Monday
18 Feb 2019

ബാങ്ക് ലയനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

By: Web Desk | Tuesday 18 September 2018 10:52 PM IST

രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകളെ കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ബാങ്ക് ഓഫ് ബറോഡ, വിജയ് ബാങ്ക്, ദേന ബാങ്ക് എന്നിവയെ ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കാക്കി മാറ്റുകയാണ് ലയന ലക്ഷ്യം. നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അതിന്റെ അനുബന്ധ ബാങ്കുകള്‍ ലയിപ്പിക്കുക ഉണ്ടായി. അന്ന് ലോകത്തെ ആദ്യത്തെ അമ്പത് വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് എസ്ബിഐയെ ഉയര്‍ത്തുക എന്ന ലക്ഷ്യപ്രഖ്യാപനമാണ് നടത്തിയിരുന്നത്. അതിന്റെ അനുഭവങ്ങളും ഫലപ്രാപ്തിയും ഇനിയും പഠന വിധേയമാകേണ്ടിയിരിക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ വര്‍ധിച്ചുവരുന്ന കിട്ടാക്കടം, ബാങ്കിങ് രംഗത്ത് അര്‍ഥപൂര്‍ണമായ പരിഷ്‌കാരങ്ങള്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആ ദിശയില്‍ പ്രകടമായ എന്തെങ്കിലും നേട്ടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയനത്തില്‍ നിന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കിട്ടാക്കടത്തിന്റെ തോത് ഉയരുകയും വന്‍കിട കോര്‍പറേറ്റുകള്‍ അതിന്റെ മുഖ്യ ഗുണഭോക്താക്കളായി തുടരുകയും ചെയ്യുന്നു. പൊതുമേഖലാ ബാങ്കുകളെ പരസ്പരം ലയിപ്പിച്ച് വന്‍ ബാങ്കുകളാക്കി മാറ്റുന്നതിനോട് ബാങ്ക് ജീവനക്കാരൂടെയും ഓഫീസര്‍മാരുടെയും സംഘടനകള്‍ ഉയര്‍ത്തുന്ന വിയോജിപ്പും എതിര്‍പ്പും വകവയ്ക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങളെ ലയനം ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന ന്യായീകരണമാണ് സര്‍ക്കാര്‍ നിരത്തുന്നത്. പ്രശ്‌നം ജീവനക്കാരുടെ തൊഴില്‍ സാഹചര്യം മാത്രമല്ല. ബാങ്കുകളുടെ സാധാരണക്കാരായ ഇടപാടുകാരോടുള്ള സമീപനമാണ് മുഖ്യ പ്രശ്‌നം. ബാങ്ക് ലയനം സാധാരണക്കാരായ ഇടപാടുകാരെക്കാള്‍ ലക്ഷ്യം വയ്ക്കുന്നത് കോര്‍പറേറ്റുകളെയാണ്. അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക അടിത്തറയുളള സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് അത്. സാധാരണക്കാര്‍ അത്തരം സാഹചര്യങ്ങളില്‍ കൊളളപ്പലിശക്കാരായ ഹുണ്ടിക വ്യാപാരികളെ കൂടുതലായി ആശ്രയിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന ഭയപ്പാട് അവഗണിച്ചുകൂട.
