ഭക്ഷണപദാർത്ഥങ്ങൾ പരിശോധിക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണം: മുഖ്യമന്ത്രി

Web Desk
Posted on December 12, 2019, 10:16 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടന്ന ജില്ലാ കളക്ടർമാരുടേയും വകുപ്പ് മേധാവികളുടേയും വാർഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യം, ഇറച്ചി, പച്ചക്കറി, പാചക എണ്ണ തുടങ്ങി എല്ലാം പരിശോധിക്കണം. ജില്ലകളിലെ തട്ടുകടകളിലും പ്രധാന ഹോട്ടലുകളിലുമടക്കം എല്ലായിടത്തും നിശ്ചിത ഇടവേളകളിൽ പരിശോധന നടക്കണം. മായം കലർന്ന സാധനങ്ങളുടെ വിൽപന നടക്കുന്നുണ്ട്.

മത്സ്യങ്ങൾ പരിശോധിക്കാൻ നേരത്തെ ഇടപെടലുണ്ടായിരുന്നു. തുടർച്ചയായ പരിശോധനയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനം ഫലപ്രദമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്കും മറ്റു വകുപ്പുതല ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ നിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഏകദിന തീവ്രപരിപാടി സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ജനുവരി 25ന് പഞ്ചായത്ത് തലം മുതൽ മാലിന്യനിർമാർജന പരിപാടി നടക്കും. ജനങ്ങളുടേയും സന്നദ്ധപ്രവർത്തകരുടേയും, എൻഎസ്എസ്, എൻസിസി, ഹരിത കർമസേന എന്നിവരുടേയും സഹകരണം ഉറപ്പാക്കും. സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ കേരള പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

you may also like this video

Title Page Sep­a­ra­tor Site title Sep­a­ra­tor Pri­ma­ry cat­e­go­ry

രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ജനുവരിയിൽ തൃശൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 1901 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. ഈ മാസം തന്നെ 2000 വീടുകളും പൂർത്തിയാകും. കൃഷി, തുറമുഖം, സാംസ്കാരികം, പരിസ്ഥിതി, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ആഭ്യന്തരം, ഭവനനിർമാണം, വ്യവസായം, തദ്ദേശസ്വയംഭരണം, കായിക യുവജനകാര്യ വകുപ്പുകളുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. മന്ത്രിമാരായ ഇപി ജയരാജൻ, എസി മൊയ്തീൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രൊഫ. സി രവീന്ദ്രനാഥ്, ഡോ. കെടി ജലീൽ, കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വികെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.