October 1, 2022 Saturday

Related news

September 22, 2022
September 21, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022
August 25, 2022
August 20, 2022
August 20, 2022
August 19, 2022

ട്രംപ് ഭരണത്തിന്റെ ബാക്കിപത്രം

അമ്പഴയ്ക്കാട്ട് ശങ്കരൻ
September 23, 2020 5:45 am

അമ്പഴയ്ക്കാട്ട് ശങ്കരൻ

നവംബർ മൂന്നിന് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. രണ്ട് വർഷം മുമ്പുതന്നെ, ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ജനങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും മാധ്യമങ്ങൾ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. വേനലവധി കഴിഞ്ഞ് ശരത്കാലം ആഗതമായിരിക്കുന്നു. ജനങ്ങൾ കുറച്ചെങ്കിലും തെരഞ്ഞെടുപ്പിന്റെ വാർത്തകൾ കേൾക്കാനും വിലയിരുത്താനും ശ്രമിച്ച് തുടങ്ങിയെന്നാണ് കരുതേണ്ടത്. ആഴ്ച്ചകളെ ഉള്ളൂ എന്നതും നേരത്തെയുള്ള വോട്ടിങ്ങ് ആരംഭിച്ചു എന്നതും, പ്രസിഡൻഷ്യൽ വാദപ്രതിവാദത്തിന്റെ തീയതി നിശ്ചയിക്കപ്പെട്ടതും വോട്ടർമാരിൽ രാഷ്ട്രീയ താത്പര്യം ഉണർത്തിയിട്ടുണ്ട്. 2016‑ലെ തെരഞ്ഞെടുപ്പിൽ, അപൂർവം ചിലർ അപകടം മണത്തറിഞ്ഞിരുന്നുവെങ്കിലും ഹിലരി തോല്ക്കുമെന്ന് പലരും കരുതിയിരുന്നു. പൊതുവെയുള്ള സർവേകൾ ബൈഡന് മുൻതൂക്കം നല്കുന്നുണ്ടെങ്കിലും ആര് ജയിക്കുമെന്ന് പറയാൻ കഴിയില്ല. എന്നാൽ ട്രംപിന്റെ തോൽവി ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതുകൊണ്ട്, അതെന്തുകൊണ്ടെന്ന് പറയാനുള്ള ഒരു ശ്രമമാണ് ഇവിടെ നടക്കുന്നത്.

സമ്പദ്-വ്യവസ്ഥിതിയിലെ പക്ഷപാതിത്വം

അമേരിക്കൻ പ്രസിഡണ്ടിന് അമേരിക്കൻ സമ്പദ് വ്യവസ്ഥിതിയിലും, ഭൂരിപക്ഷം വരുന്ന സാധാരണ പൗരന്റെ നിത്യജീവിതത്തിലും ഉള്ള സ്വാധീനം തുലോം ചെറുതാണെന്ന് കരുതുന്നവരുണ്ട്. അതിനുള്ള കാരണം 65 ശതമാനത്തോളം സമ്പദ് വ്യവസ്ഥ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ് എന്നതാണ്. യുഎസ് കോൺഗ്രസിന്റെ നിയന്ത്രണവും പ്രസിഡന്റും മാറിമാറി വന്നാലും ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിൽ വലിയ തോതിലുള്ള മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല.

ഇന്നത്തെ ദുരന്തപൂർണ്ണമായ ആഗോള സാഹചര്യത്തിൽ പോലും ഓഹരി വിപണിയിലെ കൊയ്ത്തുകൾ മാത്രം പരിഗണിച്ചാൽ മതി എത്രമാത്രം പക്ഷപാതപരമാണ് സമ്പദ് വ്യവസ്ഥ എന്ന് മനസ്സിലാക്കാൻ. അമേരിക്കയിലെ ഏകദേശം 52 ശതമാനം കുടുംബങ്ങൾക്കാണ് വിപണിയിൽ ഓഹരിയുള്ളത്. അതിൽ തന്നെ 90 ശതമാനവും 10 ശതമാനം കുടുംബങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ട്രംപ് അധികാരത്തിലേറിയ ഉടനെ തന്നെ ചെയ്തത് സമ്പന്നർക്ക് നികുതി ഇളവ് നല്കുക എന്നതായിരുന്നു. അങ്ങനെ ചെയ്താലത് സാധാരണക്കാരിലേക്ക് തൊഴിലായി ആഴ്ന്ന് ഇറങ്ങുമത്രെ. ഒരു ഘട്ടത്തിൽ അത് ശരിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കണക്കുകളിൽ തൊഴിലന്വേഷകരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു.

