25 April 2024, Thursday

ക്വാറി നിയന്ത്രണ നിയമം വരുന്നു

Janayugom Webdesk
തിരുവനന്തപുരം
August 9, 2022 11:03 pm

സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവരുന്നു. ഇതു സംബന്ധിച്ച നിയമത്തിന്റെ കരട് തയാറായതായി സൂചനയുണ്ട്. മലയോരങ്ങളിലും ഉള്‍വനങ്ങളില്‍പോലും അനധികൃതമായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ഉരുള്‍പൊട്ടലിനും മലയിടിയുന്നതിനും പരിസ്ഥിതി നാശത്തിനും വഴിമരുന്നിടുന്നുവെന്ന പീച്ചിയിലെ കേരള വനം ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനങ്ങളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഖനി-ക്വാറി നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനു തീരുമാനിച്ചത്. കേരളത്തില്‍ 5,924 കരിങ്കല്‍ ക്വാറികളുണ്ടെന്ന് പഠനത്തില്‍ വെളിവായി. എന്നാല്‍ 589 ക്വാറികള്‍ക്ക് മാത്രമേ ലെെസന്‍സുള്ളു. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പത്തിരട്ടിയോളമാണ് നിയമവിരുദ്ധ ക്വാറികള്‍. അനധികൃത ക്വാറികള്‍ ഭൂമി തുരന്നുമറിക്കുന്നത് ഏറ്റവുമധികം മധ്യകേരളത്തിലാണ്. പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലുള്ളത് 2,438 ക്വാറികളാണ്. തെക്കന്‍ കേരളത്തില്‍ 1,517 വടക്കന്‍ കേരളത്തില്‍ 1,969 എന്നിങ്ങനെയാണ് ക്വാറികളുടെ കണക്ക്.

17,685 ഏക്കര്‍ പ്രദേശങ്ങളാണ് ക്വാറിമാഫിയ കയ്യടക്കി ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്വാറികളുടെ അനിയന്ത്രിതമായ ആധിക്യം സംസ്ഥാനത്ത് ഭൂകമ്പങ്ങള്‍ വ്യാപകമാക്കുമെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. ഇപ്പോള്‍ത്തന്നെ കിഴക്കന്‍ മലയോര ജില്ലകളില്‍ ചെറുഭൂകമ്പങ്ങളും ഭൂചലനങ്ങളും വ്യാപകമാണ്. 35 വര്‍ഷത്തിനിടെയുണ്ടായ 78 ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രങ്ങള്‍ക്ക് ഒരു കിലോമീറ്ററിനുള്ളില്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പീച്ചി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും ലാഭകരമായ ബിസിനസാണ് കരിങ്കല്‍-ചെങ്കല്‍ ക്വാറി ഖനനമെന്നതിനാലാണ് ഈ രംഗത്തേക്ക് കൂടുതല്‍ പേര്‍ കടന്നുവരുന്നതും നിയമവിരുദ്ധ ക്വാറികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതും. ഇടുക്കിയില്‍ മൂന്നാറിനു സമീപത്തെ ഒരു ചെറുഭൂപ്രദേശത്തെ ക്വാറികളില്‍ നിന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ കടത്തിയത് നൂറു കോടി രൂപയുടെ കരിങ്കല്ലുകളാണ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം വന്‍ ഉരുള്‍പൊട്ടലുകളുണ്ടായ കണിച്ചാര്‍, നെടുംപൊയില്‍ പ്രദേശത്തെ ക്വാറികളില്‍ നിന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഖനനം നടത്തിയത് മുന്നൂറു കോടിയോളം രൂപയുടെ കരിങ്കല്ലും ചെങ്കല്ലും. മിക്കവാറും എല്ലാം തന്നെ അനധികൃത ക്വാറികളാണ്.

മെെനിങ്-ജിയോളജി വകുപ്പിലെയും പ്രാദേശിക ഭരണകൂടങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് അനധികൃത ക്വാറികളുടെ സംഖ്യ അനിയന്ത്രിതമായി പെരുകാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ ക്വാറി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുകള്‍ തുടര്‍ക്കഥയായതോടെ പഞ്ചായത്തുകളും മറ്റു പ്രാദേശിക ഭരണകൂടങ്ങളും ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തിറങ്ങിയതും ശുഭോദര്‍ക്കമാണ്.

Eng­lish Sum­ma­ry: The Quar­ry Con­trol Act is com­ing up
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.