Thursday
22 Aug 2019

പൊതുപ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃക

By: Web Desk | Wednesday 14 August 2019 9:28 PM IST


സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും കേരളം എന്നും സ്മരിക്കുന്ന മുഖ്യമന്ത്രിയും ആയിരുന്ന സി അച്യുതമേനോന്റെ 28-ാം ചരമ വാര്‍ഷിക ദിനമാണ് നാളെ. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ തന്റേതു മാത്രമായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അച്യുതമേനോന്‍. അദ്ദേഹം പലതുമായിരുന്നെങ്കിലും, മുഖ്യമായും രാഷ്ട്രീയ നേതാവായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ അദ്ദേഹം ശരാശരി രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വ്യത്യസ്തനായിരുന്നു. സാഹിത്യ-സാംസ്‌കാരിക-കലാ പ്രവര്‍ത്തനങ്ങളില്‍ അച്യുതമേനോന്‍ പ്രകടിപ്പിച്ചിരുന്ന സജീവ താല്‍പ്പര്യം മറ്റ് പല രാഷ്ട്രീയ നേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കി. വ്യാപകമായ വായനയ്ക്കും രചനകള്‍ക്കും അദ്ദേഹം സമയം കണ്ടെത്തുകയും വായിക്കാനും പഠിക്കാനും കൊള്ളാവുന്ന നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു.

സ്വന്തം അനുഭവങ്ങളും അറിവുകളും മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ അച്യുതമേനോന്‍ ഒരെഴുത്തുകാരനായി. അച്യുതമേനോനു മാത്രം സ്വായത്തമായിരുന്ന ലളിതവും അതീവ സുന്ദരവുമായിരുന്ന ശൈലി വായനക്കാര്‍ക്ക് ആസ്വാദ്യകരമായി. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സി അച്യുതമേനോന്റെ സ്വതന്ത്ര ഭാരതത്തെപ്പറ്റിയുള്ള സങ്കല്‍പം മറ്റ് പലരില്‍ നിന്നും അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നു. സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ അടിസ്ഥാനപരവും വിപ്ലവകരവും ആയ പരിവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ഒരു സോഷ്യലിസ്റ്റ് ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യമാണ് അച്യുതമേനോന്‍ ഉയര്‍ത്തിപ്പിടിച്ചത്. തൊഴിലാളിവര്‍ഗ വിപ്ലവ പ്രത്യയശാസ്ത്രമായ മാര്‍ക്‌സിസം-ലെനിനിസം സോഷ്യലിസ്റ്റ് ഇന്ത്യക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സ്വന്തം വഴികാട്ടിയായി അംഗീകരിച്ചു.
ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അച്യുതമേനോന്‍ ഗണ്യമായ സംഭാവന ചെയ്തിട്ടുണ്ട്. ലോക ചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിച്ച എച്ച് ജി വെല്‍സിന്റെ ‘ലോക ചരിത്ര സംഗ്രഹം’ തര്‍ജ്ജിമ ചെയ്ത് പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തയ്യാറായതും യാദൃച്ഛികമല്ല.

ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ അംഗീകരിച്ചതോടൊപ്പം കാലാനുസൃതമായും വിവിധ രാജ്യങ്ങളുടെ പ്രത്യേകതകള്‍ക്കനുസരണമായും അവ വികസിപ്പിക്കണമെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു അച്യുതമേനോന്‍. സ്വന്തം ചിന്തയ്ക്ക് കൂച്ചു വിലങ്ങിടാന്‍ അദ്ദേഹം വിസമ്മതിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയരൂപീകരണ ചര്‍ച്ചകളിലും വിവാദങ്ങളിലും അദ്ദേഹം സജീവമായ പങ്ക് വഹിച്ചിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ഔദ്യോഗിക നയങ്ങളോട് വിയോജിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും അച്യുതമേനോന്‍ അച്ചടക്കം നിഷ്‌കര്‍ഷിച്ച നേതാവായിരുന്നു.