തൊഴിൽ സ്ഥിതിവിവര കണക്കുകൾ, 2016‑ലെ തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിൽ, തെറ്റാണെന്നും തൊഴിലില്ലായ്മ 20 മുതൽ 40 ശതമാനം വരെ ആകാമെന്ന് ട്രംപ് പറഞ്ഞിരുന്നു എന്നുള്ളത് മറ്റൊരു രസകരമായ കാര്യം. ഒബാമ ഭരണ കൂടത്തിന്റെ കാലത്ത് ക്രമാതീതമായി ഉണ്ടായ വളർച്ചയും ട്രംപിന്റെ നികുതിയിളവ് സംരംഭകരിൽ ഉണ്ടാക്കിയ ഊർജ്ജം ഓഹരി വിപണിയിൽ പ്രതിഫലിച്ചു എന്നുള്ളത് ശരിയാണ്. എന്നാലത് രണ്ടും മൂന്നും തൊഴിലിടങ്ങളിൽ ജോലിചെയ്ത് നടുവൊടിഞ്ഞ സാധാരണക്കാരുടെ ജീവിത നിലവാരത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കിയില്ല. കൂടാതെ തൊ­ഴിലന്വേഷണം മടുത്ത് അന്വേഷണം തന്നെ ഉപേക്ഷിച്ചവരുടെ എ­ണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഭാഗമായ ആഗോള സമ്പദ് വ്യവസ്ഥിതിയിലെ മാന്ദ്യം സഹാനുഭൂതിയോടെ നേരിടാൻ, ബേണി സാൻഡേഴ്സിന്റെ ഭാഷയിൽ പറഞ്ഞാൽ, നുണപറയൽ രോഗമായി മാറിയ ട്രംപിനു കഴിയുമെന്ന് കരുതുക വയ്യ.

നിലപാടുകളില്ലാത്ത രാഷ്ട്രീയം

ജനപ്രിയ രാഷ്ട്രീയമാണ് ട്രംപിന്റേതെന്ന് മാധ്യമങ്ങൾ പൊതുവെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നിയതമായ ഒരു രാഷ്ട്രീയ നിലപാട് ട്രംപിനില്ല. വലതുപക്ഷ ജനപ്രിയ രാഷ്ട്രീയം തന്റെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഫലപ്രദമായി ഉപയോഗിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് രക്ഷപ്പെട്ടത്. ഹിലരിയുടെ “വരേണ്യ” ഭൂതകാലവും ഒരു കാരണമായി. എല്ലാ രാഷ്ട്രീയ നേതാക്കൾക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിന് താൻ പണം നല്കാറുണ്ടെന്നും, തന്റെ ഭൂമി-വസ്തു ഇടപാട് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഈ നിഷ്പക്ഷ നിലപാട് സഹായിച്ചിട്ടുണ്ടെന്നും ട്രംപ് അഭിമാനപൂർവം റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേക്കേറുന്നതിനുമുമ്പ് പറയുമായിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ പറയുന്നതിൽ ട്രംപിന് ഒരു വൈമുഖ്യവുമില്ല. റിപ്പബ്ലിക് പാർട്ടിയുടെ തന്നെ പ്രഖ്യാപിത നിലപാടുകളായ ആഗോള വാണിജ്യം, നാറ്റോയുമായുള്ള ബന്ധം, റഷ്യയോടുള്ള വിരോധം തുടങ്ങിയ നിലപാടുകൾ നിരവധി അവസരങ്ങളിൽ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുണ്ട്. ഒരേ സമയം സൈനികരെ പുകഴ്ത്തുന്നതിനും നിന്ദിക്കുന്നതിനും ഒരു മടിയുമില്ല. ഡെമോക്രാറ്റുകളോടുള്ള വിരോധംകൊണ്ട് മാത്രം ഇതെല്ലാം സഹിക്കുകയാണ് പല റിപ്പബ്ലിക്കൻ നേതാക്കന്മാരും. ട്രംപിന്റെ കാബിനറ്റിലും വൈറ്റ് ഹൗസിലും പ്രവർത്തിച്ച പ്രമുഖർ മുതൽ സാധാരണ ഉദ്യോഗസ്ഥർ വരെയുള്ളവരുടെ പിന്നീടുള്ള അഭിപ്രായം ശ്രദ്ധിച്ചാൽ അത് മനസ്സിലാകും.

