October 2, 2022 Sunday

Related news

September 15, 2022
July 24, 2022
May 18, 2022
March 29, 2022
December 15, 2021
November 5, 2021
August 21, 2021
August 5, 2021
July 11, 2021
May 19, 2021

തൊഴിൽ നിയമങ്ങൾ റദ്ദാക്കൽ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കും

പ്രത്യേക ലേഖകൻ
ന്യൂഡൽഹി
May 16, 2020 8:36 pm

കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന പേരിൽ തൊഴിൽ നിയമങ്ങൾ റദ്ദാക്കാനുള്ള വിവിധ സംസ്ഥാനങ്ങളുടെ തീരുമാനം സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കും. കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെയാണ് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങൾ ആയിരം ദിവസത്തേയ്ക്ക് റദ്ദാക്കാൻ തീരുമാനിച്ചത്. ഉത്തർപ്രദേശ് തൊഴിൽ നിയമങ്ങൾ മൂന്ന് വർഷത്തേയ്ക്ക് റദ്ദാക്കിയപ്പോൾ മധ്യപ്രദേശ് സർക്കാർ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്സ് ആക്ട്, ഫാക്ടറീസ് ആക്ട് എന്നിവ 1000 ദിവസത്തേയ്ക്ക് റദ്ദാക്കി.

രാജ്യത്ത് ഇപ്പോഴുള്ള തൊഴിൽ നിയമങ്ങളാണ് വിദേശനിക്ഷേപം വരുന്നതിനുള്ള പ്രധാന തടസമെന്ന നവഉദാരവൽക്കരണ നയങ്ങളുടെ ചുവടുപിടിച്ചാണ് വിവിധ സംസ്ഥാനങ്ങളുടെ തീരുമാനം. എന്നാൽ പ്രധാനപ്പെട്ട തൊഴിൽ നിയമങ്ങൾ റദ്ദാക്കി സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കങ്ങൾ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്.

സംഘടിത ഉൽപ്പാദന മേഖലയിലെ കരാർ ജീവനക്കാരുടെ എണ്ണം 2000–01ൽ 15.59 ശതമാനം ആയിരുന്നത് 2015–16ൽ 27.9 ശതമാനമായും 2018ൽ 41.3 ശതമാനമായും വർധിച്ചു. ഇതേ കാലഘട്ടത്തിൽ നേരിട്ട് തൊഴിലാളികളെ നിയമിക്കുന്ന രീതി 61.26 ശതാമനത്തിൽ നിന്നും 50.44 ശതമാനമായി കുറഞ്ഞു. ഏജൻസികൾ വഴി തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലൂടെ വേതന വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ തൊഴിലുടമയോട് ഉന്നയിക്കാൻ കഴിയില്ല. ഏജൻസികൾ മുഖാന്തരം നിയമിക്കുന്ന തൊഴിലാളികളുടെ വേതനത്തിൽ പ്രതിവർഷം കേവലം 1.92 ശതമാനം വർധന മാത്രമാണ് വരുത്തുന്നത്. ഇതിന്റെ ഭാഗമായി തൊഴിലുടമകൾക്ക് വൻതോതിൽ ലാഭം നേടാൻ കഴിയുന്നു.

200–01 ലെ കണക്കുകൾ പ്രകാരം കരാർ ജീവനക്കാരില്ലാത്ത സ്ഥാപനങ്ങൾ 80 ശതമാനമായിരുന്നു. 2013–14ൽ 67 ശതമാനമായി കുറഞ്ഞു. 2018ൽ ഇത് 38.7 ശതമാനമായി വീണ്ടും കുറഞ്ഞു. നൂറിലധികം ജീവനക്കാരുള്ള തൊഴിൽ ശാലകളിൽ കരാർ ജീവനക്കാരുടെ എണ്ണം 200–01ൽ 14.81 ശതമാനമായിരുന്നത് 2018ൽ 63.12 ശതമാനമായി ഉയർന്നു. കരാർ ജീവനക്കാർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കേണ്ടതില്ല. ഇപ്പോൾ വിവിധ വ്യവസായ ശാലകളിൽ ജോലി ചെയ്യുന്നവരിൽ 48 ശതമാനം പേർക്കും ഇപിഎഫ്, ഇഎസ്ഐ തുടങ്ങിയ പദ്ധതി ആനുകൂല്യങ്ങൾ ലഭ്യമല്ല. ജീവനക്കാരുടെ സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളും ഇപ്പോൾ നടക്കുന്നില്ല. 1986ലെ കണക്കുകൾ പ്രകാരം 63 ശതമാനം സ്ഥാപനങ്ങളിൽ പരിശോധന നടന്നിരുന്നുവെങ്കിൽ 2008ൽ ഇത് 17.8 ശതമാനവും 2018ൽ ഇത് 7.6 ശതമാനവുമായി കുറഞ്ഞു.

കോർപ്പറേറ്റുകളും സർക്കാരുമായുള്ള രഹസ്യ ബാന്ധവത്തെ തുടർന്ന് ട്രേഡ് യൂണിയനുകളുടെ സാന്നിധ്യം അപ്രസക്തമാകുന്നു. മോഡി സർക്കാർ അധികാരത്തിൽ എത്തിയശേഷം ഇതിന്റെ ആക്കം ഗണ്യമായി വർധിച്ചു. ഈ സാഹചര്യത്തിൽ തൊഴിൽ നിയമങ്ങൾ നിലവിലുള്ളപ്പോഴും തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്യുന്ന സമീപനാണ് കോർപ്പറേറ്റുകൾ സ്വീകരിക്കുന്നത്. അതിനിടെയാണ് കൊറോണ പ്രതിസന്ധി മറികടക്കാനെന്ന പേരിൽ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയ നടപടി. നേരത്തെ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെയാണ് തൊഴിൽ നിയമങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടുകൾ കോർപ്പറേറ്റുകൾ സ്വീകരിച്ചത്. എന്നാൽ കൊറോണ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും സംസ്ഥാനങ്ങൾ തന്നെ തൊഴിൽ നിയമങ്ങളെ കാറ്റിൽപ്പറത്തുകയാണ്.

Eng­lish sum­ma­ry; The repeal of labor laws would adverse­ly affect eco­nom­ic growth

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.