രൂപയുടെ മൂല്യത്തകര്‍ച്ച, ബാങ്കിങ് രംഗത്തെ പ്രതിസന്ധി, പൊതുമേഖലാ ബാങ്കുകളിലടക്കം നടന്നുവരുന്ന സാമ്പത്തിക തട്ടിപ്പുകളും കുംഭകോണങ്ങളും, സാമ്പത്തിക രംഗത്തെ ഗ്രസിച്ചിരിക്കുന്ന തകര്‍ച്ച, എണ്ണവിലയുടെ കുതിച്ചുയരല്‍, വിലക്കയറ്റം, യു എസ് ലോകവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന വ്യാപാര യുദ്ധം എന്നിവയോടുള്ള വീണ്ടുവിചാരം കൂടാതെയുള്ള പ്രതികരണമായാണ് പല സാമ്പത്തിക കേന്ദ്രങ്ങളും ചിന്തകരും ലയന നടപടിയെ വിലയിരുത്തുന്നത്. ലയന തീരുമാനത്തെ തുടര്‍ന്ന് വിപണിയില്‍ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരിവിലയിലുണ്ടായ ഇടിവ് ശുഭലക്ഷണമായി പലരും കരുതുന്നില്ല. ലയനം ഇടപാടുകാരുടെ അടിത്തറ വിപുലീകരണത്തിനും വിപണി വ്യാപനത്തിനും പ്രവര്‍ത്തന കാര്യക്ഷമതക്കും പുതിയ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വഴിതുറക്കുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാ ലയനങ്ങളും അത്തരം കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ മിക്കപ്പോഴും ഉദേശിച്ച ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നതായാണ് അനുഭവങ്ങള്‍. ആഗോള സാമ്പത്തിക ഉപദേഷ്ടാക്കളായ മെക്കന്‍സിയുടെ പഠനങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുന്നു. ഉദ്ദേശിച്ച ഫലപ്രാപ്തി 30 ശതമാനത്തില്‍ താഴെ മാത്രമെ കൈവരിക്കാനായിട്ടുള്ളൂ എന്നാണ് ആഗോള അടിസ്ഥാനത്തിലുളള അവരുടെ പഠനങ്ങള്‍. ലയനത്തിന്റേതായ മറ്റു പല സങ്കീര്‍ണതകളെയും പരിഗണിക്കാതെയാണ് മഹത്തായ ലക്ഷ്യപ്രഖ്യാപനങ്ങള്‍ എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്ത്യയിലെ ബാങ്കുകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ ഒന്നാണ് മാനേജ്‌മെന്റ് തലത്തിലുള്ള മനുഷ്യവിഭവശേഷിയുടെ അഭാവം. അതിനു പരിഹാരം കാണാന്‍ യാതൊരു ശ്രമവും നടത്താതെ ബാഹ്യമായ നടപടികള്‍ കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിനു തുല്യമാണ്. വിവിധ ബാങ്കുകളുടെ ലയനം സൃഷ്ടിക്കുന്ന സാംസ്‌കാരിക പ്രശ്‌നങ്ങള്‍ ഏതുതരത്തില്‍ പരിഹരിക്കാനാവും എന്നതിനും വ്യക്തതയില്ല. വ്യത്യസ്ത ബാങ്കിങ് സംസ്‌കാരങ്ങളെ സംയോജിപ്പിക്കുകയും സമന്വയിപ്പിക്കുകയെന്നതും കടുത്ത വെല്ലുവിളിയാണ്.
ബാങ്ക് ലയനത്തെപ്പറ്റി നടക്കുന്ന വ്യവഹാരങ്ങളിലെല്ലാം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണക്കൂടുതലിനെപ്പറ്റി പരാതി ഉയര്‍ന്നുവരുന്നുണ്ട്. ഒരു രാജ്യത്തിന് എത്ര ബാങ്കുകളാവാം എന്നതിന് നിശ്ചിതമായ ഒരു മാനദണ്ഡവുമില്ലെന്നതാണ് യാഥാര്‍ഥ്യം. യുഎസില്‍ 7,000 വും ജര്‍മനിയില്‍ 1,800 ഉം സ്‌പെയിനില്‍ 300 ബാങ്കുകളാണ് ഉള്ളത്. അങ്ങനെ നോക്കുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ എണ്ണക്കൂടുതലിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ല. മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ ലയിക്കുമ്പോള്‍ നിലവിലുള്ള പല ശാഖകളും അടച്ചുപൂട്ടുകയും നാളിതുവരെ ജനങ്ങള്‍ക്ക് ലഭിച്ചിരുന്ന സേവനങ്ങള്‍ നിഷേധിക്കപ്പെടുമെന്ന ആശങ്കയും നിലവിലുണ്ട്. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക നടപടികള്‍ പോലെ ബാങ്കുകളുടെ ലയനവും പ്രതികൂല സാമ്പത്തികാവസ്ഥ സൃഷ്ടിക്കുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല.

Related News