നിയമവാഴ്ച്ചയും പൊലീസും പട്ടാളവും

പൊലീസിനേയും, പട്ടാളത്തേയും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുക എന്നത് പൊതുവെ അമേരിക്കൻ രാഷ്ട്രീയ നേതൃത്വത്തിന്റേയും വിശിഷ്യാ ട്രംപിന്റേയും പൊതു സ്വഭാവമാണ്. സൈനികനെ ബഹുമാനിക്കുക, സൈന്യത്തെ നിയന്ത്രിക്കുക, യുദ്ധത്തെ വെറുക്കുക എന്ന ജനാധിപത്യബോധത്തിന്റെ കാതൽ ട്രംപിന്റെ നിഘണ്ടുവിൽ ഇല്ലെന്ന് എല്ലാവർക്കും അറിയാം. 2016‑ലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ “ട്രംപ് കാർഡ്” കുടിയേറ്റവും മതിലും ആയിരുന്നുവെങ്കിൽ ഇത്തവണ നിയമവാഴ്ച്ചയും പൊലീസും ആണ്.

ചരിത്രപരമായ കാരണങ്ങളാലും വ്യവസ്ഥാപിത ഭരണകൂട ഉപകരണങ്ങളുടെ പക്ഷപാതിത്വത്താലും മർദ്ദനമനുഭവിക്കുന്ന കറുത്ത‑ദരിദ്ര വർഗ്ഗക്കാരോട് അനുഭാവം പ്രകടിപ്പിക്കുന്ന സമരങ്ങളോടും ട്രംപിന് പുച്ഛമത്രെ! 99 ശതമാനത്തിന്റെ സമാധാന, പ്രതിഷേധ സമരങ്ങളെ, ഒരു ശതമാനത്തിന്റെ ആക്രമസമരത്തിന്റെ അളവുകോലുകൊണ്ടാണ് ട്രംപ് അളക്കുന്നത്. ഫാസിസ്റ്റ്-വംശീയ പ്രകടനങ്ങളേയും, നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളേയും ഒരേ ത്രാസ്സിൽ തൂക്കി ഇരുവശത്തും നല്ലവരുണ്ടെന്ന് പ്രഖ്യാപിക്കും. “ബ്ലാക്ക് ലൈഫ് മാറ്റർ”-നെ “ബ്ലു ലൈഫ് മാറ്റർ” കൊണ്ട് പ്രതിരോധിക്കും. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, അസത്യ‑അർദ്ധസത്യങ്ങൾ പ്രചരിപ്പിച്ച്, ജനങ്ങളെ വിഭജിച്ച് അധികാരം നിലനിർത്തുന്നതിന് ഏതറ്റംവരെയും പോകാൻ മടിയില്ലാത്ത നേതാവാണ് ട്രംപെന്ന് നാലുവർഷത്തെ ഭരണംകൊണ്ട് തെളിഞ്ഞിരിക്കുന്നു. (അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.