോസരങ്ങള്‍ നിറഞ്ഞപ്പോഴാണ് പകരക്കാരനായി അര്‍ജ്ജുനന്‍ മാസ്റ്റര്‍ ആ സ്ഥാനത്തേക്ക് എത്തുന്നത്. ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളൊന്നും തന്നെ രണ്ടാംതരവുമായില്ല. മാത്രമല്ല ദേവരാജന്‍ മാസ്റ്റര്‍ അതുല്യഗായികമാരായ പി സുശീല, ജാനകി, വസന്ത എന്നിവരെയൊക്കെ ഒഴിവാക്കി മാധുരിയെക്കൊണ്ട് തന്റെ ഗാനങ്ങളാകെ പാടിപ്പിച്ച് സ്വയം മങ്ങലേല്പിക്കുന്ന സമയത്താണ് ശ്രീകുമാരന്‍ തമ്പി-അര്‍ജ്ജുനന്‍ ടീം ജാനകി, സുശീല, വാണിജയറാം എന്നിവരുടെ കണ്ഠത്തിലൂടെ അപൂര്‍വസുന്ദര ഗാനങ്ങള്‍ സമ്മാനിച്ചത്. തിരുവോണ പുലരിതന്‍, നിലവിളക്കില്‍ തിരിനാളമായി, തിരയും തീരവും (വാണിജയറാം), ചന്ദ്രരശ്മിതന്‍ ചന്ദനനദിയില്‍, രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടി (സുശീല), യമുനേ യദുകുലരതിദേവന്‍ (ജാനകി)… ഇങ്ങനെ എത്രയോ ഗാനങ്ങള്‍. അതേസമയം, വയലാര്‍, പി ഭാസ്ക്കരന്‍, ഒഎന്‍വി, ഭരണിക്കാവ് ശിവകുമാര്‍ തുടങ്ങി ഒട്ടേറെ ഗാനരചയിതാക്കളുമായി ചേര്‍ന്നും അദ്ദേഹം മനോഹരമായ ഈണങ്ങളൊരുക്കി.

കുട്ടിക്കാലത്തെ അനാഥാലയവാസം മുതല്‍ സ്വായത്തമാക്കിയ സംഗീത പാഠങ്ങളും പിന്നീട് നാടകരംഗത്തിലൂടെ ആര്‍ജിച്ച പരിശീലനവുമായിരിക്കും അര്‍ജ്ജുനന്‍ മാസ്റ്ററുടെ ഗാനങ്ങളുടെ ഊര്‍ജവും ശക്തിയും. അതിന്റെ ആഴങ്ങളാണ് ഓരോ പാട്ടിലും അന്തര്‍ഭവിച്ചിരിക്കുന്നത്. ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം, നക്ഷത്ര കിന്നരന്‍മാര്‍ വിരുന്നുവന്നു, നിന്‍മണിയറയിലെ നിന്‍ മലര്‍ശയ്യയിലെ, നീലനിശീഥിനി നിന്‍മലര്‍, ഭാമിനി ഭാമിനി പ്രപഞ്ച ശില്പിയുടെ, കുയിലിന്റെ മണിനാദം കേട്ടു, സ്വയംവര കന്യകേ സ്വപ്നഗായികേ, സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു, ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ, ഉഷസാം സ്വര്‍ണത്താമര വിരിഞ്ഞു, എത്ര സുന്ദരി എത്ര പ്രിയങ്കരി, അനുരാഗമേ അനുരാഗമേ, ചന്ദ്രക്കല മാനത്ത്, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, തളിര്‍വലയോ താമര വലയോ, ആയിരം അജന്താ ശില്പങ്ങള്‍, ആയിരവല്ലിതന്‍ തിരുനടയില്‍, ചെമ്പക തൈകള്‍ പൂത്തമാനത്തെ, രവിവര്‍മ്മ ചിത്രത്തിൻ, ആയിരം കാതമകലെയാണെങ്കിലും.… അവിസ്മരണീയമായ എത്ര ഗാനങ്ങളാണ് ഈ 84 വയസിനുള്ളില്‍ അദ്ദേഹം നമുക്ക് നല്കിയിരിക്കുന്നത്.

എന്നാല്‍ ഇത്രത്തോളം മെലഡികള്‍ മലയാളഗാനശാഖയ്ക്ക് സംഭാവനചെയ്ത ഒരു വ്യക്തിയെ തേടി സംസ്ഥാന പുരസ്കാരം പോലും എത്തിയത് 2017 ല്‍ മാത്രമാണ്. അതില്‍ അത്ഭുതപ്പെടാനില്ല, കാരണം വെറും ‘ആവറേജ്’ എന്നു മാത്രം വിശേഷിപ്പിക്കാവുന്ന സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കുമൊക്കെയാണ് കഴിഞ്ഞ കുറേക്കാലം കൊണ്ട് ദേശീയ‑അന്തര്‍ദേശീയ‑സംസ്ഥാന പുരസ്കാരങ്ങളൊക്കെ കിട്ടിവരുന്നത്. അവാര്‍ഡുകള്‍ അത് നിര്‍ണയിക്കുന്നവരുടേതു മാത്രമായ തെരഞ്ഞെടുപ്പാണ്. യഥാര്‍ത്ഥ പ്രതിഭകള്‍ ജീവിക്കുന്നത് എന്നും സഹൃദയരുടെ മനസിലും സ്മരണയിലുമായിരിക്കും. ജോളി എബ്രഹാം, സുജാത, ജാന്‍സി എന്നീ ഗായകരെ പരിചയപ്പെടുത്തിയ അര്‍ജ്ജുനന്‍ മാസ്റ്റര്‍ തന്നെയായിരുന്നു എ ആര്‍ റഹ്‌മാന്റെ പിതാവും ഓര്‍ക്കസ്ട്രേഷന്‍ വിദഗ്ധനും സംഗീത സംവിധായകനുമായ ആര്‍ കെ ശേഖറിനെയും കരിയറില്‍ ഉറപ്പിക്കുന്നത്. റഹ്‌മാന്‍ അര്‍ജ്ജുനന് വേണ്ടി ചെറുപ്രായത്തിലേ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ള വ്യക്തിയാണ്. പ്രതിഭകള്‍ കഠിനാധ്വാനം കൊണ്ട് മാറ്റുരയ്ക്കുമ്പോഴും ഭാഗ്യവും അകമ്പടി വേണമെന്നാണ് ചില ജീവിതങ്ങള്‍ പഠിപ്പിക്കുന്നത്. കഠിനമായ ജീവിത പാതകളിലൂടെ കടന്നുവന്ന അര്‍ജ്ജുനന്‍ മാസ്റ്റര്‍ക്ക് ഭാഗ്യദേവതയുടെ വലിയ കടാക്ഷങ്ങളൊന്നുമുണ്ടായില്ലെങ്കിലും സംഗീത വീഥിയില്‍ അമരത്വമാണ് വിധി എന്ന് നിസ്സംശയം പറയാം.

മാറ്റൊലി

മറക്കുകില്ല, മറക്കുകില്ല, ഈ ഗാനം നമ്മൾ മറക്കുകില്ല… .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.