സാഹിത്യ-കലാ-സാംസ്‌കാരിക വിഷയങ്ങളില്‍ സി അച്യുതമേനോന്‍ സജീവമായി പ്രതികരിച്ചിരുന്നു. പല പ്രശ്‌നങ്ങളെപ്പറ്റിയും അദ്ദേഹം ഗഹനങ്ങളായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മനുഷ്യനെയും അവന്റെ ചിന്തയെയും കലാ-സാഹിത്യമേഖല എത്ര അഗാധമായി സ്വാധീനിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. സ്വന്തം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അത്യാവശ്യം വേണ്ട രാഷ്ട്രീയ സാഹിത്യത്തിന്റെ നാലതിരുകളില്‍ അദ്ദേഹത്തിന്റെ വായന ഒതുങ്ങിയില്ല. സമൂഹം ഉടച്ചുവാര്‍ക്കാനും പുതുക്കിപ്പണിയാനും ശ്രമിക്കുന്ന പ്രസ്ഥാനങ്ങളുടെ കയ്യില്‍ ജനകീയ കലാ-സാഹിത്യ പ്രസ്ഥാനങ്ങള്‍ പ്രധാനപ്പെട്ട ഒരായുധമാണെന്ന് അംഗീകരിച്ചപ്പോള്‍ തന്നെ കലാസാഹിത്യ മൂല്യങ്ങള്‍ ബലികഴിക്കരുതെന്നും അച്യുതമേനോന്‍ ശഠിച്ചിരുന്നു.

കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയെന്ന നിലയ്ക്ക് ദീര്‍ഘവീക്ഷണത്തോടു കൂടി അദ്ദേഹം നടപ്പിലാക്കിയ നിരവധി പദ്ധതികളും രൂപം കൊടുത്ത സ്ഥാപനങ്ങളും സി അച്യുതമേനോന്റെ പേരിലുള്ള നിത്യ സ്മാരകങ്ങളാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറ പാകാന്‍ വിപ്ലവകരമായ കാര്‍ഷിക പരിഷ്‌കാരം അനുപേക്ഷണീയമാണെന്ന് അച്യുതമേനോന്‍ വിശ്വസിച്ചു. 1970 ജനുവരി ഒന്നിന് അച്യുതമേനോന്‍ മന്ത്രിസഭ കേരളത്തില്‍ കാര്‍ഷിക പരിഷ്‌ക്കാര നിയമം നടപ്പിലാക്കി. 1957 ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഇതിനു ശ്രമിച്ചിരുന്നു.

എന്നാല്‍ കാലഹരണപ്പെട്ട ജന്മി നാടുവാഴിത്തവും അവരുടെ രാഷ്ട്രീയ യജമാനന്മാരും നിരന്തരമായി സൃഷ്ടിച്ച തടസങ്ങള്‍ തട്ടിനീക്കി നിയമം പ്രായോഗികമാക്കാന്‍ കഴിഞ്ഞത് 1970 ല്‍ മാത്രമാണ്. കാര്‍ഷിക പരിഷ്‌കാരത്തിനുവേണ്ടി ഉറച്ച് നിന്ന് പ്രവര്‍ത്തിച്ച അച്യുതമേനോന്‍ കാലാകാലങ്ങളില്‍ ഈ പ്രശ്‌നത്തെപ്പറ്റി ധാരാളം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
സമഗ്രമായിട്ടല്ലെങ്കിലും പലപ്പോഴായി സി അച്യുതമേനോന്‍ സ്വന്തം വ്യക്തി ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടുണ്ട്. ഉദാത്തമായ ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്ന ഒരു നേതാവെന്ന നിലയ്ക്കു മാത്രമല്ല അദ്ദേഹം ആദരിക്കപ്പെടുന്നത്. ആദര്‍ശങ്ങളും പ്രായോഗിക ജീവിതവും പൊരുത്തപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. കടുത്ത വെല്ലുവിളികളെ ധീരമായി നേരിട്ടു. ലളിത സുന്ദരവും കറപുരളാത്തതും ആയ ജീവിതം കാഴ്ചവച്ചു. പൊതുപ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകയായി ജനങ്ങള്‍ അദ്ദേഹത്തെ ഇന്നും ആദരിക്കുന്നു.

വര്‍ഗീയതയ്ക്കും വിഘടന വാദത്തിനും എതിരെ വിശാലമായ ഐക്യനിര വളര്‍ന്നുവരേണ്ട സന്ദര്‍ഭമാണിത്. ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം ഊട്ടി ഉറപ്പിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. അത്തരമൊരു ഐക്യനിര വളര്‍ത്തിയെടുക്കാന്‍, നമ്മുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് അച്യുതമേനോന്റെ സ്മരണ നമുക്ക് കരുത്തു പകരട്ടെ.