എസ്ബിഐ എഴുതിത്തള്ളിയത് 76,600 കോടി; 2014 ന് ശേഷം ബാങ്കുകള്‍ 2.75 ലക്ഷം കോടിയുടെ കടങ്ങള്‍ എഴുതിത്തള്ളി

Web Desk
Posted on October 10, 2019, 10:16 pm

ന്യൂഡല്‍ഹി: സാധാരണക്കാരെ പിഴിയുമ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 76,600 കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളി. 100 കോടി രൂപയ്ക്കുമേല്‍ വായ്പയെടുത്ത് വീഴ്ചവരുത്തിയ 220 കുടിശ്ശികക്കാരുടെ കടമാണ് എസ്ബിഐ എഴുതിത്തള്ളിയത്. മിനിമം ബാലന്‍സ് പിഴയിലൂടെ സാധാരണക്കാരായ ജനങ്ങളില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കുമ്പോഴാണ് ഉന്നതരുടെ വന്‍കിട കടങ്ങള്‍ എഴുതിത്തള്ളിയിരിക്കുന്നത്.
നൂറ് കോടിയിലേറെ വായ്പയെടുത്ത 220 പേരെയും 500 കോടിക്കുമേല്‍ സ്വന്തമാക്കിയ 33 പേരെയുമാണ് എസ്ബിഐ കടം എഴുതിത്തള്ളി രക്ഷിച്ചത്. രാജ്യത്തെ ബാങ്കുകള്‍ 2014 ന് ശേഷം ആകെ 2.75 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയിരിക്കുന്നത്. സിഎന്‍എന്‍ ന്യൂസ് 18 നല്‍കിയ വിവരാവകാശത്തിനുമേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍ ലഭിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എഴുതിത്തള്ളിയത് 416 നിഷ്‌ക്രിയ വായ്പകളില്‍ ഉള്‍പ്പെട്ട 1.76 ലക്ഷം കോടി രൂപയാണ്. ഒന്നാം മോഡി സര്‍ക്കാരിന്റെ നോട്ടു നിരോധനം വന്നശേഷം കിട്ടാക്കടങ്ങളുടെ എണ്ണവും എഴുതിത്തള്ളലും കുതിച്ചുയര്‍ന്നതായും റിസര്‍വ് ബാങ്ക് രേഖകളിലെ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. 201415 സാമ്പത്തികവര്‍ഷത്തിന് മുമ്പുള്ള എഴുതിത്തള്ളല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
100 കോടിക്കുമേല്‍ വായ്പയെടുക്കുകയും ബാങ്കുകള്‍ എഴുതിത്തള്ളുകയും ചെയ്ത 980 പേരുണ്ടെന്നാണ് ആര്‍ബിഐയുടെ കണക്ക്. ഇതിലെ 220 അക്കൗണ്ടുകള്‍ അതായത് അഞ്ചിലൊന്നില്‍ കൂടുതല്‍ എസ്ബിഐയിലേതാണ്. ഓരോ അക്കൗണ്ടിനും ശരാശരി 348 കോടി രൂപ വീതമാണ് എസ്ബിഐ എഴുതിത്തള്ളിയിരിക്കുന്നത്. 500 കോടിയിലേറെ വായ്പയെടുത്ത ശേഷം ബാങ്കുകള്‍ 71 പേരുടെ വായ്പകള്‍ എഴുതിത്തള്ളി. ഇതിലും 33 ശതമാനത്തോടെ എസ്ബിഐയാണ് മുന്നിട്ടുനില്‍ക്കുന്നത്.
പൊതുമേഖലയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് നൂറുകോടി കടക്കാരുടെ 94 വായ്പകള്‍ എഴുതിത്തള്ളി. ഇത്തരത്തില്‍ പിഎന്‍ബിക്ക് നഷ്ടമായത് 27, 024 കോടി രൂപയാണ്. 500 കോടിയോ അതിലധികമോ ഉള്ള കടം പി എന്‍ബി എഴുതിത്തള്ളിയത് 12 പേരുടേതാണ്. ഈ ഗണത്തില്‍ ബാങ്കിന് 9037 കോടി രൂപ നഷ്ടമായി.
സ്വകാര്യമേഖലയില്‍ ഐഡിബിഐ ആണ് കടം എഴുതിത്തള്ളിയ ബാങ്കുകളില്‍ മുന്നില്‍. 100 കോടി രൂപയും അതില്‍ കൂടുതലും 71 വായ്പയെടുത്തവരാണ് ഐഡിബിഐയ്ക്കുള്ളത്, ആകെ 26, 219 കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ട്. കാനറ ബാങ്കിനും 100 കോടി രൂപയോ അതില്‍ കൂടുതലോ കുടിശ്ശികയുള്ള 63 അക്കൗണ്ടുകളും, 500 കോടി രൂപയോ അതിലധികമോ വായ്പയെടുത്ത ഏഴു അക്കൗണ്ടുകളുമുണ്ട്. ഇത് മൊത്തം 27,382 കോടി രൂപയുടെ കിട്ടാക്കടമുണ്ട്.
100 കോടി രൂപയോ അതില്‍ കൂടുതലോ കുടിശ്ശികയുള്ള വായ്പക്കാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത് ബാങ്ക് ഓഫ് ഇന്ത്യ (56 അക്കൗണ്ടുകള്‍) കോര്‍പ്പറേഷന്‍ ബാങ്ക് (50 അക്കൗണ്ടുകള്‍), ബാങ്ക് ഓഫ് ബറോഡ (46 അക്കൗണ്ടുകള്‍), സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (45 അക്കൗണ്ടുകള്‍) എന്നിവയാണ്.
ആക്‌സിസ് ബാങ്ക് 43 അക്കൗണ്ടുകളിലെ വായ്പകള്‍ എഴുതിത്തള്ളി. ഐസിഐസിഐ ബാങ്കിന് 37 അക്കൗണ്ടുകളാണുള്ളത്. അതുപോലെ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും 500 കോടിയിലധികം വായ്പയുള്ള, വീഴ്ച വരുത്തിയ നാലുവീതം അക്കൗണ്ടുകളാണ് എഴുതിത്തള്ളിയത്.
രാജ്യത്തെ കര്‍ഷകരുള്‍പ്പെടെയുള്ള ദരിദ്രവിഭാഗങ്ങള്‍ ബാങ്കുകളുടെ ജപ്തിഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്തുവരുമ്പോഴാണ് കോടികളുടെ വായ്പാകുടിശിക ബാങ്കുകള്‍ എഴുതിത്തള്ളിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ വന്‍കിട കുടിശ്ശികക്കാരുടെ വായ്പകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നതെന്നതും ശ്രദ്ധേയം. വിവരാവകാശ നിയമപ്രകാരം എന്‍പിഎകളെക്കുറിച്ചും കിട്ടാക്കടങ്ങളെക്കുറിച്ചും പ്രസക്തമായ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആര്‍ബിഐക്ക് സുപ്രീംകോടതി ഇടപെട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു.