മഴക്ക് നേരിയ ഇടവേള, വീണ്ടും ശക്തി പ്രാപിക്കും

Web Desk
Posted on June 14, 2019, 8:55 pm

കൊല്ലം: ഒരാഴ്ച വൈകി മഴ എത്തിയെങ്കിലും ചെറിയ ഇടവേളയാണ് നിലവില്‍. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ ഏജന്‍സികളുടെ നിഗമനം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലും കര്‍ണാടകത്തിലും കഴിഞ്ഞ രണ്ട് ദിവസമായി സജീവമായിരുന്നു. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, കൊച്ചി, കോട്ടയം എന്നീ ജില്ലകളില്‍ നല്ല മഴ ലഭിച്ചു. കോഴിക്കോട് വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 48 മി.മീ. മഴ ലഭിച്ചു. എന്നാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ എട്ട് മി.മീറ്റര്‍ മഴ മാത്രമാണ് രേഖപ്പെടുത്തിയത്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വ്യാപകമാകുന്നതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാകെ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ അനുമാനിക്കുന്നു. കര്‍ണാടക തീരത്ത് നിന്ന് കേരളം വരെ നീളുന്ന ന്യൂനമര്‍ദ്ദ കേന്ദ്രീകരണവും ‘വായു’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉടലെടുത്ത കനത്ത കാറ്റും കാലവര്‍ഷത്തിന് അനുയോജ്യമായ ഘടകങ്ങളാണ്. ഗുജറാത്തില്‍ ‘വായു’ ആഞ്ഞടിക്കുമെന്ന് കരുതിയെങ്കിലും അത് അവിടെ നിന്ന് മാറി സൗരാഷ്ട്ര തീരത്തേക്ക് കടന്നിരിക്കുകയാണ്. കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ മുംബൈയിലും കാലവര്‍ഷം തുടങ്ങാറാണ് പതിവെങ്കിലും ഇക്കുറി അവിടെയും മഴ ശക്തിപ്രാപിച്ചിട്ടില്ല. സാധാരണ ഗതിയില്‍ അവിടെ ജൂണ്‍ 10 ഓടെ കാലവര്‍ഷം ആരംഭിക്കുകയാണ് പതിവ്. അടുത്തയാഴ്ചയോടെ മാത്രമേ മുംബൈയില്‍ മഴ സജീവമാകുകയുള്ളു.

കാലവര്‍ഷത്തെ രാജ്യമെമ്പാടും എത്തിക്കുന്നത് രണ്ട് കൈവഴികളാണ്. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലുമാണ് മണ്‍സൂണിന്റെ വാഹകര്‍. മൂന്ന് ഘട്ടങ്ങളിലൂടെയാണ് മഴയുടെ വ്യാപനം. ആദ്യഘട്ടത്തില്‍ തെക്കേ ഇന്ത്യയില്‍ നിന്ന് തുടങ്ങി മധ്യമേഖലാ പ്രദേശത്ത് കൂടി വടക്കേ ഇന്ത്യയിലേക്ക് എത്തും. ഇതേ സമയം തന്നെ ബംഗാള്‍ ഉള്‍ക്കടലിലൂടെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലും മണ്‍സൂണ്‍ സജീവമാകും.
രണ്ടാംഘട്ടത്തില്‍ ബംഗാള്‍ ഉള്‍ക്കടലിലൂടെ കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് നീങ്ങുന്ന മഴമേഘങ്ങള്‍ ബിഹാര്‍, ഝാര്‍ഖണ്ട്, ഒറീസ, ഛത്തീസ്ഗഡ്, യുപി എന്നിവിടങ്ങളില്‍ മഴ വ്യാപകമാക്കും. ഇതേസമയം തന്നെ അറേബ്യന്‍ കടലിലൂടെയുള്ള അന്തരീക്ഷമര്‍ദ്ദം ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് മഴയെ എത്തിക്കും. രാജസ്ഥാനിലെ ജയ്‌സാല്‍മര്‍, ബാമര്‍ തുടങ്ങിയ മരുപ്രദേശങ്ങളില്‍ മൂന്നാംഘട്ടത്തിലാണ് മഴ മേഘങ്ങള്‍ സജീവമാകുന്നത്.
ഇക്കുറി താരതമ്യേന ദുര്‍ബലമായ മണ്‍സൂണ്‍ സീസണാണ് ദൃശ്യമാകുന്നത്. പശ്ചിമഘട്ട മേഖലകളില്‍ മാത്രമാണ് കനത്ത മഴ അനുഭവപ്പെടുന്നത്. മഴയുടെ അളവില്‍ ഏതാണ് 42 ശതമാനം കുറവാണ് നിലവിലുള്ളത്.