ആർബിഐ പണവായ്പനയ തീരുമാനം സാധാരണക്കാർക്ക് തിരിച്ചടിയായി

Web Desk

 ന്യൂഡൽഹി

Posted on August 06, 2020, 10:30 pm

ആർബിഐയുടെ പണവായ്പനയ തീരുമാനം കോവിഡ് പ്രളയ ദുരിതങ്ങളിലൂടെ കടന്നു പോകുന്ന സാധാരണക്കാർക്ക് തിരിച്ചടിയായി. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വായ്പകളുടെ മൊറട്ടോറിയം നീട്ടുന്നകാര്യം പരിഗണിക്കുന്നില്ലെന്ന് ആർബിഐ. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് തിരിച്ചടവിന് പ്രയാസംനേരിടുന്നവർക്ക് വായ്പ പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് പണവായ്പ നയ അവലോകന യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പുനക്രമീകരിക്കുന്നതിലൂടെ ക്രമപ്രകാരമുള്ള(സ്റ്റാൻഡേഡ്)വായ്പയായി പരിഗണിക്കുകയാണ് ചെയ്യുക. അതായത് വായ്പയെടുത്തയാൾ പുതിയരീതിയിലുള്ള തിരിച്ചടയ്ക്കൽ ഘടന തുടർന്നാൽ നേരത്തെ ബാധ്യതവരുത്തിയകാര്യം ക്രഡിറ്റ് റേറ്റിങ് ഏജൻസികളെ അറിയിക്കില്ല. കോർപ്പറേറ്റ്, വ്യക്തിഗത വായ്പകൾക്കും ഇത് ബാധകമാണ്. ഉപഭോക്തൃ വായ്പ, വിദ്യാഭ്യാസ ലോൺ, പണയ വായ്പ, ഭവന വായ്പ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ശമ്പളം കുറച്ചതുമൂലമോ പണലഭ്യതക്കുറവുമൂലമോ പ്രതിസന്ധിയിലായവർക്ക് പ്രതിമാസ തിരിച്ചടവുതുക കുറച്ച് കാലാവധികൂട്ടാൻ ബാങ്കുകൾ അനുമതി നൽകുകയാണ് ചെയ്യുക. 2020 മാർച്ച് ഒന്നുവരെ വായ്പ കൃത്യമായി അടച്ചവർക്കുമാത്രമെ ഇത്തരത്തിൽ പുനക്രമീകരിക്കാനാകൂ.

കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായവരെ മാത്രമാണ് ഇതിന് പരിഗണിക്കുകയുള്ളൂവെന്ന് ചുരുക്കം. എന്നാൽ ഇത്തവണ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തന്നെ തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 1.15ശതമാനം(115 ബേസിസ് പോയിന്റ്)കുറവുവരുത്തിയിരുന്നു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടികളും കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നിരക്കുകളില്‍ തല്‍ക്കാലം മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്. മെയിലാണ് 40 ബേസിസ് പോയിന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്. ഡിജിറ്റല്‍ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ പ്രഖ്യാപിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന മേഖലയില്‍ ഉള്‍പ്പെടുത്തിയുള്ള വായ്പ അനുവദിക്കാനും തീരുമാനം കൈക്കൊണ്ടു. ഇടത്തരം സൂക്ഷ്മ ചെറുകിട (എംഎസ്എംഇ)മേഖലയിലെ വായ്പകള്‍ പുനഃക്രമീകരിക്കാന്‍ അവസരം നല്‍കാനും നാഷണല്‍ ഹൗസിങ് ബാങ്കായ നബാഡിന് പണലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്നുദിവസം നീണ്ടുനിന്ന വായ്പാവലോകന യോഗം ഇന്നലെയാണ് അവസാനിച്ചത്.

ജിഡിപി വളർച്ച കുറയുന്ന പ്രവണത തുടരും

ജിഡിപി വളർച്ച കുറയുന്ന പ്രവണത തൽക്കാലം തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. എന്നിരുന്നാലും, കോവിഡ് 19 പ്രതിസന്ധികൾക്ക് ബദലായുള്ള വാർത്തകൾ ഈ സാഹചര്യത്തെ മാറ്റും. വേണ്ടത്ര ദ്രവ്യതയില്ലാതെ വായ്പാ നിരക്ക് കുറയ്ക്കൽ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതൽ ആഭ്യന്തര ഭക്ഷ്യ വിലക്കയറ്റം സമ്പദ്‌വ്യവസ്ഥയിലുടനീളം ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക മേഖല ദുർബലമായി തുടരുകയാണ്. രാജ്യത്തെ യഥാർത്ഥ ജിഡിപി വളർച്ച നെഗറ്റീവിലാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ അനുകൂല സൂചനകളാണ് വിപണിയിൽനിന്ന് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിലും പണപ്പെരുപ്പ നിരക്കുകൾ കൂടുന്നത് യഥാർത്ഥ വെല്ലുവിളി തന്നെയാണ്. ബാങ്ക് വായ്പകളുടെ നിഷ്ക്രിയ ആസ്തി അനുപാതം ഉയരുന്നതും ഭീഷണി തന്നെ. മൊത്തം എൻപിഎ 12.5 ശതമാനം വരെ ഉയർന്നേക്കാം. ചുരുങ്ങലിന്റെ വേഗത കുറയുന്നുണ്ടെങ്കിലും തുടർച്ചയായ നാലാം മാസവും ചരക്ക് കയറ്റുമതി താഴ്‌ന്നതായി ഗവർണർ പറഞ്ഞു. ലോക് ഡൗൺമൂലം വിതരണശൃംഖലയിൽ തടസ്സമുണ്ടായതിനാൽ ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 7.2ശതമാനമായി ഉയർന്നിരുന്നു. ജൂണിലാകട്ടെ 6.1 ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് ഉയർന്ന നിലയിൽ തുടരുമെന്നാണ് ധന നയ സമിതിയുടെ വിലയിരുത്തൽ. ആവശ്യമെങ്കിൽ ആർബിഐ പ്രത്യേക വായ്പാ നയം പ്രഖ്യാപിക്കും. ആർബിഐ ഗവർണർ വ്യക്തമാക്കി.

you may also like this video