ആർബിഐ പ്രതീക്ഷിത വളർച്ചാ നിരക്ക് വെട്ടിക്കുറച്ചു

Web Desk
Posted on December 05, 2019, 10:37 pm

ന്യൂഡൽഹി: രാജ്യത്തെ വളർച്ചാ നിരക്ക് ആർബിഐ വെട്ടിക്കുറച്ചു. വളർച്ചാ നിരക്ക് 6.1 ശതമാനമായി ഉയരുമെന്നാണ് ആർബിഐ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇക്കുറി അഞ്ച് ശതമാനമായി പരിമിതപ്പെടുമെന്നാണ് ഇന്നലെ ചേർന്ന ആർബിഐ ഡയറക്ടർ ബോർഡ് യോഗത്തിൽ വിലയിരുത്തിയത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രതീക്ഷിച്ച വളർച്ചാ നിരക്ക് ഉണ്ടായില്ല. പണപ്പെരുപ്പം വർധിക്കുന്നതും വളർച്ചാ നിരക്ക് കുറയാൻ കാരണമായി. ഇപ്പോഴത്തെ സ്ഥിതിയിൽ 2020–21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ മാത്രമേ പണപ്പെരുപ്പം പിടിച്ചുനിർത്താൻ കഴിയൂ.

യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും ഇക്കാര്യത്തിൽ ഒരേ നിലപാടാണ് സ്വീകരിച്ചത്. നാണ്യപ്പെരുപ്പ സാധ്യത കണക്കിലെടുത്ത് പലിശ നിരക്കിൽ മാറ്റം വരുത്താൻ ആര്‍ബിഐ തയ്യാറായില്ല. ഈ പാദത്തിൽ നാണ്യപ്പെരുപ്പം അഞ്ചു ശതമാനം വരെ ഉയ‍ര്‍ന്നേക്കും എന്നാണ് കണക്കാക്കുന്നത്. പ്രതീക്ഷിച്ചതിലും ഉയരത്തിൽ ആയിരിക്കും പണപ്പെരുപ്പം. 4.7 ശതമാനത്തിനും 5.1 ശതമാനത്തിനും ഇടയിലായിരിക്കും പണപ്പെരുപ്പം എന്നാണ് സൂചന.

നിലവിൽ 5.15 ശതമാനമാണ് റിപ്പോ നിരക്ക്. ഇതിനു മാറ്റമില്ല. ഇത്തവണ വായ്പാ നയ അവലോകന യോഗത്തിൽ അടിസ്ഥാന നിരക്കുകളിൽ 25 ബേസിസ് പോയിൻറുകൾ വരെ കുറവ് വരുത്തിയേക്കും എന്നായിരുന്നു സൂചന. എന്നാൽ നിരക്ക് വ‍ര്‍ധിപ്പിക്കേണ്ടതില്ലെന്ന് ആറംഗ സമിതിയിലെ അംഗങ്ങൾ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. 2019‑ലെ വായ്പാ നയ അവലോകന യോഗങ്ങളിൽ അഞ്ചു തവണ ആ‍ര്‍ബിഐ നിരക്കുകൾ കുറച്ചിരുന്നു