ബേബി ആലുവ

December 08, 2019, 9:50 pm

മൊബൈൽ നിരക്ക് വർധനയ്ക്കു കാരണം പൊതുജനങ്ങൾക്ക് അറിയാത്ത ഈ ഒത്തുകളി

Janayugom Online

കൊച്ചി: മൊബൈൽ ഫോൺ വരിക്കാർക്ക് ഇരുട്ടടിയാകും വിധം സേവന നിരക്കുകളിലുണ്ടായ വർദ്ധന കേന്ദ്ര സർക്കാരും ടെലികോം കമ്പനികളും തമ്മിലുണ്ടായ ഒത്തുകളിയുടെ ഫലം. വിവിധ ഇനങ്ങളിലായി കമ്പനികൾ അടയ്ക്കേണ്ടിയിരുന്ന വൻ തുകയുടെ ഭാരം ലഘൂകരിക്കാൻ ഉന്നതതലത്തിൽ നടന്ന ആലോചനകളെ തുടർന്നാണ് നിരക്കുവർധനയെന്നാണ് വിവരം. വിവിധ ഇനങ്ങളിലായി ഭാരതി എയർടെൽ, ജിയോ റിലയൻസ്, വോഡഫോൺ — ഐഡിയ എന്നീ കമ്പനികൾ വൻതുക കുടിശിക വരുത്തിയിരുന്നു.

ഈ തുകയും ഇതിന്റെ പലിശയും പിഴയും ഉൾപ്പെടെയുള്ള ക്രമീകരിച്ച മൊത്ത വരുമാന (എജിആർ) ത്തിന്റെ നിർവചനത്തിൽ ടെലികോം ഇതര വരുമാനത്തിലെ വിഹിതം കൂടി ഉൾപ്പെടുത്തണമെന്ന് ടെലികോം വകുപ്പ് നിർബന്ധം പിടിക്കുകയും ഇതിനെതിരെയുള്ള ടെലികോം കമ്പനികളുടെ പരാതി സുപ്രീം കോടതി തള്ളുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ, ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ബ്രിട്ടീഷ് കമ്പനിയായ വോഡഫോണും എന്തു വേണമെന്ന് ആലോചിക്കുകയാണെന്ന് ആദിത്യ ബിർളാ ഗ്രൂപ്പിന്റെ ഐഡിയയും സുനിൽ മിത്തലിന്റെ ഭാരതി എയർടെല്ലും നിലപാടെടുത്തതോടെ കേന്ദ്രം വെട്ടിലായി.

കുടിശിക തീർക്കാൻ കമ്പനികൾക്ക് 20 വർഷത്തെ സാവകാശം അനുവദിക്കണമെന്ന്, പ്രതിസന്ധിയെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി ശുപാർശ ചെയ്തെങ്കിലും അതിനെതിരെ റിലയൻസ് ജിയോ നിലകൊണ്ടതോടെ കേന്ദ്രത്തിന്റെ അവസ്ഥ വീണ്ടും പരുങ്ങലിലായി. സാമ്പത്തിക കുടിശിക വരുത്തിയ ചില ടെലികോം കമ്പനികൾ നേരത്തേ രംഗം വിട്ടതാണ് സമിതിയെ നിയോഗിച്ചുള്ള പഠനത്തിനു കേന്ദ്രത്തിനെ പ്രേരിപ്പിച്ചത്.

സമിതിയുടെ ശുപാർശകൾ റിലയൻസിന്റെ എതിർപ്പിൽ തട്ടി തകരുകയും ചെയ്തു. ഈ ദുർഘട ഘട്ടം തരണം ചെയ്യാനാണ് ടെലികോം കമ്പനികളുമായുള്ള ചർച്ചകളിലൂടെ പ്രീ-പെയ്ഡ് കോൾ, ഡേറ്റ നിരക്കുകൾ കുത്തനെ വർദ്ധിപ്പിക്കാൻ കേന്ദ്രം സമ്മതം കൊടുത്തത്. താരിഫിൽ 10 ശതമാനം കൂട്ടിയാൽപ്പോലും കമ്പനികളുടെ നഷ്ടത്തിൽ 60 ശതമാനത്തോളം നികത്താൻ കഴിയും എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ആ സ്ഥാനത്താണ് 40–42 ശതമാനത്തിന്റെ വർദ്ധന.