Wednesday
18 Sep 2019

ഇന്ത്യയ്ക്ക് അപമാനമായി മാറുന്ന കശ്മീര്‍ യാഥാര്‍ഥ്യം

By: Web Desk | Friday 6 September 2019 8:54 AM IST


ശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ആ ഭൂപ്രദേശത്തെയും ജനതയെയും വികസനത്തിന്റെ പാതയിലേക്ക് ആനയിക്കുകയും എന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റെ വാഗ്ദാനം വിദൂര മരീചികയായി മാറുകയാണെന്ന ആശങ്ക ശക്തിയാര്‍ജിക്കുന്നു. അത്തരം വാര്‍ത്തകളാണ് ദിനംപ്രതി എന്നോണം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ബുധനാഴ്ച ജമ്മു-കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദ് ചെയ്ത് എല്ലാ ജനാധിപത്യ അവകാശങ്ങളും നിഷേധിച്ചതില്‍ പ്രതിഷേധിച്ച ഒരു കൗമാര പ്രായക്കാരന്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നു. എല്ലാ വാര്‍ത്താ വിതരണ-വിനിമയ സംവിധാനങ്ങളും അടച്ചുപൂട്ടപ്പെട്ട ജമ്മു-കശ്മീരില്‍ അത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടവ അല്ലെന്ന വിമര്‍ശനം ശക്തമാണ്. എല്ലാ സാമൂഹ്യബന്ധങ്ങളും നിശ്ചലമാക്കപ്പെട്ട അവിടെനിന്നും അത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് വിമര്‍ശകര്‍ പറയുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്ന ജമ്മു-കശ്മീരില്‍ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവാണെന്നും അവയില്‍ പരിക്കേറ്റവര്‍ അറസ്റ്റും ജയില്‍വാസവും ഭയന്ന് ചികിത്സ തേടാന്‍ പോലും വിസമ്മതിക്കുന്നതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പ്രാദേശിക-ദേശീയ മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തെയാണ് നേരിടുന്നത്. വിദേശ മാധ്യമങ്ങള്‍ക്ക് ജമ്മു-കശ്മീര്‍ അപ്രാപ്യമാണ്. ടെലിഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങി യാതൊരു വാര്‍ത്താ വിനിമയ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. വിപുലമായ തയാറെടുപ്പോടെ നടപ്പിലാക്കിയ നിരോധന നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വിധം സമീപകാലത്തൊന്നും പുനഃസ്ഥാപിക്കാവുന്ന അന്തരീക്ഷമല്ല നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് ആശ്രയമാവേണ്ട ഡോക്ടര്‍മാര്‍ക്കു പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ സഞ്ചരിക്കാനോ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജനങ്ങള്‍ക്കും അവര്‍ക്ക് സഹായം എത്തിക്കേണ്ടവര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നതിനെ വിമര്‍ശിക്കാന്‍ മുതിര്‍ന്ന ശ്രീനഗര്‍ മേയറെയും ഒരു ഡോക്ടറെയും വീട്ടുതടങ്കലിലാക്കിയ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജമ്മുകശ്മീരില്‍ മോഡി സര്‍ക്കാര്‍ സ്വീകരിച്ച ഭരണഘടനാവിരുദ്ധവും ജനാധിപത്യ നിഷേധകവുമായ നടപടികള്‍ ആ ഭൂപ്രദേശത്തിന് പുറത്ത്, ഇന്ത്യയില്‍, തീവ്രദേശീയവാദികള്‍ ആഘോഷമാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങളുടെ ആഴവും നിജസ്ഥിതിയും തിരിച്ചറിയാത്ത സാമാന്യ ജനങ്ങളും സര്‍ക്കാര്‍ നടപടിയെ നിഷ്‌കളങ്കമായി പിന്തുണക്കുന്നുണ്ട്. മോഡി സ്തുതിയില്‍ അഭിരമിക്കുകയും അതിനെ ആദായകരമായ സംരംഭമാക്കി മാറ്റുകയും ചെയ്ത കോര്‍പ്പറേറ്റ് മാധ്യമങ്ങളും തീവ്രദേശീയതയെ ആളിക്കത്തിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ ജമ്മു-കശ്മീരിലെ ജനജീവിതത്തെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ വൈകുന്ന ഓരോ നിമിഷവും രാജ്യത്തിന് ആഭ്യന്തരമായും ആഗോളതലത്തിലും വെല്ലുവിളിയായി മാറുകയാണ്. ജമ്മു-കശ്മീരിന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ആ ജനതയുടെ ഒറ്റപ്പെടല്‍ രൂക്ഷമാക്കുന്നു. ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ അനുകൂല രാഷ്ട്രീയ ശക്തികളും ധാരകളും അനുനിമിഷം ദുര്‍ബലവും അക്രമാസക്തവുമായി മാറുകയാണ്. ജയിലുകളിലും വീട്ടുതടങ്കലിലുമായി കഴിയുന്ന ജനനേതാക്കള്‍ക്ക് ജനജീവിതവുമായുള്ള ബന്ധം അറ്റുപോകുകയും അവര്‍ കൂടുതല്‍ കൂടുതല്‍ ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തില്‍ അമരുകയുമാണ്. സുരക്ഷാസേനയും കരിനിയമങ്ങളും അടക്കിവാഴുന്ന ജമ്മു-കശ്മീരിലേയ്ക്ക് നിക്ഷേപവും വികസനവും പ്രവഹിക്കുമെന്ന വാഗ്ദാനവും പ്രതീക്ഷകളും അസ്ഥാനത്താവുകയാണ്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ ദിനങ്ങളില്‍ അനിശ്ചിതത്വം കനംതൂങ്ങുന്ന ജമ്മു-കശ്മീരില്‍ നിക്ഷേപവും സംരംഭകരും ഒഴുകിയെത്തുമെന്നത് ദിവാസ്വപ്‌നമായി മാറുകയാണ്. ഏതാനും ചില ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ അവിടെ നിക്ഷേപത്തിന് തയാറായാല്‍പോലും അതിന് പ്രചാരണ മൂല്യത്തിന് അപ്പുറം അവര്‍പോലും പ്രാധാന്യം കല്‍പിക്കുന്നുണ്ടാവില്ല.
ആഗോള തലത്തില്‍ ഇന്ത്യയുടെ നയതന്ത്ര ഒറ്റപ്പെടല്‍ മോഡി ഭരണകൂടത്തിന്റെ പ്രചാരവേലയ്ക്ക് മറച്ചുവയ്ക്കാന്‍ കഴിയില്ല. ജമ്മു-കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇന്ത്യയ്ക്ക് അകത്തും പുറത്തും പരക്കെ പിന്തുണ ലഭിക്കുന്ന നിലപാടാണ് അത്. എന്നാല്‍ ജമ്മു-കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമായിക്കാണാന്‍ ആരും സന്നദ്ധമല്ലെന്ന സൂചനകള്‍ ശക്തിമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രകടിതമായ വികാരത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. യൂറോപ്യന്‍ പാര്‍ലമെന്റിലും യൂറോപ്യന്‍ യൂണിയനിലും ജമ്മു കശ്മീരിലെ ജനാധിപത്യ-മനുഷ്യാവകാശ ധ്വംസനങ്ങള്‍ ശക്തമായ വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. വര്‍ണവിവേചനത്തിനും സയണിസത്തിനും മറ്റ് മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും ജനാധിപത്യ നിഷേധത്തിനും എതിരെ ലോകം കാതോര്‍ത്തിരുന്ന ശബ്ദമാണ് ഇന്ത്യയുടേത്. ഇന്ന് ആ ഇന്ത്യ ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെ ധ്വംസകനായി മാറുന്നുവെന്നത് ഒരു ജനതക്കാകെ അപമാനകരമാണ്.