Web Desk

ന്യൂഡൽഹി

April 26, 2020, 3:24 pm

രാജ്യസഭയിൽ നിയമനിർമ്മാണത്തിനായി വിനിയോഗിക്കുന്നത് നാലിലൊന്ന് സമയം മാത്രം

Janayugom Online

രാജ്യസഭ സമ്മേളനങ്ങളിൽ നിയമ നിർമ്മാണത്തിന് വിനിയോഗിക്കുന്നത് നാലിൽ ഒന്ന് സമയം മാത്രമെന്ന് റിപ്പോർട്ട്. സഭ സമ്മേളനത്തിന്റെ ആകെ സമയത്തിൽ 40. 2 ശതമാനം സമയം പൊതു താല്പര്യ വിഷയങ്ങൾക്കു വേണ്ടി വിനിയോഗിച്ചപ്പോൾ ഉദ്യോഗസ്ഥ തലത്തിൽ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി 32.22 ശതമാനം സമയം വിനിയോഗിച്ചു. എന്നാൽ നിയമ നിർമ്മാണത്തിനായി സഭ വിനിയോഗിച്ചത് 27.57 ശതമാനം മാത്രമാണ്. രാജ്യസഭ സെക്രട്ടേറിയറ്റ് 1978 മുതലുള്ള 41 വർഷത്തിനുള്ളിൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ വിശകലനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ സർക്കാർ ബില്ലുകൾ പാസാക്കുന്നതിനായി 3,429 മണിക്കൂറുകളും സ്വകാര്യ ബില്ലുകൾ പാസാക്കുന്നതിനായി 489 മണിക്കൂറുകളും സഭ ചെലവഴിച്ചു.

2015 ൽ സർക്കാർ ബില്ലുകൾക്കായി വിനിയോഗിച്ച സമയം 10. 87 ശതമാനം ആയിരുന്നെങ്കിൽ 2020ൽ അത് 40.09 ആയി ഉയർന്നു. തടസ്സങ്ങൾ നേരിട്ട സമയം ഒഴിവാക്കിയാൽ 139 മണിക്കൂർ മുതൽ 580 മണിക്കൂറുകളാണ് 1978–2010 വർഷങ്ങളിൽ യഥാർത്ഥ പ്രവർത്തനങ്ങൾക്കായി രാജ്യസഭ വിനിയോഗിച്ചത്. 139 മുതൽ 200 മണിക്കൂറുകൾ വരെയാണ് അഞ്ച് വർഷങ്ങളിൽ സഭ ഉപയോഗിച്ചത്. 14 പ്രാവശ്യം 201 മുതൽ 300 മണിക്കൂറുകൾ പ്രയോജനപ്പെടുത്തി. ഏഴു വർഷം 301 മുതൽ 400 മണിക്കൂറുകൾ വിനിയോഗിച്ചു. ഒമ്പത് വർഷം 401 മുതൽ 500ഉം ആറ് വർഷത്തിൽ 500 മണിക്കൂറും ഇത്തരത്തിൽ വിനിയോഗിച്ചു. നിയമ നിർമ്മാണം, മേൽനോട്ടം, അവാധനപൂർവ്വമായ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സഭ വിനിയോഗിച്ച സമയത്തെകുറിച്ച് അറിയാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സെക്രട്ടേറിയറ്റ് ഇത്തരത്തിലൊരു വിശകലനം നടത്തിയത്.

പൊതു താല്പര്യ വിഷയങ്ങൾ, ബഡ്ജറ്റ് ചർച്ചകൾ, കുറഞ്ഞ സമയത്തേക്കുള്ള ചർച്ചകൾ, ശൂന്യ വേളകൾ, പ്രത്യേക പരാമർശങ്ങൾ, മന്ത്രാലയങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള ചർച്ച തുടങ്ങിയവയാണ് അവാധനപൂർവ്വമായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്. ബഡ്ജറ്റ് പൊതു ചർച്ചകൾക്കായി 1978–2018 കാലയളവിൽ ആകെ പ്രവർത്തന സമയത്തിന്റെ 7.08 ശതമാനം വിനയോഗിച്ചു. ഒരു സഭയുടെ ക്ഷമത നിശ്ചയിക്കുന്നത് ചോദ്യോത്തര വേള (വിനിയോഗിച്ച സമയം 14.19 ശതമാനം) ശ്രദ്ധ ക്ഷണിക്കൽ (7.11 ശതമാനം), മന്ത്രിമാരുടെ പ്രസ്താവനകൾ (6.33 ശതമാനം), സ്വകാര്യ ബില്ലുകളുടെ പ്രമേയം (3.16 ശതമാനം), അരമണിക്കൂർ ചർച്ചകൾ (1.25 ശതമാനം) എന്നിങ്ങനെയാണ്. കഴിഞ്ഞ വർഷം രാജ്യസഭയുടെ ചരിത്രപരമായ 250-ാമത് സമ്മേളനത്തിൽ സമയ വിനിയോഗത്തിൽ 45.9 ശതമാനം എന്ന വലിയ നേട്ടം കൈവരിച്ചു. സമ്മേളനത്തിന്റെ മൊത്തം സമയമായ 107.05 മണിക്കൂറുകളിൽ 49.08 മണിക്കൂർ വിനിയോഗിച്ച് 15 ബില്ലുകളാണ് സഭ പാസാക്കിയത്.

Eng­lish Sum­ma­ry: The Rajya Sab­ha uses only one-fourth of the time to legislate

You may also like this video